സംസ്ഥാനത്ത് വരൾച്ച രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ജലവിനിയോഗത്തിൽ നാം മിതവ്യയം പാലിച്ചേ മതിയാകൂ. ഏറ്റവും കൂടുതൽ ജലവിനിയോഗം വരുന്ന മേഖലകളിലൊന്നാണ് കാർഷികമേഖല.
എന്നാൽ, കൃഷി മാറ്റിനിർത്തുവാനും സാധിക്കുകയില്ല. കാര്യക്ഷമമായ ജല ഉപയോഗത്തിലൂടെ ജലനഷ്ടം കുറച്ചുകൊണ്ട് ഉൽപാദനക്ഷമത നിലനിർത്തുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. വരൾച്ചാ പ്രതിരോധത്തിനും ജലനഷ്ടം കുറക്കുന്നതിനും അനുവർത്തിക്കേണ്ട ചില മാതൃകകൾ പരിശോധിക്കാം.
മൈക്കോറൈസ എന്ന ഒരുതരം കുമിളും ചെടികളുടെ വേരും തമ്മിലുള്ള ബന്ധമാണ് വാം (വെസിക്കുലാർ ആർബസ്കുലാർ മൈകോറൈസ) എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് പ്രത്യേകം കൾച്ചർ രൂപത്തിൽ ലഭ്യമാണ്. പച്ചക്കറി തൈകൾ, വാഴ, മറ്റു വിത്തുകൾ എന്നിവ നടുന്നതിന് മുമ്പ് അൽപം ‘വാം കൾച്ചർ’ കുഴികളിൽ ഇട്ടശേഷം നടുന്നത് നല്ലതാണ്.
‘വാം കൾച്ചർ’ ഇടുന്ന അവസരത്തിൽ മണ്ണിൽ ഈർപ്പം ഉണ്ടായിരിക്കണം. ചെടികൾക്ക് ചുവട്ടിൽ പുതയും നൽകണം. ആഴത്തിൽ വളരുന്ന ഈ കുമിൾ വേരുകൾ ഭൂമിക്ക് അടിയിൽനിന്ന് ജലം ആഗിരണം ചെയ്ത് ചെടികളെ ഒരു പരിധിവരെ വരൾച്ചയിൽനിന്ന് പ്രതിരോധിച്ച് നിർത്തുന്നു.
ചെടികളുടെ വളർച്ച ത്വരിതപ്പെടുത്തുവാൻ കഴിവുള്ളതും വരൾച്ചയെ ഒരു പരിധിവരെ ചെറുക്കുന്നതുമായ സൂക്ഷ്മാണുകളാണ് പിങ്ക് പിഗ്മെന്റ് ഫാക്കൽറ്റേറ്റിവ് മെത്തിലോട്രോഫ് എന്നറിയപ്പെടുന്ന പി.പി എഫ്.എം ബാക്ടീരിയൽ ജീവാണുക്കൾ. ഇതിന്റെ ലായനി ഒരു മില്ലി ലിറ്റർ വെള്ളത്തിൽ കലർത്തി ഇലകളിൽ തളിക്കാവുന്നതാണ്.
നല്ല വരണ്ട കാലാവസ്ഥയിൽ 20 മില്ലിവരെ ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ ഉപയോഗിക്കാം. വൈകുന്നേരങ്ങളിലാണ് ഇത് പ്രയോഗിക്കേണ്ടത്. തമിഴ്നാട് കാർഷിക സർവകലാശാലയിൽ ഇതിന്റെ ഉൽപാദനമുണ്ട്.
ചാണക സ്ലറി വളരെ നേർപ്പിച്ച് ഇലകളിൽ തളിക്കുന്നത് വരൾച്ചാ പ്രതിരോധത്തിന് ഉത്തമമാണ്. ഇതിനായി പ്രത്യേക രീതിയിൽ സ്ലറി തയാറാക്കിയെടുക്കാം. ചാണകവും ശർക്കരയും ചേർത്താണ് ഈ കൂട്ട് നിർമിക്കുന്നത്.
40 കിലോ ചാണകവും നാലു ലിറ്റർ കഞ്ഞിവെള്ളവും രണ്ട് കിലോ ശർക്കരയും നന്നായി കലർത്തി ഒരു ചണച്ചാക്കിൽ നിറച്ച് 200 ലിറ്റർ ശേഷിയുള്ള ഒരു ബാരലിൽ മുക്കാൽഭാഗം വെള്ളം നിറച്ച് മുങ്ങിക്കിടക്കുന്ന വിധം തൂക്കിയിടുക. രണ്ട് ദിവസം പുളിപ്പിച്ചശേഷം ലായനി അരിച്ചെടുത്ത് 10 ശതമാനം വീര്യത്തിൽ ചെടികളിൽ തളിക്കാം. സ്യൂഡോമോണാസ് കൂടി ഇതോടൊപ്പം കലർത്തി (20 ഗ്രാം ഒരു ലിറ്ററിൽ) തളിക്കുന്നത് അത്യുത്തമം.
ജലത്തിന്റെ അളവ് പരമാവധി കുറച്ച്, അതേസമയം സസ്യങ്ങൾക്ക് യഥേഷ്ടം ജലം ഉറപ്പുവരുത്തുകയും ചെയ്യുന്ന സംവിധാനമാണ് തിരി നന. പച്ചക്കറികൾക്കാണ് ഇത് കൂടുതൽ ഫലപ്രദം. നടീൽ മിശ്രിതം നിറച്ച ചാക്കിന് ചുവട്ടിൽകൂടി പ്രത്യേക തരം തിരി കടത്തിവെക്കുന്നു. തിരിയുടെ ഒരഗ്രം ജലത്തിലും ഇറക്കിവെക്കുന്നു. ചെടികൾ ആവശ്യാനുസരണം താഴെയുള്ള ജലസ്രോതസ്സിൽനിന്ന് തിരിവഴി ജലം വലിച്ചെടുക്കുകയാണ് ചെയ്യുന്നത്.
ഭാരതീയ കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികവിദ്യയാണ് ഹൈഡ്രോജെൽ ക്യാപ്സൂൾ. മണ്ണിലെ ജലാംശം സംഭരിച്ചുവെച്ച് വരൾച്ച ഘട്ടങ്ങളിൽ ചെടികളുടെ വേരുപടലങ്ങളിൽ ഈർപ്പം നൽകുന്ന സംവിധാനമാണിത്. തൈകൾ നടുന്നതിനൊപ്പം 5 -10 ഗ്രാം ഹൈഡ്രോജെൽ (പൊടി രൂപത്തിലുള്ളവ/ ക്യാപ്സ്യൂൾ) മണ്ണിൽ ചേർത്തു കൊടുക്കാവുന്നതാണ്. പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം വഴി ഇത് വാങ്ങാവുന്നതാണ്.
കൃഷിയിടത്തിൽ ജലനഷ്ടം കുറയ്ക്കുന്നതിനായി അനുവർത്തിക്കേണ്ട ഏതാനും ചില രീതികൾ പരിശോധിക്കാം. ഇവ ജലനഷ്ടം കുറയ്ക്കുന്നതിനൊപ്പം ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗവും ഉറപ്പാക്കുന്നു.
1. ഓട്ടോമാറ്റിക് ഡ്രിപ് സിസ്റ്റം
മട്ടുപ്പാവിലും മറ്റു കൃഷി ചെയ്യുന്ന ഇടങ്ങളിലും അനുവർത്തിക്കാൻ പറ്റിയ രീതിയാണ് ഓട്ടോമാറ്റിക് ഡ്രിപ് സിസ്റ്റം. പച്ചക്കറി വിളകൾക്ക് ഒരുദിവസം ആവശ്യമായ ജലം മാത്രം ഡ്രിപ് സംവിധാനത്തിലൂടെ ചെടികളുടെ വേര് പടലത്തിലേക്ക് നൽകുന്ന രീതിയാണിത്. ജലസേചന ഇടവേളകൾ ടൈമറിൽ ക്രമീകരിച്ച് തവണകളായി ജലം നൽകാവുന്നതാണ്.
2. തൊണ്ട് അടുക്കൽ
ദീർഘകാലം ഈർപ്പം നിലനിർത്തുവാൻ ഫലപ്രദമായ രീതി. തെങ്ങ് അല്ലെങ്കിൽ മറ്റു വൃക്ഷങ്ങൾക്ക് ചുറ്റും അരമീറ്റർ വീതിയിലും താഴ്ചയിലും ചാലുകൾ കീറി മൂന്നോ നാലോ അടുക്കുകളായി തൊണ്ടുകൾ മലർത്തിവെച്ച് മണ്ണിട്ട് മൂടുകയും ഏറ്റവും മുകളിലത്തെ അടുക്ക് കമിഴ്ത്തിയും വെച്ച് ഇത് പൂർത്തിയാക്കാം. വർഷങ്ങളോളം ഇതിന്റെ ഫലം നിലനിൽക്കും.
3. ആവരണ വിളകൾ
വാഴ ഉൾപ്പെടെ പല കാർഷിക വിളകൾക്കും തടത്തിൽ പയർവിളകൾ ആവരണമായി വളർത്തി പുതയിടീൽ സാധ്യമാക്കാം. വൻപയർ, ചെറുപയർ മുതിര, ഉഴുന്ന് എന്നിവയെല്ലാം തന്നെ ഇതിന് യോജിച്ചതാണ്. പയർ വിത്തുകൾ വളർത്തുന്നതിനൊപ്പം കരിയിലകൾകൊണ്ട് പുതയിട്ടു കൊടുത്താൽ വളരെ നല്ലത്. കിളിർത്തുവരുന്ന പയർ വിത്തുകൾ പിന്നീട് ഒരു ആവരണമായി നിലവിലുള്ള ജൈവ പുതയ്ക്കൊപ്പം വളർന്നുകൊള്ളും.
ജലദൗർലഭ്യം ഉൽപാദനത്തെ സാരമായി ബാധിക്കാറുണ്ട്. ഇതിനെതിരെ സസ്യങ്ങളുടെ വളർച്ചഘട്ടങ്ങളിൽ പത്ര പോഷണം വഴി പ്രധാനപ്പെട്ട ചില മൂലകങ്ങൾ നൽകുന്നത് ഗുണപ്രദമായിരിക്കും.
1. ശതമാനം വീര്യത്തിൽ സൾഫേറ്റ് ഓഫ് പൊട്ടാഷ് അല്ലെങ്കിൽ മ്യൂരിയേറ്റ് ഓഫ് പൊട്ടാഷ് തളിക്കാവുന്നതാണ്.
2. ശതമാനം വീര്യത്തിൽ ഡൈ അമോണിയം ഫോസ്ഫേറ്റ് പ്രയോഗിക്കാം.
3. 0.5 ശതമാനം സിങ്ക് സൾഫേറ്റ്, 0.3 ശതമാനം ബോറിക് ആസിഡ്, 0.5 ശതമാനം ഫെറസ് സൾഫേറ്റ്, 1 ശതമാനം യൂറിയ എന്നിവയുടെ മിശ്രിതം നിർണായക വളർച്ച ഘട്ടങ്ങളിൽ ഇലകളിൽ തളിക്കുക.
(ഫാം ഇൻഫർമേഷൻ ബ്യൂറോ, അഗ്രികൾച്ചർ ഓഫിസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.