മൂവാറ്റുപുഴ: ഇത്തിരി സ്ഥലം പോലും പാഴാക്കാതെ തന്റെ രണ്ടര ഏക്കറിൽ വ്യത്യസ്ത കൃഷികളിലൂടെ ശ്രദ്ധേയയാകുകയാണ് മൃദുല ഹരികൃഷ്ണൻ. പായിപ്ര പഞ്ചായത്ത് ഒന്നാം വാർഡിൽ മനക്കകുടിയിൽ ഹരികൃഷ്ണന്റെ ഭാര്യയായ മൃദുലയെ തേടി മികച്ച യുവകർഷകക്കുള്ള കൃഷി വകുപ്പിന്റെ അവാർഡുമെത്തി. റംമ്പൂട്ടാൻ, മാങ്കോസ്റ്റിൻ, ചാമ്പ, ഡ്രാഗൺ, ജാക്ക് ഫ്രൂട്ട്, മാവ്, കുള്ളൻ വാഴ, കമുക്, തെങ്ങ്, ജാതി തുടങ്ങിയവയെല്ലാം മൃദുലയുടെ കൃഷിത്തോട്ടത്തിലുണ്ട്. ഇതിനു പുറമെ മത്സ്യകൃഷിയും പശുവളർത്തലുമുണ്ട്.
അടുക്കളയും വീടിന്റെ മട്ടുപ്പാവും ഉൾെപ്പടെ കൃഷിക്കായി മൃദുല തെരഞ്ഞെടുത്തിട്ടുണ്ട്. 40 ഇനങ്ങളിൽപ്പെട്ട ജാതികൾ ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. ഡ്രാഗൺ ഫ്രൂട്ടുമുണ്ട് 40 ഇനം. ചക്ക 20 ഇനവും മാവ് 40 ഇനവും ഇവിടെ കാണാം. വിവിധ ഇനം മത്സ്യങ്ങൾ, വെച്ചൂർ പശുക്കൾ, വ്യത്യസ്ത ഇനം പഴവർഗങ്ങൾ എന്നിവയും മൃദുലയുടെ കൃഷിത്തോട്ടത്തെ വേറിട്ടതാക്കുന്നു.
പായിപ്ര കൃഷിഭവന്റെ സഹായത്തോടെ ആധുനിക കൃഷി രീതിയാണ് മൃദുല തെരഞ്ഞെടുത്തിട്ടുള്ളത്. കുട്ടികൾക്കും വീട്ടിലെ പ്രായമായവർക്കും വിഷമില്ലാത്ത പഴവർഗങ്ങളും പച്ചക്കറിയും പാലും മത്സ്യവും നൽകുകയെന്ന ലക്ഷ്യത്തിലായിരുന്നു തുടക്കം. ഭർത്താവ് ഹരിയും മക്കളായ ഗൗരി നന്ദയും അഭിനവ് ഹരിയും കൃഷിക്ക് എല്ലാ സഹായവും പ്രോത്സാഹനവും നൽകുന്നതായി മൃദുല പറഞ്ഞു.
ചെറിയ രീതിയിൽ തുടങ്ങിയ കൃഷി വിപുലപ്പെടുത്തിയതോടെ ഉൽപന്നങ്ങൾക്ക് ആവശ്യക്കാരും എത്തിത്തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.