സു​ധീ​ർ ‘കു​ട്ട​മ്പു​ഴ കു​ള്ള​ൻ’ പ​ശു​വി​നൊ​പ്പം

കു​ട്ട​മ്പു​ഴ കു​ള്ള​ൻ ഇ​നി സു​ധീ​റി​ന് സ്വ​ന്തം

വരാപ്പുഴ: ‘കുട്ടമ്പുഴ കുള്ളൻ’ ജില്ലയുടെ തനത് പശുവിനെ കാണണമെങ്കിൽ കൂനമ്മാവിലേക്ക് വരാം. ചെമ്മായത്തെ കർഷകൻ സുധീറിന്‍റെ വീട്ടിലാണ് ‘കുട്ടമ്പുഴ കുള്ളനെ’ വളർത്തുന്നത്. വ്യത്യസ്ത ഇനങ്ങളിലുള്ള പശുക്കളെ വളർത്തുന്നതിൽ അഭിരുചി കണ്ടെത്തിയ ക്ഷീര കർഷകനാണ് സുധീർ. 60000ത്തോളം രൂപ നൽകിയാണ് കുട്ടമ്പുഴ കുള്ളനെ വാങ്ങി പരിപാലിക്കുന്നത്.പെരിയാറിന്‍റെ തീരപ്രദേശങ്ങളിൽ വളർന്നുവന്ന ഒരിനം നാടൻ പശുവാണിത്.

കോട്ടയം ജില്ലയിലെ വെച്ചൂർ പശുവും കാസർകോട് ജില്ലയിലെ കാസർകോട് കുള്ളനുമൊക്കെ കേട്ടിട്ടുണ്ടെങ്കിലും എറണാകുളം ജില്ലക്കും തനതായി നാടൻ പശുവുണ്ട്, അതാണ് ‘കുട്ടമ്പുഴ കുള്ളൻ’. ആരോഗ്യമുള്ള പെൺ പശുവിന് 60000ത്തോളം രൂപ വിലയുമുണ്ട്. ഒരു പശുവിൽനിന്ന് ദിവസം മൂന്ന് ലിറ്റർ പാൽ ലഭിക്കും. കൊഴുപ്പ് കൂടിയ സ്വർണ നിറത്തിലുള്ള പാലാണ് ലഭിക്കുന്നത്. ലിറ്ററിന് 150 രൂപ വിലയുണ്ട്.

രോഗ പ്രതിരോധശേഷിയും ആയുസ്സും കൂടുതലാണ് ഇവക്ക്. ചാണകവും ഗോമൂത്രവും വിലപിടിപ്പുള്ളതാണ്. ചാണകത്തിൽ ധാരാളം സൂക്ഷ്മജീവികൾ ഉള്ളതിനാൽ കൃഷിയിടങ്ങളിലെ മണ്ണ് ഉൽപാദനക്ഷമമാക്കാനും കൂടുതൽ വിളവ് ലഭിക്കാനും സഹായകമാവും. ഗോമൂത്രം ഔഷധമായും ജൈവ കീടനാശിനിയായും ഉപയോഗിക്കുന്നു.

കുട്ടമ്പുഴ വനമേഖലയിലെ ആദിവാസികൾ പരമ്പരാഗതമായി വളർത്തിയിരുന്നയിനമാണ് ഇവ. ആദിവാസി ഊരുകളിൽ ജനിക്കുന്ന കുട്ടികൾക്ക് രോഗ പ്രതിരോധശേഷി ലഭിക്കാനായി ആദ്യം നൽകുന്നത് ഇതിന്‍റെ പാലായിരുന്നു. വനദേവതകളെ പ്രീതിപ്പെടുത്താനായി ആദിവാസി ഊരുകളിലെ പൂജകൾക്കും ഇതിന്‍റെ പാൽ ഉപയോഗിക്കുന്നു.പ്രത്യേക പരിചരണമൊന്നും ആവശ്യമില്ലാത്ത ഇവ കൂട്ടമായാണ് വനങ്ങളിൽ മേയുന്നത്.

കറുപ്പും ചാരവും തവിട്ടും നിറം കലർന്ന ഇവ 90-130 സെന്‍റിമീറ്റർ ഉയരം വെക്കുന്നു. കൊമ്പുകൾ ഉയർന്ന് അകത്തേക്ക് വളഞ്ഞിരിക്കുന്നു.നന്നായി നീന്താനും കാട്ടിൽ ദീർഘദൂരം സഞ്ചരിക്കാനും വൈദഗ്ധ്യമുണ്ട്. 2018ലെ പ്രളയത്തിലും പെരിയാറിലെ വെള്ളപ്പൊക്കവും ഇവ അതിജീവിച്ചിട്ടുണ്ട്. ഇവ കൂടാതെ വെച്ചൂരും കാസർകോട് കുള്ളനുമൊക്കെ സുധീർ വളർത്തുന്നുണ്ട്.

Tags:    
News Summary - Sudheer now owns Kuttambuza Kullan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.