കുട്ടനാട്: ചെയ്തുപോന്ന തൊഴിലിൽ തുടരാൻ സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി കുട്ടനാട്ടിലെ ഒരുകൂട്ടം കർഷകർ മുന്നിട്ടിറങ്ങുമ്പോൾ നേരിടുന്ന ദുരിതങ്ങൾ പലവിധമാണ്. നെൽകർഷകർക്ക് സമയബന്ധിതമായി പണം നൽകാത്തതും പാടശേഖരത്ത് നെല്ല് സംഭരിക്കാൻ എങ്ങും ഒരിടമില്ലാത്തതും തുടങ്ങി നെൽകർഷകർ നേരിടുന്ന വെല്ലുവിളി ചെറുതല്ല. പ്രശ്നങ്ങൾക്ക് സർക്കാർ ശാശ്വതപരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഇനിയും വലിയ വില കൊടുക്കേണ്ടി വരും.
ഡിസംബർ മുതൽ കേരളത്തിൽ പുഞ്ചക്കൊയ്ത്ത് ആരംഭിക്കും. കഴിഞ്ഞ വർഷം സപ്ലൈകോ 7.5 ലക്ഷം മെട്രിക് ടൺ നെല്ലാണ് 62 മില്ല് ഉടമകൾവഴി സംഭരിച്ചത്. ഇത്തവണ 62ൽ 11 മില്ല് ഉടമകൾ മാത്രമാണ് സർക്കാറുമായി എതിർപ്പില്ലാതെ നെല്ല് സംഭരണത്തിനായുള്ളത്. ഇതിൽ തന്നെ മൂന്നോ നാലോ പുതിയ മില്ല് ഉടമകൾ മാത്രമാണ് അഭിപ്രായ വ്യത്യാസമില്ലാതെ സംഭരണത്തിനായി ഇത്തവണയുണ്ടാകുക.
ആലപ്പുഴ കുട്ടനാട്ടിൽ വിത തുടരേണ്ട സമയമായി. തൃശൂരും പാലക്കാടും വിത സമയം കഴിഞ്ഞിരിക്കുകയാണ്. കാലം തെറ്റിയ കാർഷിക കലണ്ടർ നോക്കാതെ മഴയെക്കണ്ട് കൃഷിയിറക്കിയതിനാൽ ഇത്തവണ ദിവസങ്ങളുടെ വ്യത്യാസത്തിൽ മൂന്ന് ജില്ലയിലും കൊയ്ത്ത് പൂർത്തിയാകും. നെല്ല് സംഭരണം വേഗത്തിലാക്കുകയും പണം കാലതാമസം കൂടാതെ കർഷകന് കിട്ടാനും മാർഗമില്ലെങ്കിൽ ഇത്തവണ നെൽകർഷകരുടെ സ്ഥിതി വളരെ ദയനീയമാകും. ഒരുകിലോ നെല്ല് പോലും പാടശേഖരത്ത് സംഭരിക്കാൻ കുട്ടനാട്ടിലെങ്ങും സംവിധാനമില്ല.
ഊരാളുങ്കൽ സൊസൈറ്റിക്ക് 5000 ലോഡ് നെല്ല് സംഭരിക്കുന്നതിന് നാല് ഗോഡൗൺ നിർമിക്കുന്നതിന് അനുമതി നൽകുന്നുവെന്ന വിവരം നെൽ കർഷകർക്ക് ആശ്വാസമായിരുന്നെങ്കിലും ഇതിലും വ്യക്തതവരേണ്ടതുണ്ട്. ഈ വർഷം എല്ലാ പാടശേഖരത്തെയും കൊയ്ത്ത് പൂർത്തിയാകുമ്പോൾ സംഭരണം കൃത്യമായാലേ കർഷകന് പണവും കിട്ടൂ. നിലവിലെ സ്ഥിതിയിൽ നെൽ കർഷകരുടെ പ്രശ്നങ്ങൾ ഒരു ജീവൻ പൊലിഞ്ഞതിൽ ഒതുങ്ങുമെന്ന് പറയാൽ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.