പുൽപള്ളി: പ്രായം തളർത്താത്ത മനസ്സുമായി ഒരു കർഷകൻ. പുൽപള്ളി ചീയമ്പത്തെ ചെറുതോട്ടിൽ വർഗീസാണ് 91ാം വയസ്സിലും മരച്ചീനി കൃഷിയെ നെഞ്ചിലേറ്റുന്നത്. കുടിയേറ്റകാലത്തെ പട്ടിണി അകറ്റിയതിന്റെ ഓർമപുതുക്കിയാണ് ഇന്നും അദ്ദേഹം കൃഷിയിൽ വ്യാപൃതനാവുന്നത്.
കോതമംഗലത്തുനിന്ന് 30ാമത്തെ വയസ്സിലാണ് അദ്ദേഹം പുൽപള്ളിയിലെത്തിയത്. അന്ന് തെരുവകൃഷിയായിരുന്നു പുൽപള്ളിയിലടക്കം കൂടുതലായി ഉണ്ടായിരുന്നത്. തിരുവിതാംകൂറിൽനിന്ന് കുടിയേറിയ കർഷകരുടെ പട്ടിണി അകറ്റിയത് മരച്ചീനിയായിരുന്നു. അന്ന് ഭൂരിഭാഗം ആളുകളും ഭക്ഷ്യാവശ്യത്തിന് മരച്ചീനി നട്ടുപിടിപ്പിച്ചിരുന്നു. തീർത്തും ജൈവരീതിയിലാണ് കൃഷി. ചാണകവും ചാരവും കരിയിലയുമെല്ലാമാണ് വളം.
വീടിനോട് ചേർന്ന 50 സെന്റ് സ്ഥലത്താണ് അന്നും ഇന്നും കൃഷി. ഈ സ്ഥലത്ത് കപ്പയല്ലാതെ മറ്റൊന്നും കൃഷിചെയ്യാറില്ല. ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയവയും നട്ടുപിടിപ്പിച്ചിട്ടുണ്ട്. രാവിലെ എട്ടു മണിക്ക് കൃഷിയിടത്തിൽ ഇറങ്ങുന്ന ഇദ്ദേഹം 10 മണിവരെ പണികളിൽ ശ്രദ്ധിക്കുന്നു. വൈകുന്നേരത്തും കൃഷിപ്പണിക്കായി സമയം ചെലവഴിക്കുന്നു. മറ്റ് പണിക്കാരെയൊന്നും കൂട്ടാറുമില്ല.
പുതുതലമുറ കൃഷിയിൽനിന്ന് അകന്ന് ജീവിക്കാൻ ഇഷ്ടപ്പെടുമ്പോൾ പ്രായം തളർത്താത്ത മനസ്സുമായി മണ്ണിൽ അധ്വാനിക്കുകയാണ് വർഗീസേട്ടൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.