പഴയങ്ങാടി: കേരളത്തിലെ പ്രമുഖ ഇടനാടൻ ചെങ്കൽക്കുന്നും ജൈവവൈവിധ്യങ്ങളുടെ കലവറയുമായ മാടായിപ്പാറ ഇപ്പോൾ പൂർണമായും സ്വർണവർണത്തിലാണ്. നീലപ്പൂവിന്റെയും ചൂതിന്റെയും സാന്നിധ്യത്തിൽ നീലിമയും വെള്ളയും പുതച്ചുനിൽക്കുന്ന മാടായിപ്പാറക്ക് മൺസൂൺ കാലങ്ങളിൽ ഹരിത നിറമാണ്.
ഋതുഭേദങ്ങൾക്കനുസൃതമായി ദൃശ്യമനോഹാരിത പകർന്നുനൽകുന്ന മാടായിപ്പാറയിൽ നവംബർ മുതൽ മാർച്ച് വരെ ഡൈമേറിയ പുല്ലിന്റെ സാന്നിധ്യമാണ്. 300 ഏക്കറോളം പരന്നുകിടക്കുന്ന മാടായിപ്പാറയിൽ മാർച്ചിലാണ് ഡൈമേറിയ പുൽമേടുകൾ പൂർണ സ്വർണവർണം
പുതച്ചുനിൽക്കുന്നത്.
തിത്തിരിപക്ഷികൾ, വാനമ്പാടി എന്നിവ കൂടുനിർമിക്കുന്നത് ഡൈമേറിയ പുൽമേടുകളിലാണ്. റൊട്ടാറിയ മലബാറിക്ക, നിംഫോഡിസ് കൃഷ്ണകേസര, ലെപിഡാഗത്തിലം കേരളൻസിസ്, എറിയോകുലോൺ മാടായിപ്പാറൻസിസ്, കോഎലാചിൻ മാടായിൻസീസ്, പാറസോപുബിയ ഹോഫ്മന്നി തുടങ്ങി മാടായിപ്പാറയിൽ മാത്രം 11 പുതിയയിനം സസ്യങ്ങൾ ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. പ്രധാന പ്രാണിഭോജി സസ്യമായ ഡ്രോസിറ ഇന്റിക്ക ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഇടനാടൻ ചെങ്കൽ കുന്നാണ് മാടായിപ്പാറ.
നെല്ലിപ്പൂ, കാക്കപ്പൂവ് എന്നൊക്കെ അറിയപ്പെടുന്ന യൂട്രിക്കുലേറിയയുടെ ഏഴ് ഇനങ്ങളുണ്ട് മാടായിപ്പാറയിൽ. 666 ഇനം സസ്യങ്ങൾ മാടായിപ്പാറയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 161 എണ്ണം സംസ്ഥാനത്ത് ഇവിടെ മാത്രം കണ്ടുവരുന്ന ഇനങ്ങളും ഒമ്പതെണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്നതുമാണ്. സംസ്ഥാനത്ത് കണ്ടെത്തിയ അഞ്ഞൂറോളം പക്ഷിവർഗങ്ങളിൽ 182 എണ്ണം മാടായിപ്പാറയിലുണ്ട്. 5000 മുതൽ 8000 കിലോമീറ്റർ വരെ പറന്ന് മാടായിപ്പാറയിലെത്തുന്ന ദേശാടനപ്പക്ഷികളിൽ പലതും തിരിച്ചുപോവാതെ മാടായിപ്പാറയിൽ കഴിയുന്നുവെന്നത് ഇവിടം ശ്രദ്ധേയമാക്കുന്ന വിസ്മയമാണ്. നാളിതുവരെ കണ്ടെത്തിയ 327 ഇനം ചിത്രശലഭങ്ങളിൽ 140 ഇനങ്ങളുണ്ട് മാടായിപ്പാറയിൽ.
അനധികൃത കടന്നുകയറ്റവും വാഹന പാർക്കിങ്ങും മാലിന്യ നിക്ഷേപവും മാടായിപ്പാറയിലെ ജൈവ വൈവിധ്യങ്ങൾക്ക് വൻ ഭീഷണിയാണുയർത്തുന്നത്. സാമൂഹികദ്രോഹികൾ തീയിടുന്നത് നിമിത്തം ഏക്കർകണക്കിന് പുൽമേടുകളാണ് ഓരോ വർഷവും കത്തിയമരുന്നത്. അഗ്നിബാധയിൽ അത്യപൂർവ സസ്യങ്ങളും ജീവികളുമാണ് നാശമടയുന്നത്.
ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഞ്ചാരികളെത്തുന്നുണ്ട്. പ്രകൃതിയുടെ ജൈവ സമ്പത്തായ മാടായിപ്പാറ സംരക്ഷിക്കുന്നതിൽ അധികൃതർ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.