അങ്കമാലി: അങ്കമാലിയിലെ വീട്ടുമുറ്റത്തും ഈന്തപ്പനത്തോട്ടമെന്ന സ്വപ്നസാഫല്യം യാഥാർഥ്യമാക്കിയ സന്തോഷത്തിലാണ് പ്രവാസിയായ അനൂപ് ഗോപാലൻ. തോട്ടത്തിലെ രണ്ട് പനകളിലും നിറയെ തുടുത്തുപഴുത്ത മഞ്ഞനിറത്തിലുള്ള ഈന്തപ്പഴക്കുലകൾ തൂങ്ങിക്കിടക്കുന്നത് മണലാരുണ്യത്തെ ഓർമപ്പെടുത്തുന്ന കാഴ്ചയാവുകയാണ്.
അങ്കമാലി വേങ്ങൂർ സ്വദേശിയായ അനൂപ് ഗോപാൽ 10വർഷമായി ഒമാനിൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിലാണ് ജോലിചെയ്യുന്നത്. ഈന്തപ്പനത്തോട്ടങ്ങൾ വലയംചെയ്ത ഗൾഫിൽ ചുറ്റി സഞ്ചരിക്കുമ്പോൾ മനസ്സിൽ നാമ്പിട്ട സ്വപ്നമായിരുന്നു തനിക്കും സ്വന്തമാക്കണമെന്ന മോഹം. അറബിനാട്ടിൽ വളരുന്ന ഈന്തപ്പന നാട്ടിൽ വേരുപിടിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എങ്കിലും മൂന്നുവർഷം മുമ്പ് വേങ്ങൂരിൽ വാങ്ങിയ സ്ഥലത്ത് വീട് നിർമിച്ചപ്പോൾ രാജസ്ഥാനിൽനിന്ന് മുന്തിയ ഇനത്തിൽപ്പെട്ട അഞ്ച് ഈന്തപ്പനത്തൈകൾ വാങ്ങി വീട്ടുമുറ്റത്ത് നട്ടുപിടിപ്പിച്ചു.
കേരളത്തിൽ പലയിടത്തും ഈന്തപ്പനകൾ നട്ടുപിടിപ്പിച്ചിട്ടുണ്ടെങ്കിലും കായ്ഫലമുണ്ടാകുന്നത് അപൂർവമായിരുന്നു.എങ്കിലും നട്ടുപിടിപ്പിച്ച ഈന്തപ്പനകൾക്കാവശ്യമായ പരിചരണം മുടങ്ങാതെ നൽകി. ഭാര്യ അശ്വതിയും മറ്റു കുടുംബാംഗങ്ങളുമാണ് പരിചാരകർ. അതിനിടെയാണ് കഴിഞ്ഞവർഷം മുതൽ രണ്ട് ഈന്തപ്പനകൾ കായ്ക്കാൻ തുടങ്ങിയത്.
ഈവർഷം കൂടുതൽ കായ്ച്ചു. അധികം വൈകാതെ പഴുക്കുകയും ചെയ്തു. ഇപ്പോൾ അനൂപിന്റെ ‘ആദിദേവം’ എന്ന വീടിന്റെ മുറ്റത്തെ ഈന്തപ്പനകൾ കൗതുകക്കാഴ്ചയായി മാറിയിരിക്കുകയുമാണ്. അങ്കമാലിയിലെ ഈന്തപ്പനത്തോട്ടം കാണാൻ നിരവധിയാളുകളാണ് വീട്ടിലേക്കെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.