അടൂർ: പോപ്കോണ്‍ ഉണ്ടാകുന്നത് എങ്ങനെയാണെന്ന ആര്യന്റെ സംശയത്തില്‍ നിന്നുരുത്തിരിഞ്ഞ ആശയമാണ് ചോളകൃഷിയില്‍ എത്തിച്ചേര്‍ന്നത്. അടൂർ നെല്ലിമുകൾ അരുൺ നിവാസിൽ അരുൺ-അശ്വതി ദമ്പതികളുടെ മക്കളാണ് ആര്യനും അനുജന് അര്‍ജുനും. പോപ്കോണ്‍ കഴിക്കുന്നത് ആര്യനും അര്‍ജുനും ഏറെ ഇഷ്ടമായിരുന്നു. അങ്ങനെയിരിക്കെ അമ്മയോട് ഒരുദിവസം ആര്യന് സംശയം ചോദിക്കുകയും ഇത് ഉണ്ടാകുന്നത് ഏത് ചെടിയില്നിന്നുമാണെന്ന വിവരങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു.
ഇരുവര്‍ക്കും മുണ്ടപ്പള്ളി ഗവ. എല്‍.പി.എസിലെ പ്രധാനാധ്യാപിക തുളസിയുടെ പച്ചക്കറി കൃഷിത്തോട്ടത്തിന്റെ പരിപാലനപരിചയവുമുണ്ട്. കുട്ടികളുടെ താൽപര്യം കണ്ടപ്പോള്‍ അച്ഛനും ചെറിയ കൗതുകം തോന്നി. ഒടുവില്‍ മുണ്ടപ്പള്ളി ക്ഷീരോൽപാദക സഹകരണസംഘത്തില്‍നിന്ന് ചോളവിത്തുകള്‍ ലഭിച്ചു.
തുടര്‍ന്ന് കുട്ടികള്‍ക്കൊപ്പം ചോളം നടാനുള്ള തത്രപ്പാടിലായി അച്ഛനും. യുട്യൂബില്‍ ചോളകൃഷിയുടെ രീതികള്‍ മനസ്സിലാക്കി. തരിശ്ശുകിടന്ന 10 സെന്റ് ഭൂമി ഉഴുതുമറിച്ച് ചോളവിത്തുകള്‍ അച്ഛനും അമ്മക്കുമൊപ്പം നിരയായി പാകി ആര്യനും അർജുനും. ഏറെ ഇഷ്ടത്തോടെയും കൗതുകത്തോടെയും കൃഷിചെയ്ത ചോളകൃഷി ബാലകര്ഷകരെ നിരാശരാക്കിയില്ല. എല്ലാം വളര്‍ന്ന് ചോളമായി. വിളവെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം. ആര്യന് മുണ്ടപ്പള്ളി ഗവ. എല്‍.പി.എസിലെ മൂന്നാം ക്ലാസ് വിദ്യാർഥിയും അര്ജുന് എൽ.കെ.ജി വിദ്യാര്‍ഥിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.