കട്ടപ്പന: കേന്ദ്രസർക്കാർ കാർഷിക ബോർഡുകളുടെ ഘടനമാറ്റത്തിന് നീക്കംതുടങ്ങിയതോടെ ചെറുകിട കർഷകർ ആശങ്കയിൽ. തേയില, കാപ്പി തുടങ്ങി വിവിധ കാർഷിക ബോർഡുകളുടെ ഘടനമാറ്റത്തിനാണ് നടപടി തുടങ്ങിയിട്ടുള്ളത്. ഇതിനെതിരെ കേരളത്തിലെ പ്രമുഖ ചെറുകിട കർഷക സംഘടന നേതാക്കൾ രംഗത്തുവന്നുകഴിഞ്ഞു.
ഘടനമാറ്റം ഏതുരീതിയിലായിരിക്കും എന്നത് സംബന്ധിച്ച് ഇതുവരെയും വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ, കർഷകവിരുദ്ധ നയങ്ങൾ അടിച്ചേൽപിക്കുന്ന രീതിയിലാണ് നടപടികൾ ഉണ്ടാകുന്നതെങ്കിൽ അത് ചെറുകിട കർഷകർക്ക് വലിയ പ്രഹരമേൽപിക്കുമെന്നാണ് വിലയിരുത്തൽ. തുടർച്ചയായ വിലത്തകർച്ചയിൽ പൊറുതിമുട്ടിയിരിക്കുകയാണ് കർഷകർ. ഇതിനിടെ കാലാവസ്ഥ വ്യതിയാനം മൂലമുള്ള ഉൽപാദനക്കുറവും രോഗബാധയുംമൂലം കർഷകർ ഏറെ പ്രതിസന്ധിയിലാണ്. ഏലം വില മുമ്പെങ്ങുമില്ലാത്ത വിധം തകർച്ചയിലാണ്. പച്ചക്കൊളുന്തിന്റെ വില തകർച്ചയും ഉൽപാദനക്കുറവും തുടരുകയാണ്. കാപ്പിക്കും കുരുമുളകിനും നേരിയ വില വർധനവുണ്ടായെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ഉൽപാദനത്തിൽ വലിയ ഇടിവാണുള്ളത്. തൊഴിലാളികളുടെ ക്ഷാമവും കിടനാശിനി രാസവളം എന്നിവയുടെ വിലക്കയറ്റവുംമൂലം കൃഷി മുന്നോട്ടുകൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ് കർഷകർ.
കർഷകരെ സഹായിക്കാൻ കേന്ദ്രസർക്കാർ രൂപവത്കരിച്ച ബോർഡുകൾ ഒന്നും ചെറുകിട കർഷകർക്ക് ഗുണം ചെയ്യുന്നില്ല. കോഫി ബോർഡ്, ടീ ബോർഡ്, സ്പൈസസ് ബോർഡ് എന്നിവ നിലവിലുണ്ടെങ്കിലും ഇവയൊന്നും ചെറുകിട കർഷകരുടെ രക്ഷക്കെത്തുന്നില്ല. ഇതിനിടയിലാണ് കേന്ദ്രസർക്കാർ ബോർഡുകളുടെ ഘടന മാറ്റാനൊരുങ്ങുന്നത്.
കാർഷിക ബോർഡുകളുടെ ഘടനമാറ്റം അടിയന്തരമായി പിൻവലിക്കണമെന്ന് ചെറുകിട തേയില കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ചില്ലെങ്കിൽ കേരളത്തിലെ ചെറുകിട തേയില കർഷകരെ ആണിനിരത്തി വൻ പ്രക്ഷോഭസമരത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.