കുട്ടനാട്: കുട്ടനാട്ടിൽ പുഞ്ചക്കൊയ്ത്തിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കേ മുന്നൊരുക്കങ്ങളായില്ല. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ പുഞ്ചക്കൊയ്ത്ത് മാർച്ച് ആദ്യവാരം ആരംഭിക്കാനിരിക്കെ സർക്കാർ മെല്ലെപ്പോക്ക് നയം തുടരുന്നത് കർഷകരെ ആശങ്കയിലാക്കി. കൊയ്തുമെതി യന്ത്ര ലഭ്യത, വാടക, ചുമട്ടുകൂലി, വാരുകൂലി, സംഭരണ ഏജൻസിമായുള്ള കരാർ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾക്കാണ് പരിഹാരം കാണേണ്ടത്.
വിരലിൽ എണ്ണാവുന്ന സർക്കാർ കൊയ്തുമെതി യന്ത്രങ്ങൾക്ക് പുറമെ സ്വകാര്യ യന്ത്രങ്ങളുടെ വാടക നിശ്ചയിക്കാൻപോലും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ടാംകൃഷി സീസണിൽ മണിക്കൂറിന് 1750 രൂപായായിരുന്ന യന്ത്ര വാടക 1900 രൂപയാക്കിയിരുന്നു. അപ്പർ കുട്ടനാട്ടിലെ വൈക്കം, വെച്ചൂർ, കല്ലറ, കുമരകം, തിരുവാർപ്പ് പാടശേഖരങ്ങളിൽ രണ്ടാംകൃഷി വിളവെടുപ്പ് നടക്കുമ്പോഴാണ് യന്ത്രവാടക കുത്തനെ ഉയർത്തിയത്.
ഇക്കുറി പുഞ്ചകൃക്ഷിയുടെ കൊയ്തുമെതി യന്ത്രവാടക ഉയരാനാണ് സാധ്യത. മാർച്ച് അവസാനത്തോടെ കുട്ടനാട്ടലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും കൊയ്ത്ത് പൂർത്തിയാകുമെന്നിരിക്കെ ആവശ്യത്തിനുള്ള യന്ത്രങ്ങൾ എത്തിക്കാനുള്ള നടപടിയും ഇഴഞ്ഞുനീങ്ങുകയാണ്. യന്ത്രലഭ്യത ഉറപ്പുവരുത്താൻ ജില്ല ഭരണകൂടം തയാറാകണമെന്നാണ് കർഷകരുടെ ആവശ്യം. സർക്കാർ ഉടമസ്ഥതയിലുള്ള അമ്പതോളം യന്ത്രങ്ങൾ യാഡിൽ കിടന്ന് തുരുമ്പെടുത്ത് നശിക്കുമ്പോഴാണ് കർഷകർക്ക് ഈ സ്ഥിതി.
ചുമട്ടുകൂലിയിലും ആശങ്ക തുടരുകയാണ്. കഴിഞ്ഞ സീസണിലെ കൂലി നിരക്ക് തുടരാനാണ് സാധ്യത. സംഭരണ സ്ഥലത്തുനിന്ന് ഒരു ക്വിന്റൽ നെല്ല് 25 മീറ്ററിന് ഉള്ളിലുള്ള ലോറിയിൽ കയറ്റാൻ 50 രൂപയും പാടത്തുനിന്ന് വള്ളത്തിൽ എത്തിച്ച് ലോറിയിൽ കയറ്റാൻ 70 രൂപയുമാണ് നിലവിലുള്ള നിരക്ക്. ദൂരക്കൂടുതൽ അനുസരിച്ച് നിരക്കിന് വർധനയുണ്ട്. നിലവിലുള്ള നിരക്കിനെക്കാൾ തൊഴിലാളികൾ കൂലി വാങ്ങാറുണ്ടന്ന് കർഷകർ പറയുന്നു.
ചില മേഖലയിൽ ഒരു ക്വിന്റൽ നെല്ല് ലോറിയിൽ കയറ്റാൻ 250 രൂപക്കുമേൽ ചെലവഴിക്കുന്നതായും കർഷകർ പറയുന്നു. വാരുകൂലി മുൻ വർഷങ്ങളിൽ ക്വിന്റലിന് 35 രൂപ നിരക്കിലായിരുന്നു നൽകിയിരുന്നത്. ഇക്കുറി 40 രൂപയാക്കണമെന്ന് സ്ത്രീ തൊഴിലാളികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കർഷകർക്ക് സർക്കാർ നൽകി വന്നിരുന്ന കൈകാര്യച്ചെലവും വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ക്വിന്റലിന് 12 രൂപയാണ് കൈകാര്യച്ചെലവ് നൽകിയിരുന്നത്. വിളവെടുത്ത നെല്ലിന്റ സംഭരണമാണ് കർഷകരെ അലട്ടുന്ന പ്രധാന വിഷയം. കഴിഞ്ഞ രണ്ടാംകൃഷി സീസണിൽ 72 സ്വകാര്യ മില്ലുടമകളുമായി സപ്ലൈകോ കരാർ വെച്ചെങ്കിലും വിരലിൽ എണ്ണാവുന്ന മില്ലുടമകൾ മാത്രമാണ് കുട്ടനാട്ടിൽനിന്ന് നെല്ല് സംഭരിച്ചത്.
സംഭരണം വൈകിയതോടെ നെല്ല് മഴയിൽ നനഞ്ഞ് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു. 10 കിലോക്ക് മേൽ കിഴിവ് നൽകിയാണ് നെല്ലെടുപ്പ് പുനരാരംഭിച്ചത്. ഇക്കുറി കടുത്ത വേനലിൽ വിളവെടുപ്പ് നടക്കുമ്പോൾ നെല്ലിന്റെ തൂക്കം കുറയാനും കർഷകർക്ക് പ്രതീക്ഷിച്ച ലാഭം നഷ്ടമാകാനും സാധ്യതയുണ്ട്. കൊയ്തിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കേ സംഭരണ ഏജൻസികളുമായുള്ള കരാർ പുതുക്കാൻ നടപടി സ്വീകരിച്ചില്ല.
മുൻകാലങ്ങളിൽ ജില്ലയിൽ പുഞ്ചക്കൊയ്ത്ത് നടക്കുംമുമ്പ് ജില്ല ഭരണകൂടം വിളിച്ചുചേർക്കുന്ന അവലോകന യോഗത്തിലാണ് കാർഷികപ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്. ഇത്തവണത്തെ പുഞ്ചക്കൊയ്ത്ത് അടുത്തെത്തിയിട്ടും കർഷക-തൊഴിലാളി-ഉദ്യോഗസ്ഥ- ജനപ്രതിനിധികളുടെ സംയുക്ത അവലോകന യോഗം നീളുകയാണെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.