ആലത്തൂർ: കാർഷിക മേഖലക്ക് ആശ്വാസമായി വേനൽമഴ എത്തിയതോടെ നെൽകൃഷി മേഖലകളിൽ വിരിപ്പ് കൃഷിക്ക് ഒരുക്കമായി. നിലം ഉഴുത് വിതക്ക് പാകപ്പെടുത്തലാണ് ആദ്യഘട്ടം. കാലാവസ്ഥ അനുകൂലമായാൽ ഒന്നാംവിളക്ക് പൊടിവിത നടത്താം. മഴ കൂടുതലായാൽ ഇത് നടക്കില്ല. രണ്ടാംവിള കൊയ്തടുത്ത ശേഷം വെയിലേറ്റ് വരണ്ട് വെറുതെ കിടക്കുന്ന കൃഷിയിടത്തിൽ വിഷുവിന് ശേഷം മേടമാസത്തിൽ വേനൽമഴ പെയ്യുമ്പോൾ മണ്ണ് നനഞ്ഞ് കുതിരും. അത് വീണ്ടും വെയിലിൽ ഉണങ്ങുന്ന പരുവത്തിൽ നിലമുഴുതും. അതിന് ശേഷം കുറച്ചു കൂടി ഉണങ്ങിയ ശേഷം വീണ്ടും നിലമുഴുതുമ്പോൾ മണ്ണ് പൊടിയായി മാറുകയാണെങ്കിൽ വിതനടത്താം.
എന്നാൽ, ഒരിക്കൽ പെയ്ത മഴയിലെ നനവ് പോകുന്നതിന് മുമ്പ് തുടരെ മഴ പെയ്താൽ വിത നടക്കില്ല. അങ്ങനെ സംഭവിച്ചാൽ പിന്നെ നടീൽ മാത്രമാണ് പോംവഴി. ചില കർഷകർ വിതനടത്താൻ താൽപര്യം കാണിക്കാറില്ല. കാരണം, വിതക്കുന്ന വയലിൽ നെൽചെടികൾ വളർന്ന് വരുന്നതോടെ മണ്ണ് മൂടുന്ന വിധം വെള്ളംകെട്ടി നിർത്തണം. അതിന് കഴിയാതെ വന്നാൽ നെൽചെടികളോടൊപ്പം കളയും വളരും. അത് പറിച്ചെടുക്കുക വിഷമകരവും ഇപ്പോഴത്തെ അവസ്ഥയിൽ കൂലി ചെലവ് ഏറിയതുമാണ്. ഇത്തരം സാഹചര്യത്തിലാണ് നെൽകൃഷി നഷ്ടത്തിലേക്ക് പോകുന്നത്. കാർഷിക മേഖലയിൽ ഒന്നാം വിളക്ക് വിരിപ്പ് കൃഷിയെന്നും രണ്ടാം വിളക്ക് മുണ്ടകൻ കൃഷിയെന്നും മൂന്നാംവിളക്ക് പുഞ്ചകൃഷിയെന്നുമാണ് പറയുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.