തൃശൂർ: നെല്ല് സംഭരണ കുടിശ്ശിക വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചെങ്കിലും കർഷകന് ദുരിതം മാത്രം. നെല്ല് സംഭരണത്തിലെ കുടിശ്ശിക വിതരണം ചെയ്യാൻ ബാങ്കുകളുടെ കൺസോർട്യമുണ്ടാക്കിയതിൽ കേരളത്തിന്റെ സ്വന്തം ബാങ്കിനെ ഒഴിവാക്കി. കർഷകർക്ക് അക്കൗണ്ടുള്ള കേരള ബാങ്കിനെ ഒഴിവാക്കിയ കൺസോർട്യത്തിൽ ദുരിതത്തിലായത് കർഷകരാണ്.
ജില്ലയിൽ 144.28 കോടിയാണ് കർഷകർക്ക് ലഭിക്കാനുള്ളത്. ഭൂരിഭാഗം കർഷകരും കേരള ബാങ്കിലെ അക്കൗണ്ടാണ് സപ്ലൈകോ രജിസ്ട്രേഷൻ ഫോറത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
കനറാ ബാങ്ക്, ഫെഡറൽ ബാങ്ക്, എസ്.ബി.ഐ എന്നിവയാണ് കൺസോർട്യത്തിലുള്ളത്. ഇതാണ് കർഷകന് ഇരുട്ടടിയായത്. നേരത്തെ കേരള ബാങ്കുമായുള്ള സപ്ലൈകോയുടെ വായ്പയാണ് ഇതര ബാങ്കുകളിലെ അക്കൗണ്ടിൽനിന്ന് കേരള ബാങ്കിലേക്ക് മാറ്റിയത്.
ഇപ്പോൾ തുക ലഭിക്കണമെങ്കിൽ കർഷകർ വീണ്ടും മറ്റ് ബാങ്കുകളെ ആശ്രയിക്കണം. സർക്കാറിന്റെ നയപരമായ വീഴ്ചക്കും കർഷകൻ തന്നെ ദുരിതമനുഭവിക്കേണ്ട അവസ്ഥയാണെന്ന് ജില്ല കോൾ കർഷക സംഘം പ്രസിഡന്റ് കെ.കെ. കൊച്ചു മുഹമ്മദ് കുറ്റപ്പെടുത്തി.
സർക്കാർ രൂപവത്കരിച്ച കേരള ബാങ്കിനെ സർക്കാർ തന്നെ ഒഴിവാക്കിയത് സംശയകരമാണെന്ന ആക്ഷേപം കർഷകർ ഉയർത്തുന്നു. പ്രസംഗത്തിൽ മാത്രമാണ് സർക്കാറിന് കർഷകരോട് പ്രേമമുള്ളതെന്നും പ്രവർത്തനത്തിൽ ഇല്ലെന്നും 2016 മുതലുള്ള കണക്കുകളിലൂടെ കോൾ കർഷക സംഘം ആരോപിക്കുന്നു.
2016-17ൽ കേന്ദ്ര സർക്കാറിന്റെ സംഭരണ വില 14.2 രൂപയായിരുന്നത് 2022-23ൽ 20.4 രൂപയായി. ഏഴ് വർഷം കൊണ്ട് 6.2 രൂപയുടെ വർധനയുണ്ടായി. 2016-17ൽ സംസ്ഥാന സർക്കാറിന്റെ ഇൻസെന്റിവ് തുക 7.8 രൂപയായിരുന്നതിന് 2022-23ലെത്തുമ്പോഴും മാറ്റമില്ല.
2019-20ലും 2020-21ലും ഇൻസെന്റിവ് 8.8 രൂപയായി വർധിപ്പിച്ചെങ്കിലും 2021-22ലും 2022-23ലും ഇൻസെന്റിവ് ഒരു രൂപ വെട്ടിക്കുറച്ചു. നെല്ല് സംഭരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും തുക കിട്ടാതിരിക്കെ, ആശ്വാസമായിരുന്നു ബാങ്കുകളുടെ കൺസോർട്യം രൂപവത്കരിച്ച് തുക അനുവദിക്കുമെന്ന പ്രഖ്യാപനം. എന്നാൽ, കൺസോർട്യത്തിൽ കർഷകരുടെ അക്കൗണ്ടുള്ള കേരള ബാങ്കിനെ ഉൾപ്പെടുത്താതിരുന്ന നടപടി തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.