തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഐരക്കര വേലിൽ വീട്ടൽ മൂന്നര ഏക്കറിലുള്ള സ്വന്തം ഭൂമിയിൽ 500 ലധികം ഔഷധസസ്യങ്ങളുമായി വിസ്മയം തീർക്കുകയാണ് ബംഗളൂരുവില്‍ ഐ.ടി എന്‍ജിനീയറായ എസെകിയല്‍ പൗലോസ്. നീരാമൃത്, നീർമാതളം, രുദ്രാക്ഷം, പാരിജാതം, കർപ്പൂരം, കുന്തിരിക്കം തുടങ്ങി ഔഷധസസ്യങ്ങളുടെ കലവറയാണ്.
കൂടാതെ അണലി വേഗം, ഒലിവ്, കൊടുവേലി, ഇരപിടിയൻ സസ്യം തുടങ്ങി അപൂർവ ഇനം ചെടികളും എസെകിയേലിന്റെ ഔഷധ തോട്ടത്തിലെ വേറിട്ട കാഴ്ചകളാണ്. പിതാവ് എ.സി പൗലോസ് ജോലി സംബന്ധമായ യാത്രക്കിടയിൽ കിട്ടിയ രുദ്രാക്ഷത്തിന്റെ തൈ വീട്ടിലേക്ക് കൊണ്ടുവരുന്നത്. പിതാവിന്റെ പാത പിന്തുടർന്നാണ് ഇദ്ദേഹം ഔഷധസസ്യ ശേഖരണം തുടങ്ങുന്നത്. 400 ലധികം വേറിട്ട സസ്യങ്ങളും ഇവിടെയുണ്ട്.
വീടിനു ചുറ്റും തൊടിയിലും പറമ്പിലും ഔഷധസസ്യങ്ങളും വിദേശ ഇനത്തിൽപെട്ട അപൂർവ ഇനം മരങ്ങളും നിറഞ്ഞ് നിൽക്കുന്ന കാഴ്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. വീടിന്റെ പ്രവേശന കവാടത്തിന് ഇരുവശത്തും അപൂർവ ഇനം ഔഷധ സസ്യങ്ങളെ പ്രത്യേകം സംരക്ഷിച്ച് നിർത്തിയിരിക്കുകയാണ്.
നല്ല വരുമാനം തന്ന ഒരേക്കർ റബര്‍ തോട്ടം വെട്ടിമാറ്റിയാണ് ഇന്റഗ്രേറ്റഡ് ഫാമിങ്ങിനായി തന്റെ ഭൂമി ഒരുക്കിയെടുത്തത്. അപൂര്‍വമായ ശിംശിപ, ഒലിവ്, കായാമ്പൂ തുടങ്ങിയവയും മൂന്നു തരം കറ്റാര്‍വാഴ, ഉദരരോഗ ചികിത്സക്ക് ഉപയോഗിക്കുന്ന അയ്യപ്പന, പേ വിഷബാധക്ക് ഉപയോഗിക്കുന്ന അംഗോലം, രാസ്നാദി ചെടിയായ അരത്ത, എട്ടുകാലി പച്ച, ആയുര്‍വേദ മരുന്നുകള്‍ക്ക് ഉപയോഗിക്കുന്ന ഗുല്ഗുലു, പാവട്ടം, മരമഞ്ഞള്‍, അശ്വഗന്ധ തുടങ്ങിയ ഔഷധസസ്യങ്ങളും ഇവിടെ വളര്‍ത്തുന്നുണ്ട്.
മുറിവുക്കാന് ഉപയോഗിക്കുന്ന ബിറ്റാഡിന്‍ പ്ലാന്റ് എന്ന സസ്യവും ഇവിടെയുണ്ട്. 40 ഇനം പഴവർഗ മരങ്ങളും കൃഷി ചെയ്യുന്നുണ്ട്. പുറത്ത് നിന്ന് എത്തിച്ച അപൂർവ ഇനം വാഴകളുടെ ശേഖരവും ഉണ്ട്. ഇത് കൂടാതെ താറാവ്, കരിങ്കോഴി, വളർത്തു മത്സ്യവും കൃഷി ചെയ്യുന്നുണ്ട്. ഒന്നര ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന കുളത്തിലാണ് മത്സ്യകൃഷി.
വീട്ടാവശ്യത്തിനുള്ള പച്ചക്കറിയും പറമ്പില്‍ കൃഷിചെയ്യുന്നുണ്ട്. മൂന്നര ഏക്കറിലെ കൃഷി കാണാനും അറിവ് നേടുന്നതിനുമായി നിരവധി സ്കൂളുകളിൽ നിന്നും വിദ്യാർഥികളുമായി അധ്യാപകരും മറ്റും എത്താറുണ്ടെന്ന് എസെകിയേൽ പറഞ്ഞു. 2007-2008 കാലഘട്ടത്തിലാണ് എസെകിയേൽ തന്റെ ഔഷധ സസ്യശേഖരം ആരംഭിച്ചത്. ഈ ഹോബിക്ക് പ്രയത്നവും ഒരു പരിധി വരെ പണവും ആവശ്യമാണ്.
ആദ്യത്തെ ജോലി കിട്ടിയപ്പോൾ അതിന്റെ ഭാഗമായി നാട് ചുറ്റിയപ്പോൾ ചെടികളുടെ ശേഖരണം ഗൗരവമായി എടുത്തിരുന്നു. ഔഷധ സസ്യങ്ങൾ ശേഖരിക്കുന്നവരുടെ ഒരു കൂട്ടായ്മയുടെ ഭാഗമായി താനും മാറിയതായി എസെകിയേൽ പറഞ്ഞു. കുടുംബത്തിന്റെ പിന്തുണയാണ് പ്രചോദനമെന്ന് എസെകിയേല്‍ പറഞ്ഞു. മാതാവ് സാറാമ്മ പൗലോസും എല്ലാ കാര്യങ്ങള്‍ക്കും ഉപദേശവും പിന്തുണയും നല്കുന്നു. ഭാര്യ ശ്രീഷയും മക്കളായ സെഫന്യാഹും സനീറ്റയും കൃഷിയിടത്തില്‍ പിന്തുണയുമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.