നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വ്യാപാരത്തിനായി കേരളക്കരയിലേക്ക് വന്ന അറേബ്യന്‍ വ്യാപാരികള്‍ക്കൊപ്പം അറേബ്യന്‍, മെസപൊട്ടോമിയന്‍ ഇനങ്ങളിൽപെട്ട അവരുടെ ആടുകളുമുണ്ടായിരുന്നു. ഈ ആടുകളും വ്യാപാരികള്‍ വഴിതന്നെ കേരളത്തിലെത്തിയ ജമുനാപാരി, സുര്‍ത്തി തുടങ്ങിയ ഉത്തരേന്ത്യന്‍ ആടു ജനുസ്സുകളും നമ്മുടെ നാട്ടിലുണ്ടായിരുന്ന നാടന്‍ ആടുകളുമായി പല തലമുറകളായി വര്‍ഗസങ്കരണത്തിന് വിധേയമായി ഉരുത്തിരിഞ്ഞ കേരളത്തിന്റെ തനത് ജനുസ്സ് ആടുകളാണ് മലബാറി ആടുകള്‍. വടകര ആടുകൾ, തലശ്ശേരി ആടുകൾ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നതും ഇവ തന്നെ. ഇന്ന് കേരളമാകെയും എന്തിന് തമിഴ്നാട്ടിലേക്കുവരെ മലബാറി ആടുകൾ സമൃദ്ധമായി വ്യാപിച്ചിട്ടുണ്ട്.
പ്രത്യുൽപാദനക്ഷമതയിലും രോഗപ്രതിരോധശേഷിയിലും നമ്മുടെ പ്രാദേശിക കാലാവസ്ഥയോടുള്ള ഇണക്കത്തിലും ഒന്നാമതാണ് മലബാറി ആടുകള്‍. കൂടുതൽ കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നതിനും മാസോൽപാദനത്തിനുമാണ് ഇവ ഏറ്റവും അനുയോജ്യം.
ആട് വളർത്തൽ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ വാങ്ങി വളര്‍ത്താന്‍ ഏറ്റവും ഉത്തമം മലബാറി ആടുകള്‍തന്നെ. മലബാറി പെണ്ണാടുകളെ ബീറ്റല്‍, സിരോഹി, ജമുനാപാരി തുടങ്ങിയ ഉത്തേരേന്ത്യന്‍ ജനുസ്സുകളിൽപെട്ട മുട്ടനാടുകളുമായി പ്രജനനം നടത്തിയുണ്ടാവുന്ന ഒന്നാം തലമുറയിലെ ആട്ടിന്കുട്ടികളും വളര്‍ച്ച നിരക്കിലും മാംസോൽപാദനത്തിലും ഏറെ മികച്ചവയാണ്. മാത്രമല്ല, ജനിതകമേന്മ കുറഞ്ഞ നാടന്‍ ആടുകളുടെ വര്‍ഗമേന്മ ഉയര്‍ത്താന്‍ ഏറ്റവും നല്ലമാർഗം മലബാറി മുട്ടനാടുകളുമായുള്ള പ്രജനനമാണ്.
പ്രായം 8-9 മാസവും ശരീരതൂക്കം 15 - 20 കിലോഗ്രാമും കൈവരിക്കുമ്പോൾ പെണ്ണാടുകളെ ഇണ ചേര്‍ക്കാം. 12 മാസം പ്രായമെത്തുമ്പോൾ മലബാറി ആണാടുകളെ പ്രജനനത്തിനുവേണ്ടി ഉപയോഗിച്ച് തുടങ്ങാം. മേൽത്തരം മലബാറി മുട്ടനാടുകളുടെ ബീജം ഉപയോഗിച്ച് കൃത്രിമ ബീജാധാനം നടത്താനും ഇപ്പോൾ സൗകര്യമുണ്ട്. ആദ്യ പ്രസവത്തിന് 13 -14 മാസം പ്രായം മതി.
ഒരു പ്രസവം കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ വീണ്ടും ഇണചേർക്കാം. രണ്ട് പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള പരമാവധി 7 - 8 മാസമാണ്. ഉയര്‍ന്ന പ്രത്യുൽപാദനക്ഷമതയുള്ള മലബാറി ആടുകള്‍ക്ക് ഒറ്റ പ്രസവത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 50 ശതമാനം വരെയാണ്. മൂന്ന് കുഞ്ഞുങ്ങൾക്കുള്ള സാധ്യത 25 ശതമാനവും നാല് കുഞ്ഞുങ്ങൾ പ്രസവിക്കാനുള്ള സാധ്യത 5 ശതമാനം വരെയുമാണ്. ശാസ്ത്രീയമായി പരിപാലിച്ച് വളര്‍ത്തിയാല്‍ ഓരോ രണ്ട് വര്‍ഷത്തിലും മൂന്ന് പ്രസവങ്ങൾ ലഭിക്കും. പകുതിയിലധികം പ്രസവങ്ങളിലും രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ വീതം ലഭിക്കും എന്നതാണ് മേന്മ.
പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്ണാടുകള്‍ക്ക് ശരാശരി 35 -40 കിലോഗ്രാം വരെയും മുട്ടനാടുകള്‍ക്ക് ശരാശരി 55 - 60 കിലോഗ്രാം വരെയും ശരീരതൂക്കമുണ്ടാകും. മലബാറി ആടുകളിൽ ഓരോ പ്രസവത്തിലെയും പാലുൽപാദനദൈർഘ്യം കുറവാണെങ്കിലും കുറഞ്ഞ കാലയളവിലെ മികച്ച പാലുൽപാദനം കൊണ്ടും അടുത്ത പ്രസവ പ്രക്രിയകൾ പെട്ടെന്നുതന്നെ ആരംഭിക്കുന്നത് കൊണ്ടും ഈ കുറവിനെ മലബാറി ആടുകൾ മറികടക്കുന്നതായി മണ്ണുത്തി വെറ്ററിനറി കോളജിൽ നടത്തിയ പഠനങ്ങൾ വിലയിരുത്തിയിട്ടുണ്ട്.
കർഷകരുടെ സഹകരണത്തോടെ മലബാറി ജനുസ്സ് ആടുകളെ ജനിതകശോഷണം വരാതെ സംരക്ഷിക്കുന്നതിനായി 2001ൽ തുടക്കം കുറിച്ച വെറ്ററിനറി സര്‍വകലാശാലയുടെ മലബാറി ആട് പരിരക്ഷണ പദ്ധതി വിജയകരമായ രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ്. മലബാറി ആടുകളുടെ ഉറവിട പ്രദേശമായി പരിഗണിക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ മേഖലകളെ കർഷകരെയാണ് പദ്ധതി നടപ്പാക്കാനായി തിരഞ്ഞെടുത്തിട്ടുള്ളത്.
പദ്ധതിയുടെ ഭാഗമായി മലബാറി ആടുകളുടെ ഏറ്റവും ഗുണമേന്മയുള്ള ജനിതക ശേഖരത്തെ മണ്ണുത്തി വെറ്ററിനറി കോളജിലെ ആട് വളര്‍ത്തല്‍ കേന്ദ്രത്തില്‍ സംരക്ഷിക്കുന്നുണ്ട്. ആവശ്യാനുസരണം മാതൃപിതൃശേഖരത്തെ കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയും കര്‍ഷകരില്‍നിന്ന് മികച്ച മാതൃപിതൃശേഖരം ഇവിടേക്ക് തിരിച്ചെടുക്കുകയും ചെയ്യുന്നു.
ഇടത്തരം ശരീരവലിപ്പവും വളർച്ചയുമായുള്ളവയാണ് മലബാറി ആടുകൾ. കറുപ്പും വെളുപ്പും തവിട്ടുമൊക്കെയായി വർണവൈവിധ്യമാണ് പ്രധാന സവിശേഷത. ഭൂരിഭാഗം ആണാടുകളിലും ചെറിയ ശതമാനം പെണ്ണാടുകളിലും താടിരോമങ്ങള്‍ കാണാം. ചെറിയ ശതമാനം ആടുകളിൽ കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന തൊങ്ങലുകൾ അഥവ ആടകൾ കാണാം.
പിന്നോട്ട് പിരിഞ്ഞ് വളര്‍ന്ന ചെറിയ കൊമ്പുകളും ഏഴ് എന്ന അക്കത്തിന്റെ മാതൃകയില്‍ മധ്യഭാഗംവരെ നിവർന്നതും ബാക്കി ഭാഗം തൂങ്ങിക്കിടക്കുന്നതുമായ അരയടി മാത്രം നീളമുള്ള ചെവികളും മലബാറി ആടിന്റെ സവിശേഷതയാണ്. കൊമ്പുള്ളതും കൊമ്പില്ലാത്തതും മലബാറി ജനുസ്സിലുണ്ട്. വളരെ നീണ്ട കൊമ്പുകളും ഇഴകളും പിരിവുകളുമുള്ള നീണ്ട ചെവികളും തനത് മലബാറി ആടുകളുടെ ശരീര സവിശേഷതയല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.