അബ്ദുല്‍ ഷുക്കൂർ തന്റെ ക​ൃഷിയിടത്തിൽ

നൂറുമേനി വിളവിലെ ഹാട്രിക്​

മൂന്നാംകൊല്ലവും അബ്ദുല്‍ ഷുക്കൂറിന്‍റെ ജൈവ കൃഷിക്ക് നൂറുമേനിയാണു വിളവ്. കാസര്‍കോട് കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് സ്വദേശിയായ ഷുക്കൂര്‍ 32 വര്‍ഷമായി പ്രവാസിയാണ്. ഇക്കാലയളവില്‍ വിവിധ ജോലികള്‍ ചെയ്‌തെങ്കിലും സ്വല്‍പമെങ്കിലും കൃഷി ചെയ്യാന്‍ മണ്ണ് ലഭിച്ചാല്‍ അവിടെ വിത്ത് വിതയ്ക്കും. ഫ്‌ളാറ്റ് നോട്ടക്കാരനായി അബൂദബി മുസഫ ഷാബിയ 12ല്‍ എത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായി. കുറേയേറെ സ്ഥലമാണ് കെട്ടിടത്തിനരികിലായി ലഭിച്ചത്. ഈ വര്‍ഷത്തെ ശൈത്യകാലം അകന്നുകൊണ്ടിരിക്കേ, ഷുക്കൂറിന്‍റെ കൃഷിയിടം വിവിധയിനം ഫലങ്ങളും പച്ചക്കറികളുംകൊണ്ട് നിറഞ്ഞിട്ടുണ്ട്. തക്കാളി, പച്ചമുളക്, പയര്‍, അമര, ചീര, വെണ്ട, വഴുതന, വെള്ളരി, പാവയ്ക്ക, മത്തന്‍, കുമ്പളം, പടവലം, കോവയ്ക്ക, കറിവേപ്പില, വാഴ, മാവ്, കപ്പ, മുരിങ്ങ, തുളസി, കന്നിക്കൂര്‍ക്ക, ഞൊട്ടാഞൊടിയന്‍ (മുട്ടാമ്പുള്ളി) തടങ്ങി ഇവിടെ വിളയാത്ത പച്ചക്കറികളും ഔഷധ സസ്യങ്ങളും വളരേ കുറവാണ്. കാര്‍ഷിക കുടുംബാംഗമായ ഷുക്കൂറിന് കുഞ്ഞുനാളില്‍ ഉള്ളില്‍കയറിയ കൃഷിപാഠമാണ് മരുഭൂമിയിലെ പ്രതികൂല കാലാവസ്ഥയിലും സഫലമായത്. ഇവിടെ ഉല്‍പാദിപ്പിച്ച ജൈവ പച്ചക്കറികളും വിത്തുകളും സൗജന്യമായി വിതരണം ചെയ്ത് മലയാളികളെയും മറുനാട്ടുകാരെയും കൃഷി ചെയ്യാന്‍ ഇദ്ദേഹം പ്രേരിപ്പിക്കുന്നു.

പരിമിതികളെ അവസരമാക്കി മരുഭൂമിയില്‍ ജൈവ കൃഷി പ്രചരിപ്പിക്കുന്നവരില്‍ മാതൃകയാണ് ഷുക്കൂര്‍. താന്‍ നോക്കുന്ന കെട്ടിടത്തിലെ താമസക്കാര്‍ക്കും അയല്‍വാസികള്‍ക്കും വഴി യാത്രക്കാര്‍ക്കുമെല്ലാം ഷുക്കൂറിന്‍റെ കൃഷിത്തോട്ടത്തിലെ ഫലങ്ങള്‍ പറിച്ചെടുക്കാം. ജൈവ പച്ചക്കറിയുടെ സ്വാദ് ഒരിക്കല്‍ അറിഞ്ഞവര്‍ അടുത്ത വിളവെടുപ്പിനായി കാത്തിരിക്കും. അങ്ങിനെയാണ് മൂന്നാംവര്‍ഷവും കൃഷിയിറക്കിയത്. ചൂട് ആയി വരുന്നതിനാല്‍ ഇനി കുറച്ചു നാളത്തേക്ക് കോവക്ക കൃഷിയിലാവും ശ്രദ്ധ. അല്‍ ഐനില്‍ നിന്ന് 500 ദിര്‍ഹം മുടക്കിയാണ് മണ്ണ് എത്തിച്ചത്. ഒരിക്കെ മഴ പെയ്തപ്പോള്‍ വാട്ടര്‍ ടാങ്ക് പൊട്ടി മണ്ണെല്ലാം ഒലിച്ചു പോയി. എന്നിട്ടും പിന്‍മാറാന്‍ തയാറായില്ല. വീണ്ടും മണ്ണൊരുക്കി. അബൂദബി മിന മാര്‍ക്കറ്റില്‍ നിന്നാണ് കൃഷിക്കാവശ്യമായ വളം എത്തിക്കുന്നത്. സ്‌പോണ്‍സര്‍ ഫാത്തിമ അലി സഈദും കെട്ടിടത്തിലെ താമസക്കാരും പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്.


വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നാട്ടില്‍പോയി വരുമ്പോള്‍ ഷുക്കൂറിനായി വിത്തും ചെടികളുമെല്ലാം എത്തിക്കുന്നു. തൃശൂര്‍ സ്വദേശിയായ ഡോക്ടര്‍ ദമ്പതികള്‍ നല്‍കിയ വാഴ കന്ന് വളര്‍ന്നു വലുതായിരിക്കുന്നു. നാട്ടില്‍നിന്ന് ഗുണമേന്മയുള്ള വിത്തുകള്‍ കൊണ്ടുവന്നാണ് കൃഷി. ഇത്തവണ നാട്ടില്‍ പോയി വന്നപ്പോള്‍ 2000 രൂപയ്ക്ക് വിത്ത് വാങ്ങിയിരുന്നു. നാട്ടില്‍ വിളയുന്നതെല്ലാം ഇവിടെയും ഉല്‍പാദിപ്പിക്കാം. നാടന്‍ വെള്ളരിയാണ് കൂടുതല്‍ ഫലം തരുന്നത്. രാഷ്ട്രീയ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഷുക്കൂര്‍ പ്രിയദര്‍ശിനി ആര്‍ട്‌സ് ആൻഡ്​ സ്‌പോര്‍ട്‌സ് ക്ലബ്ബിന്‍റെ അമരക്കാരില്‍ ഒരാളാണ്. മീന്‍പിടിത്തമാണ് ഒഴിവുസമയ വിനോദം. കെ.എസ്.ബ്രിഗേഡ് അംഗമണ്. പച്ചക്കറി തോട്ടം ഒരുക്കി കൊടുക്കാന്‍ ആവശ്യപ്പെട്ടും ചിലര്‍ ഇദ്ദേഹത്തെ സമീപിക്കുന്നുണ്ട്. ജോലിക്കിടെ അതിനു കഴിയാത്തതിനാല്‍ ആവശ്യമയാ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കും. സൈദയാണ് ഷുക്കൂറിന്റെ ഭാര്യ. ഷഹാന റമീസ്, ഷംന റിഷാദ്, ഷമ്മാസ് മക്കളാണ്.

Tags:    
News Summary - Hatrick in successful farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.