ഫോട്ടോഗ്രഫിയിലും കായികരംഗത്തും മാത്രമല്ല മികച്ച കര്‍ഷകനായും തിളങ്ങുകയാണ് ബെന്നി ശാലേം എന്ന യുവാവ്. ഏനാദിമംഗലം കുറുമ്പകര കോലിയാക്കോട്ട് പുത്തന്‍വീട്ടില്‍ ബെന്നി ലോക് ഡൗണില്‍ 10 പെട്ടി തേനീച്ചയെയും ഒരു കുളത്തില്‍ 800 മത്സ്യവും വളര്‍ത്തി തുടങ്ങിയതാണ്. 150ലേറെ പെട്ടികളില്‍ തേനീച്ചകളെ വളര്‍ത്തുന്ന ബെന്നി ഇപ്പോള്‍ എട്ടു കുളങ്ങളില്‍ മത്സ്യകൃഷി നടത്തുന്നു.
ശാലേംപുരത്തെ വീട്ടിലും ആസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന സുഹൃത്തിന്റെ വീട്ടുമുറ്റത്തുമാണ് ബയോഫ്‌ളോക് രീതീയില്‍ മത്സ്യങ്ങളെ വളര്‍ത്തുന്നത്. ചുരുങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ മീനുകളെ വളര്‍ത്തുന്നതാണ് ബയോഫ്ളോക് മത്സ്യകൃഷി. ബയോഫ്ളോക്ക് ടാങ്കുകള്‍ക്ക് 50000 രൂപ മുതല്‍ 75,000 രൂപ വരെയാണ് നിര്‍മാണച്ചെലവ്.
മീന്‍ കുഞ്ഞുങ്ങളെ അഞ്ച്-10 രൂപക്കു വാങ്ങി. ആറുമാസത്തോളം തീറ്റ കൊടുത്താല്‍ മാത്രമേ ഇവയ്ക്ക് ശരാശരി വളര്‍ച്ച ലഭിക്കൂ. തീറ്റയ്ക്ക് കിലോ 100 രൂപ മുതല്‍ മുതലാണ് വില. ഓരോ കുളത്തിലും 800-1000 മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചാണ് കൃഷി. ഗിഫ്റ്റ് തിലോപ്പിയ ആണ് പ്രധാനമായും വളര്‍ത്തുന്നത്. പെല്ലറ്റാണ് തീറ്റയായി നല്‍കുന്നത്.
കൃഷിയില്‍ അല്‍പം മെനക്കെട്ടാല്‍ തേനീച്ചകൃഷി ലാഭകരമാണെന്ന് ബെന്നി പറഞ്ഞു. തേനീച്ചകൃഷിയോട് താല്‍പര്യം ഉള്ളവര്‍ക്കു മാത്രമേ വിജയകരമാക്കാന്‍ കഴിയു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്പ് മുയലിനെ വളര്‍ത്തിയിരുന്ന ബെന്നിക്ക് ഇപ്പോള്‍ മുട്ടകോഴി വളര്‍ത്തലുമുണ്ട്.
പത്തനാപുരത്ത് ശാലേം ഡിജിറ്റല്‍ സ്റ്റുഡിയോയും ശാലേംപുരത്ത് ശാലേം ബാഡ്മിന്റന്‍ ഇന്‍ഡോര്‍ കോര്‍ട്ടും ഇദ്ദേഹത്തിനുണ്ട്. ഭാര്യ ജിന്‍സിയും മക്കള്‍ ആന്‍സനും ടാനിയയും കൃഷിയില്‍ പിന്തുണയും സഹായവുമായുണ്ട്. ഏനാദിമംഗലം കൃഷി അസിസ്റ്റന്റ് മനോജ് മാത്യു തനിക്ക് നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഏറെ ഗുണകരമാണെന്ന് ബെന്നി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.