ചങ്ങനാശ്ശേരി: ലോകത്തിലെ ഏറ്റവും വലിയ വിത്ത് കോകിഡീമോര്‍ ചങ്ങനാശ്ശേരിയിലെത്തിച്ച് ഫെനില്‍ ഫ്രാന്‍സിസ്. കിഴക്കന്‍ ആഫ്രിക്കയിലെ സീഷെയ്ല്‍സ് രാജ്യത്തിന്റെ ദേശീയ വൃക്ഷഫലമാണ് ചങ്ങനാശ്ശേരി നാലുകോടി നെല്ലിപ്പള്ളില്‍ സ്വദേശി ഫെനില്‍ ഫ്രാന്‍സിസ് നാട്ടിലെത്തിച്ചത്. നാട്ടിലെ തെങ്ങ്, പന എന്നിവയോട് സാമ്യം തോന്നുന്ന വൃക്ഷമാണിത്. വിവിധ രൂപങ്ങളിൽ ഇവ ലഭിക്കും. ഹൃദയത്തിന്‍റെ ആകൃതിയായതിനാൽ പ്രണയക്കുരു എന്നുമറിയപ്പെടുന്നു.
രണ്ട് വര്‍ഷമായി സീഷെയ്ല്‍സില്‍ നഴ്സായി ജോലി ചെയ്യുകയാണ് ഫെനില്‍. പ്രാലെ ഐലൻഡില്‍ വാലേഡീമേയിലെ നാഷനല്‍ പാര്‍ക്കില്‍ പോയപ്പോഴാണ് കോകിഡീമോര്‍ കാണുന്നത്. പിന്നീട്, ഈ രാജ്യത്തിന്റെ ഓര്‍മ്മക്കായും കൗതുകത്തിനായും സൂക്ഷിക്കണമെന്ന് കരുതിയാണ് ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍നിന്ന് വാങ്ങിയത്. 65,000 രൂപയാണ് ഇതിന്റെ വില. ആണ്‍ പെണ്‍ വൃക്ഷം ഉണ്ടെങ്കില്‍ മാത്രമേ കായ്ക്കുകയുള്ളൂ. ആദ്യം ഒരു പൂവാണ് ഉണ്ടാകുന്നത്. മൂന്ന് വര്‍ഷമാണ് കായ ഉണ്ടാകാന്‍ വേണ്ട സമയം. 10 വര്‍ഷം വേണം തേങ്ങയുടെ രൂപത്തിലാവാന്‍. 25 കിലോ മുതല്‍ 45 കിലോവരെ ഭാരം വരും ഇവക്ക്. ഗ്രേഡ് അനുസരിച്ചാണ് വില. വിത്ത് എന്നതിലുപരി നിരവധി ചരിത്രവിശ്വാസങ്ങളും ഇതിനു പിന്നിലുണ്ട്. എല്ലാ വിഷാംശങ്ങള്‍ക്കുമുള്ള മരുന്നായും വിത്തിനുള്ളിലെ ജെല്‍ ഉപയോഗിച്ചിരുന്നു.
115 ദ്വീപുകൾ ചേര്‍ന്ന രാജ്യമാണ് സീഷെയ്ല്‍സ്. പ്രാലേ, ക്യൂരിയസ് എന്നീ രണ്ട് ദ്വീപുകളിലാണ് കോകിഡിമോര്‍ കൂടുതലായി കാണപ്പെടുന്നത്. വൃക്ഷത്തിന്റെ ഫലം ഉണ്ടായാല്‍, ഗവണ്‍മെന്റിനെ ഏല്‍പ്പിക്കണമെന്നാണ് നിയമം. വിത്തിലെ ജെല്‍ ഭക്ഷ്യയോഗ്യമാണെങ്കിലും ഇവ ഉപയോഗിക്കാന്‍ സാധിക്കില്ല. ഇവ കൈവശം വെക്കണമെങ്കിലും നാട്ടിലേക്ക് കൊണ്ടുവരുന്നതിനും കൃഷി വകുപ്പിന്‍റെ പ്രത്യേക അനുമതി വേണം.
ലോകത്തിലെ ഏറ്റവും വലിയ ആമകള്‍, കടല്‍വിനോദത്തിലെ സ്‌കൂബാ ഡൈവ്, ബീച്ച് എന്നിവയാണ് സീഷെയ്ല്‍സിലെ മറ്റ് പ്രധാന കാഴ്ച്ചകളെന്നും ഫെനിൽ പറയുന്നു. നാട്ടില്‍ ഇത് കൊണ്ടുവന്നപ്പോള്‍ വിത്തിനെക്കുറിച്ച് അറിയുന്നതിനും കാണുന്നതിനും നിരവധിപേര്‍ വിളിക്കുന്നുണ്ടെന്നും ഫെനില്‍ പറഞ്ഞു. ഭാര്യ: നീതു. മക്കള്‍: സെറ, അല്‍ഫോണ്‍സാ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.