ഷാർജ മൻസൂറയിലെ ഒരു പച്ചക്കറി തോട്ടം
ജൈവ സംഗീതമാണ് വിഷു. കൃഷിയില്ലാതെ, കണിക്കൊന്ന പൂക്കളില്ലാതെ വിഷുവില്ല എന്നു തീർത്തുപറയാം. മണ്ണും മനുഷ്യനും വിത്തും കൈക്കോട്ടും ചേർന്ന് രാഗമാലികയിൽ കോർത്തെടുക്കുന്നമാനവികത അലിഞ്ഞു ചേർന്ന ജൈവ സംഗീതം. കേരള തനിമ കസവണിയുന്നത് പ്രവാസഭൂമികയിലാണെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. മറ്റ് വിദേശ നാടുകളെ അപേക്ഷിച്ച് അറബ് നാടുകളിൽ എല്ലാമേഖലയിലുമുള്ളവർ പ്രവർത്തിക്കുന്നു എന്നതു കൊണ്ടു തന്നെ ഒരു ഗ്രാമീണമായ താളം എല്ലാ ആഘോഷങ്ങളിലും മുന്നിട്ടുനിൽക്കുന്നത് കാണാം. അറബ് പ്രകൃതി തന്നെ മാറുകയാണ്. ഈ മാറ്റത്തിൽ മലയാളികൾ തങ്ങളുടെതായ പങ്ക് വഹിക്കുന്നുണ്ട്. ഇതിൽ ഏറെ പ്രധാനപ്പെട്ടതാണ് കൃഷി.
ഇത്തിരി ഇടത്ത് ഒത്തിരി കൃഷി ചെയ്യുക എന്ന ആശയം മട്ടുപ്പാവിൽ നിന്ന് തുടങ്ങി വിശാലമായ പാടങ്ങളിലേക്ക് വ്യാപിച്ച് കിടക്കുന്നു. വില്ലകളിൽ താമസിക്കുന്നവർക്ക് സ്ഥല സൗകര്യം ഉള്ളത് കൊണ്ട് ഒരു കേരളീയ അടുക്കള തോട്ടം തന്നെ തലയാട്ടി നിൽക്കുന്നത് കാണാം. മരുഭൂമിയിലെ കേരളീയരുടെ കൃഷി ഭ്രാന്ത് കണ്ടിട്ടാണെന്ന് തോന്നുന്നു നിരത്തുകളിലെ തണൽ മരങ്ങൾ കണിക്കൊന്ന മരങ്ങളിലേക്ക് വഴി മാറിയത്. മലയാളികൾ തിങ്ങി താമസിക്കുന്ന ഖിസൈസിലെ ബാഗ്ദാദ് റോഡിന് തണൽ വിരിക്കുന്നത് കണിക്കൊന്നകളുടെ മഞ്ഞ സൗന്ദര്യമാണ്. വടക്കൻ മലയിടുക്കുകളിൽ കൊന്നകൾ ധാരാളമുണ്ട്. ദുബൈയിലെ സബീൽ മേഖലയിലും കൊന്നകൾ മഞ്ഞപ്പട്ടു ചുറ്റുന്നു. മാർച്ചിൽ തന്നെ പൊന്നണിഞ്ഞിട്ടുണ്ട് കൊന്നകൾ. മലയാളികളെ തേടി മാർക്കറ്റുകളിലും കൊന്നപ്പൂക്കളും കണി വെള്ളരിയും എത്തുന്നു.
എന്നാൽ ചടങ്ങിനുള്ള വെള്ളരിയും കൊന്നപ്പൂവും പ്രകൃതിയിൽ നിന്നു തന്നെ കണ്ടെത്തുന്ന നിരവധി പേരുണ്ട്. വെള്ളരികൾ ധാരളമായി വളരുന്ന മണ്ണാണ് മരുഭൂമിയുള്ളത്. മരുഭൂമിയുടെ ആഴങ്ങളിൽ വെള്ളരിക്ക് സമാന സൗന്ദര്യമുള്ള ആട്ടക്കായ് എന്നും അറിയപ്പെടുന്ന പേക്കുമ്മട്ടി ധാരാളമായി വളരുന്നത് കാണാം. മരുഭൂ ആഴങ്ങളിലെ കണിയാണെങ്കിലും ഭക്ഷണത്തിൽ ഇവയെ ഉൾപ്പെടുത്താറില്ല, ഔഷധ നിർമാണത്തിലാണ് പ്രധാനമായും ഉപയോഗിക്കുന്നത്. യു.എ.ഇയുടെ വടക്കൻ മലയോര പ്രദേശങ്ങളിൽ ധാരളമായി പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്. പാട്ടത്തിനെടുത്ത പാടങ്ങളിൽ നൂറുമേനിയാണ് എന്നും. കറിവേപ്പില മുതൽ മലയാള സാമ്പാറിലെ താളമായതെല്ലാം ഇവിടെ തലയാട്ടി നിൽക്കുന്നത് കാണാം.
വിഷുവിനുള്ള കണിവെള്ളരി ഇവിടെ നിന്ന് കൊണ്ടുപോകുന്നവർ ധാരളമാണ്. വിഷുവിന്റെ പ്രധാനപ്പെട്ട പഴങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ചക്ക. വിഷുവിന് ചക്കക്ക് പനസം എന്നു മാത്രമേ പറയാവൂ, വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ ചേർത്തിരിക്കും. വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാൻ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. കേരളത്തിലെ ചില ഭാഗങ്ങളിൽ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.
പ്ലാവിന്റെ സംഗീതം വിഷുവിൽ അലിഞ്ഞു കിടക്കുന്നു. പണ്ടൊക്കെ മരുഭൂമിയിൽ പ്ലാവ് പേരിനുപ്പോലും ഉണ്ടായിരുന്നില്ല. മണ്ണാണ് പ്രശ്നം. എന്നാൽ ഇപ്പോൾ പ്ലാവിനായി മണ്ണ് പരുവപ്പെട്ടിരിക്കുന്നു. കൽബയിലും മറ്റും മലയാളിയുടെ സ്നേഹത്തിൽ പ്ലാവ് കായ്ക്കുന്നു. പത്ത് ചുളകൾ ഉള്ള ഒരു തുണ്ടം ചക്കക്ക് 10 ദിർഹം കൊടുക്കണം കടകളിൽ. ചക്കയിടാൻ ആളില്ലാത്തത് കാരണം വീണു കിടക്കുന്ന ചക്ക പഴങ്ങൾ കേരളത്തിലെ മിക്കയിടത്തെയും കാഴ്ച്ചയാണ്. കസവണിഞ്ഞ് വിഷുവിനെ വരവേൽക്കാനുള്ള തകൃതിയാണ് മലയാളികൾ. മാർക്കറ്റുകളിലും വിഷു തിരക്ക് ആരംഭിച്ചിട്ടുണ്ട്. നാട്ടിൽ വിഷു ആഘോഷിക്കാൻ വരുന്നവരും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.