വരാപ്പുഴ: മില്ലറ്റ് വേൾഡ് പ്രോഗ്രാമിന്റെ ഭാഗമായി കോട്ടുവള്ളി കോതകുളം ജൈവരാജ്യം ഓർഗാനിക് ഫാമിൽ ആരംഭിച്ച ചെറുധാന്യ കൃഷി ശ്രദ്ധയാകർഷിക്കുന്നു. മനോജ് വലിയപുരക്കൽ എന്ന കർഷകനാണ് അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ചെറുധാന്യ കൃഷി വ്യാപന പദ്ധതിയായ കോട്ടുവള്ളി മില്ലറ്റ് വേൾഡ് പ്രോഗ്രാമിന്റെ ഭാഗമായി ഒന്നര ഏക്കർ സ്ഥലത്ത് ചെറുധാന്യ കൃഷി ചെയ്തിരിക്കുന്നത്.
കോതകുളത്ത് ഒന്നര ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് ചെറുധാന്യ കൃഷി ആരംഭിച്ചത്. ചാമ, റാഗി, ബജ്റ, മണിച്ചോളം, വിരഗ് തുടങ്ങിയ ചെറുധാന്യങ്ങളാണ് കൃഷി ചെയ്യുന്നത്. ചെറുധാന്യങ്ങൾ വിളയിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിച്ച് വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് ഏക്കർ പാട്ടത്തിനെടുത്ത് നിലമൊരുക്കൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കോട്ടുവള്ളി പഞ്ചായത്തിൽ കോട്ടുവള്ളി മില്ലറ്റ് വേൾഡ് പ്രോഗ്രാമിന്റെ ഭാഗമായി 100 ഹെക്ടറിൽ ചെറുധാന്യ കൃഷി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് മനോജ്.
കർഷകർ ഉൽപാദിപ്പിക്കുന്ന ചെറുധാന്യങ്ങൾ മനോജ് വലിയപുരക്കലിന്റെ ജൈവരാജ്യം ഫാം സംഭരിച്ച് സംസ്കരിച്ച് വിപണിയിലെത്തിക്കും. ചെറുധാന്യങ്ങൾ പ്രോസസ് ചെയ്യുന്ന മില്ലും ജൈവരാജ്യം ഫാമിൽ തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ ഒരേയൊരു മില്ലറ്റ് പ്രോസസിങ് സെന്റർ ജൈവരാജ്യം ഓർഗാനിക് ഫാമിന്റേതാണ്. മില്ലറ്റ് ഭക്ഷണങ്ങൾ ജനങ്ങൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ മില്ലറ്റ് അടുക്കളയും ഫാമിൽ പ്രവർത്തനം ആരംഭിക്കും.
പുതുതലമുറയെ ആകർഷിപ്പിക്കാൻ മില്ലറ്റ് കൊണ്ടുള്ള ന്യൂജൻ വിഭവങ്ങൾ മില്ലറ്റ് അടുക്കളയിലൂടെ വിപണനം നടത്തും. ചെറുധാന്യ കൃഷിയെക്കുറിച്ച് പഠിക്കാൻ കോയമ്പത്തൂരിലെ തമിഴ്നാട് കാർഷിക സർവകലാശാല സന്ദർശിച്ചിരുന്നു. കോയമ്പത്തൂർ കാർഷിക സർവകലാശാല വികസിപ്പിച്ച അത്യുൽപാദന ശേഷിയുള്ള ചെറുധാന്യ ഇനങ്ങളാണ് ജൈവരാജ്യം ഓർഗാനിക് ഫാമിൽ കൃഷി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.