ചെങ്ങമനാട്: രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ മാത്രമല്ല കൃഷിയിലും സജീവമാണ് ചെങ്ങമനാട് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ നൗഷാദ് പാറപ്പുറം. കാർഷിക ഗ്രാമമായ പുറയാർ മേഖലയിൽ പാട്ടത്തിനെടുത്ത സ്ഥലത്ത് ഏത്തവാഴ കൃഷി ചെയ്തിരുന്ന പിതാവിനെയും ക്ഷീര കർഷകയായ മാതാവിനെയും സഹായിക്കാൻ കൂടിയതോടെയാണ് 18ാം വയസ്സ് മുതൽ നൗഷാദിന് കൃഷിയിൽ താൽപര്യം ജനിച്ചത്. ഹെക്ടർ കണക്കിന് തരിശിടങ്ങളിലെ അടക്കം മാതൃക നെൽകൃഷിക്കും ക്ഷീരമേഖലയിലെ മികവിനും കൃഷിഭവന്റെ അവാർഡും ലഭിച്ചിട്ടുണ്ട്.
പുറയാർ കുറ്റിപ്പാട ശേഖരത്തിൽ 12 ഏക്കറിലും ചാന്തേലിപ്പാടത്ത് അഞ്ച് ഏക്കറിലുമാണ് നൗഷാദ് വിജയകരമായി നെൽകൃഷി നടത്തിയത്. പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ 1000 ഏത്തവാഴ കൃഷി ചെയ്തിരുന്നു. 13ാം വാർഡ് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കൃഷിയെ പാടെ ഉപേക്ഷിക്കാൻ മനസ്സുവന്നില്ല. ക്ഷീരസംഘത്തിൽ ദിവസവും 25 ലിറ്റർ പാൽ നൽകുന്നുണ്ട്. ചെറിയതോതിലാണെങ്കിലും നെൽ, വാഴ കൃഷികളുമുണ്ട്. 50 സെന്റ് സ്ഥലത്ത് കപ്പ കൃഷിയും ആട്, പോത്ത്, കോഴി, താറാവ് അടക്കം വളർത്തുമൃഗങ്ങളും വേറെയും. ചെങ്ങമനാട് സർവിസ് സഹകരണ ബാങ്കും പഞ്ചായത്തിലെ മാതൃക കർഷകനുള്ള അവാർഡ് നൽകി നൗഷാദിനെ ആദരിച്ചിട്ടുണ്ട്. ബാങ്കിന്റെ നെൽകൃഷി പദ്ധതിയിലും സജീവമാണ്. പുറയാർ ക്ഷീരോൽപാദന സഹകരണ സംഘം പ്രസിഡന്റ് കൂടിയായ നൗഷാദ് ചെങ്ങമനാട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റുമാണ്. യുവാക്കളെ അണിനിരത്തി ചതുപ്പ് നിലത്തും തരിശിടങ്ങളിലും ജനകീയ നെൽകൃഷിയും കൊയ്ത്തുത്സവവും നടത്താനും മുൻനിരയിൽനിന്നു. ഭാര്യ: ജസ്ന. മക്കൾ: ആൽഫിയ, ഐഷ നിലൂഫർ, അംന ഫാത്തിമ, മുഹമ്മദ് അസ്വാൻ സൈഫ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.