പയ്യന്നൂർ: മഞ്ഞളിപ്പ് രോഗബാധമൂലം കർഷകർ കമുകുകൾ വ്യാപകമായി മുറിച്ചു മാറ്റുന്നു. ജില്ലയിൽ രോഗബാധ വ്യാപകമായുണ്ടെങ്കിലും കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് കമുകുകൾ വ്യാപകമായി നശിക്കുന്നത്. ചെറുവിച്ചേരിയിലെ പൊതുപ്രവർത്തകൻ പി.കെ. കൃഷ്ണന്റെ രണ്ട് ഏക്കർ സ്ഥലത്തെ 600 കമുകുകളാണ് മുറിച്ചു മാറ്റുന്നത്. തോട്ടത്തിൽ കഴിഞ്ഞവർഷം കൃഷി വകുപ്പ് നിർദേശിച്ച മരുന്നുകൾ നൽകിയിട്ടും പരിഹാരമില്ലാത്തതിനെ തുടർന്നാണ് മുറിച്ചുകളയുന്നതെന്ന് കൃഷ്ണൻ പറയുന്നു.
രോഗം ബാധിച്ച കമുകിന്റെ ഓലകൾ ആദ്യം മഞ്ഞ നിറത്തിലാകുകയും പിന്നീട് കരിഞ്ഞുണങ്ങുകയുമാണ് ചെയ്യുന്നത്. ക്രമേണ കമുക് പൂർണമായും നശിക്കുന്നു. അടക്കക്ക് നല്ല വില ലഭിക്കുന്നതിനാൽ കമുക് കൃഷിചെയ്യുന്ന കർഷകരുടെ എണ്ണം കൂടുതലാണ്. അതുകൊണ്ട് രോഗം പടരുന്നത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ തന്നെ തകിടം മറിക്കും. രോഗബാധ വ്യാപിക്കുന്നതിനാൽ കമുക് കൃഷി ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞു വരുകയാണ്.
മറ്റു കൃഷികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ കമുക് കൃഷിക്ക് ലഭിക്കാത്തതും കൃഷി ചെയ്യുന്നതിൽനിന്നു കർഷകരെ പിന്തിരിപ്പിക്കുന്നു. ഇപ്പോൾ അടക്കക്ക് മാത്രമാണ് വിപണിയിൽനിന്ന് ന്യായവില ലഭിക്കുന്നത്. ഈ കൃഷിയാണ് പൂർണമായും ഇല്ലാതാവുന്നത്.
കമുക് കൃഷി സംരക്ഷിക്കുന്നതിനോ രോഗവ്യാപനം തടയുന്നതിനോ ഉള്ള ശാസ്ത്രീയ നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും കർഷകർ പറയുന്നു. രോഗം അതിവേഗമാണ് പടരുന്നത്. ഒരെണ്ണത്തിന് ബാധിച്ചാൽ അതിവേഗം മറ്റുള്ളവയിലേക്കു കൂടി പകരുന്നു. രോഗബാധ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരോടും പ്രശ്നം നേരിട്ട് പറഞ്ഞിരുന്നു.
എന്നാൽ മൂന്നു വർഷമായിട്ടും പരിഹരിക്കാൻ സാധിച്ചിട്ടില്ല. മണ്ണു പരിശോധന ഉൾപ്പെടെ നടത്തിയെങ്കിലും രോഗബാധ തടയാനാവുന്നില്ല. കമുകുകൾ മുറിച്ചു കളഞ്ഞ് ഒരു വർഷം തരിശിട്ട ശേഷം പുതിയ തൈകൾ വെച്ചു പിടിപ്പിക്കാനാണ് നിർദേശം. ഇതോടെയാണ് കർഷകർ വ്യാപകമായി മുറിച്ചു മാറ്റാൻ തുടങ്ങിയത്. കൃഷി നശിച്ച കർഷകരെ സഹായിക്കാൻ സർക്കാറുകൾ ഇടപെടലുകൾ നടത്തണമെന്നും സാമ്പത്തിക സഹായങ്ങൾ നൽകണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.