മങ്കട: വാഴത്തോട്ടത്തിൽനിന്ന് കുല വെട്ടുമ്പോൾ പക്ഷികൾക്കായി ഒരുഭാഗം മാറ്റിവെച്ച് പൊന്നു എന്ന കർഷകൻ വ്യത്യസ്തനാകുന്നു. പരിസ്ഥിതി പ്രവർത്തകനും ജൈവകർഷകനുമായ കടന്നമണ്ണ സ്വദേശി പറശീരി പൊന്നുവാണ് ജീവകാരുണ്യത്തിെൻറ പുതിയ മാതൃക സൃഷ്ടിച്ചത്. ഒരിക്കൽ തോട്ടത്തിൽനിന്ന് വാഴക്കുല വെട്ടിയെടുത്തതിെൻറ പിറ്റേദിവസം പക്ഷികൾ ആ വാഴയുടെ ചുറ്റും വന്ന് അന്വേഷിക്കുന്നത് ശ്രദ്ധയിൽപെട്ട പൊന്നുവിെൻറ മനസ്സിൽ ഒരു നൊമ്പരം നീറി നിന്നു. അന്നു മുതൽ വാഴ വെട്ടുമ്പോൾ ഒരുഭാഗം ഒഴിവാക്കി ബാക്കി നിർത്തി വെട്ടുന്നത് പതിവാക്കി. ഒരുവർഷത്തോളമായി പൊന്നു ഈ പതിവ് തുടരുകയാണ്. ആദ്യമൊക്കെ കിളികൾ കൊത്തിയ കുലകൾ അവർക്കായി മാറ്റിവെച്ചു. എന്നാൽ, കുല മുഴുവനായും കിളികൾ ഭക്ഷിക്കാതെ നശിച്ചു പോകുന്നതിനാൽ പിന്നീടാണ് പഴുക്കുന്നതിനു മുമ്പു തന്നെ കിളികളുടെ വിഹിതം മാറ്റിവെച്ച് കുല വെട്ടാൻ തുടങ്ങിയത്.
പൊന്നുവിെൻറ വീട്ടുവളപ്പിലും ഈ പതിവ് തുടരുന്നു. ഇരട്ടത്തലച്ചി ബുൾബുൾ അടക്കമുള്ള പക്ഷികൾ ഇവിടെ സ്ഥിരമായി പഴം കഴിക്കാൻ എത്താറുണ്ട്. പക്ഷികൾക്കും ഭക്ഷണം വേണ്ടെ എന്നാണ് പൊന്നു പറയുന്നത്. മഞ്ചേരി ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനാണ് പൊന്നു. ഒഴിവുസമയം മുഴുവൻ പശുവളർത്തലിനും ജൈവകൃഷിക്കും മാറ്റിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.