പുൽപള്ളി: കർണാടക മോഡൽ ഇഞ്ചികൃഷിയുമായി വയനാട്ടിലെ കർഷകരും. ഉയർന്ന പാട്ടത്തുകയും വർധിച്ച കൂലിച്ചെലവുകളും ലോക്ഡൗണിനെ തുടർന്ന് അയൽസംസ്ഥാനങ്ങളിലേക്ക് പോയിവരാനുള്ള ബുദ്ധിമുട്ടുമാണ് കർഷകരെ ഇവിടെതന്നെ കൃഷിയിറക്കാൻ േപ്രരിപ്പിക്കുന്ന പ്രധാന ഘടകം.
കർണാടകയിൽ വയനാട്ടിലെ കർഷകർ ഇഞ്ചികൃഷി ആരംഭിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്നാൽ, സമീപകാലത്തായി സ്വദേശികൾ കൂടുതൽ ഇഞ്ചികൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. പാട്ടത്തുകയും മറ്റും വർധിച്ചു. ഒരേക്കർ സ്ഥലത്തിന് ഒരു ലക്ഷവും അതിന് മുകളിലുമാണ് പലയിടത്തും നൽകേണ്ടിവരുന്നത്.
രണ്ടു വർഷമായി ഇഞ്ചിക്ക് കാര്യമായ വിലയുമില്ല. ഇഞ്ചിയിറക്കിയ കർഷകർതന്നെ പ്രതിസന്ധികൾക്ക് നടുവിലാണ്. ഈ ഒരു സാഹചര്യത്തിലാണ് കർഷകർ വയനാട്ടിൽതന്നെ കൃഷി കൂടുതലായി ആരംഭിക്കാൻ തുടങ്ങിയത്. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ നാണ്യവിളകൃഷികൾ നശിച്ച തോട്ടങ്ങളിലെല്ലാം ഇത്തവണ ഇഞ്ചികൃഷിയും ഇടംപിടിച്ചു. സ്വന്തം കൃഷിയിടങ്ങളിലാണ് മിക്കവരുടെയും കൃഷി.
കർണാടകയിൽ കൃഷിയിറക്കുന്ന അതേരീതിയിൽതന്നെയാണ് ഇവിടെ മിക്കവരും കൃഷി ചെയ്തിരിക്കുന്നത്. നല്ല വെയിലേറുള്ള പ്രദേശങ്ങളിൽ ജലസേചനസൗകര്യവും ഒരുക്കിയിട്ടുണ്ട്. കൃത്യസമയത്ത് വളപ്രയോഗവും കളനശീകരണവും എല്ലാം നടത്തുന്നു. മികച്ച ഉൽപാദനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കൃഷിയിറക്കിയ കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.