പഠനത്തിൽ മാത്രമല്ല, പാടത്തും പറമ്പിലും സജീവമാണ് നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികളും അധ്യാപകരും. ക്ലാസ് മുറികൾക്കപ്പുറത്തേക്കും ഏറെ പഠിക്കാനുണ്ട് ഇവിടത്തെ വിദ്യാർഥികൾക്ക്. കോവിഡ് കാലത്താണ് ‘ഗ്രീൻ പോസിറ്റിവ്’ എന്ന് പേരിട്ട കാര്‍ഷിക പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഏഴ് ഏക്കറിലായി ഒരു വര്‍ഷം 10 ടണ്ണിലധികം അരി ഉൽപാദിപ്പിക്കുന്നുണ്ട് ഇപ്പോൾ ഇവിടെ. 28 ഇനം നെല്ലിനങ്ങൾ ഇക്കൂട്ടത്തിലുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

നെല്ലും മത്സ്യവും പച്ചക്കറിത്തോട്ടവും

ഇവിടെ ഉൽപാദിപ്പിച്ച വിത്തുകൾ കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം നടക്കുന്ന കാർഷിക എക്സിബിഷനുകളിൽ പ്രദർശിപ്പിക്കാറുമുണ്ട്. നെൽകൃഷി കൂടാതെ, മത്സ്യകൃഷിയും പഴത്തോട്ടവും ചേന, ചേമ്പ് തുടങ്ങി വിവിധയിനം പച്ചക്കറി കൃഷികളുമെല്ലാം വിദ്യാർഥികളുടെയും അധ്യാപകരുടെയും അയൽവാസികളുടെയും കൂട്ടായ്മയിൽ ഇവിടെ സജീവമാണ്. 30 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കാമ്പസിന്റെ സ്ഥലംതന്നെയാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.

രണ്ടു വർഷമായി പൂ കൃഷിയുമുണ്ട് കാമ്പസിൽ. സീസണിൽ ആഴ്ചയിലൊരിക്കൽ കാമ്പസില്‍ ‘മകഴ്ചി ചന്ത’ എന്ന പേരിൽ ഓപൺ മാർക്കറ്റും ഇവിടെ ഒരുക്കാറുണ്ട്. ക്ലാസ് കഴിഞ്ഞു പോകുന്ന കുട്ടികളും അധ്യാപകരും അവർതന്നെ വിയർപ്പൊഴുക്കി ഉൽപാദിപ്പിച്ച വിഷരഹിത പച്ചക്കറികളും കാർഷിക വിഭവങ്ങളും വാങ്ങി വീട്ടിലേക്ക് മടങ്ങുന്നത് കോളജിന്റെ കൗതുകക്കാഴ്ചതന്നെയാണ്. കോളജിൽ പ്രവർത്തിക്കുന്ന അഗ്രികൾചർ ക്ലബാണ് ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

പുതുതലമുറക്ക് മണ്ണിൽ പണിയെടുക്കുന്നതിന്റെ മൂല്യവും അധ്വാനത്തിന്റെ വിലയും മനസ്സിലാക്കിക്കൊടുക്കാനും കാർഷിക മേഖലയോട് ആഭിമുഖ്യം ഉണ്ടാക്കാനുമാണ് പഠനത്തോടൊപ്പം കാർഷിക പദ്ധതിയിലൂടെ നീലഗിരി കോളജ് ലക്ഷ്യമിടുന്നതെന്ന് കോളജ് സെക്രട്ടറിയും ഭാരതീയാർ യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ ഡോ. റാഷിദ്‌ ഗസ്സാലി പറയുന്നു. ​

10 മണിക്കൂർ കൃഷി പരിചയം

അഞ്ചു വർഷമായി ‘ഗ്രീൻ പോസിറ്റിവ്’ കാർഷിക പദ്ധതിയുമായി മുന്നോട്ടു പോകുമ്പോൾ അതിന് വിദ്യാർഥികളിൽനിന്നും നാട്ടുകാരിൽനിന്നും അക്കാദമിക മേഖലയിൽനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വർഷത്തിൽ 10 മണിക്കൂർ കൃഷി പ്രവൃത്തി പരിചയത്തിലൂടെ വിദ്യാർഥികളെ ജൈവ കൃഷിയിലേക്കും അനുബന്ധ കാര്യങ്ങളിലേക്കും ഇഴുകിച്ചേർക്കുകകൂടിയാണ് നീലഗിരി കോളജ്. നാക് റാങ്കിങ്ങിൽ ഉയർന്ന ഗ്രേഡ് ആയ ‘എ++’ ലഭിച്ചതിൽ ഈ പദ്ധതികൾ വലിയ പങ്കുവഹിച്ചിരുന്നു. ഈ വർഷം മുതൽ ഓട്ടോണമസ് എന്ന പദവിയോടെ പ്രവർത്തിക്കുന്ന കോളജ് അക്കാദമികരംഗത്ത് മികച്ച മുന്നേറ്റമാണ് ഉണ്ടാക്കുന്നത്.

പഠന മികവിനൊപ്പം ആസ്വദിച്ചും രുചിച്ചും, കൃഷിപാഠവും വിദ്യാർഥികൾ സ്വായത്തമാക്കുമ്പോൾ പുതുതലമുറക്ക് മഹത്തായ പാരമ്പര്യത്തിന്റെ സന്ദേശംകൂടി നൽകുകയാണ് നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജ് മാനേജ്മെന്റ്.

Tags:    
News Summary - Green positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.