അമ്പലപ്പുഴ: കൊയ്ത്തുപാട്ടിെൻറ ഈണം മറക്കാത്ത കുഞ്ഞുമോന് കൊയ്ത്തരിവാള് പുത്തരിയല്ല. തന്നെ ഇത്രത്തോളം എത്തിച്ച മണ്ണിനെയും നെല്ലിനെയും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുകയാണ് ഈ തഹസില്‍ദാര്‍. ആലപ്പുഴ കലക്ടറേറ്റിലെ റവന്യൂ വിഭാഗം തഹസില്‍ദാര്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാര്‍ഡില്‍ സൗപര്‍ണികയില്‍ സജീവന് (കുഞ്ഞുമോന്) കൃഷിയിടം ഹൃദയമാണ്. കാലംതെറ്റിയെത്തിയ മഴയില്‍ കുതിര്ന്നുവീണ നെല്ല് നശിക്കുന്നത് കാണാനാകുന്നില്ല. യന്ത്രം ഇറങ്ങിയാല്‍ നെല്ക്കതിര് ചളിയില്‍ താഴ്ന്ന് പോകും. കൊയ്യാൻ തൊഴിലാളികളെയും കിട്ടാനില്ല. ഒടുവില്‍ മുന്‍ ജില്ല പഞ്ചായത്ത് അംഗവും നിലവില്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗവുമായ ഭാര്യ കുഞ്ഞുമോളുമൊത്ത് അരിവാളുമായി സജീവന് പാടത്തിറങ്ങി.
പുന്നപ്ര വെട്ടിക്കരി പാടശേഖരത്തില്‍ മൂന്നര ഏക്കര്‍ നിലമാണ് സജീവനുള്ളത്. കൊയ്യാന്‍ പാകമായപ്പോള്‍ അപ്രതീക്ഷിതമായി പെയ്ത മഴയില്‍ നെല്‍ച്ചെടികള്‍ നിലംപൊത്തി. പകുതിയോളം കിളിര്‍ത്ത് നശിച്ചു. ബാക്കിയുള്ളത് കൊയ്ത് കരക്കെടുക്കാന്‍ ആരെയും കിട്ടിയില്ല. ഒടുവിലാണ് ഇരുവരും പാടത്തിറങ്ങിയത്. അടിഞ്ഞ നെല്‍ക്കതിരുകള്‍ അരിവാള്‍ത്തുമ്പില്‍ കോരിയെടുത്താണ് ഒരാഴ്ചകൊണ്ട് മൂന്നേക്കര്‍ നിലം കൊയ്െതടുത്തത്. കറ്റകള്‍ തലച്ചുമടായി 200 മീറ്ററോളം ഇടുങ്ങിയ വരമ്പിലൂടെ നടന്നുവേണം കരക്കെത്തിക്കാന്‍. ഇരുവരും ചേര്‍ന്നാണ് കറ്റകള്‍ കരക്കെത്തിച്ചത്.
പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ചവരാണ് സജീവനും കുഞ്ഞുമോളും. പഠിക്കുമ്പോഴും മാതാപിതാക്കളെ സഹായിക്കാനും കൊയ്യാനും ഇരുവരും പോകുമായിരുന്നു. ക്ഷീരകര്ഷകന് കൂടിയാണ് സജീവന്. വില്ലേജ് ഓഫിസറായി ജോലി ചെയ്യുമ്പോഴും കിട്ടുന്നസമയം കൃഷിയിലായിരുന്നു താല്പര്യം. വീട്ടുവളപ്പില്‍ അത്യാവശ്യം പച്ചക്കറി കൃഷിയുമുണ്ട്. എസ്.ഡി കോളജിലെ ബി.എസ്സി രണ്ടാം വര്‍ഷ വിദ്യാർഥിനിയായ മകള്‍ അഭിമന്യയാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. കര്‍ഷകനായി അറിയപ്പെടുന്നതാണ് ഏറെ താല്പര്യമെന്നാണ് അദ്ദേഹം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.