അ​ഹ്​​മ​ദ്​ സ​ആ​ബി 

മുലപ്പാലിന്‍റെ സ്നേഹത്തിന് അഹ്മദ് സആബിയുടെ പ്രായശ്ചിത്തം

മഹാരാഷ്ട്രയിലെ കോലാപുർ പട്ടണപ്രാന്തത്തിലെ കൊച്ചുകുടിൽ. ദാരിദ്ര്യം വിളിച്ചോതുന്ന പരിസരം. ഒരുദിവസം സമ്പന്നവേഷം ധരിച്ച ചെറുപ്പക്കാരൻ അപ്രതീക്ഷിതമായി കുടിലിലേക്ക് കടന്നുവന്നു.

കൂടെ സഹായിയുമുണ്ട്. മധ്യവയസ്സിലെത്തിയ ഖുർശിദ് എന്ന സ്ത്രീയും അവരുടെ മാതാപിതാക്കളുമാണ് കുടിലിൽ. ചെറുപ്പക്കാരൻ എല്ലാവരുടെയും മുഖങ്ങളിലേക്ക് മാറിമാറിനോക്കി. എന്നെ മനസ്സിലായോ എന്ന് ചോദിച്ചു. ഇല്ലെന്ന് എല്ലാവരും മറുപടി നൽകി.

അതിനിടെ മറാഠി കലർന്ന ഹിന്ദിയിൽ ഖുർശിദ് അയാളോട് ചോദിച്ചു. 'സഹോദരാ... താങ്കൾ ആരാണ്... പറയൂ'. ചോദ്യം കേട്ടതും ചെറുപ്പക്കാരൻ വിടർന്ന പുഞ്ചിരിയോടെ പറഞ്ഞു: ''ഞാൻ അങ്ങയുടെ സഹോദരനല്ല... മകനാണ്... ഉമ്മയുടെ മകൻ അഹ്മദാണ്...''ഖുർശിദിന്‍റെ കണ്ണുനിറഞ്ഞു, കണ്ഠം ഇടറി, ശബ്ദം നിലച്ചു... മുന്നോട്ടുനീങ്ങി അഹ്മദിനെ വാരിപ്പുണർന്നു. പ്രിയപ്പെട്ട മകനെ 11 വർഷങ്ങൾക്കുശേഷം കാണുകയായിരുന്നു അവർ.

12കാരനായ അഹ്മദ് സആബി മാതാപിതാക്കൾക്ക് ഒപ്പം. 1988ൽ ഇന്ത്യയിൽ പകർത്തിയ ചിത്രം 

12ാം വയസ്സി പിതാവിനൊപ്പം യു.എ.ഇയിലേക്ക് പോയതാണവൻ. എന്നാൽ, യാത്രയുടെ ആറുമാസത്തിനു ശേഷം പിതാവ് മരിച്ചു. അതോടെ, കത്തുകളിലൂടെ ബന്ധം തുടർന്നിരുന്നെങ്കിലും ഉമ്മയെ കാണാൻ അഹ്മദിന് വരാൻ പറ്റിയിരുന്നില്ല. മകൻ പിതാവിന്‍റെ നാട്ടിൽനിന്ന് ഏറെ വളർന്നിരിക്കുന്നു. ആ മാതാവിന് സന്തോഷത്തിന് അത് മതിയാവുമായിരുന്നു.

അഹ്മദ് സാലിം അൽ ശരീഫ് അൽ സആബി എന്ന ഇമാറാത്തി പൗരന്‍റെ ജീവിതാനുഭവത്തിലെ ചെറുചീന്താണിത്. ഇന്ത്യയുമായി അദ്ദേഹത്തിന് വേർപെടുത്താനാവാത്ത പൊക്കിൾക്കൊടി ബന്ധമാണ്. ഉമ്മയുടെ മുലപ്പാലിന്‍റെ മാധുര്യവും. അബൂദബിക്കാരനായ പിതാവ് സാലിം അൽ സആബി ഇന്ത്യയിലെ സന്ദർശനത്തിനിടെ ദരിദ്ര കുടുംബത്തിൽനിന്ന് വിവാഹം ചെയ്ത് മാതാവിനും കുടുംബത്തിനും സംരക്ഷകനാവുകയായിരുന്നു. അഹ്മദ് പിറക്കുന്നതിനുമുമ്പ് പിതാവിന് മടങ്ങേണ്ടിവന്നു.


അന്നൊന്നും പെട്ടെന്ന് തിരിച്ചെത്താൻ മാത്രം യാത്രാസൗകര്യമുണ്ടായിരുന്നില്ല. അതിനാൽ, മടങ്ങിയെത്താൻ വർഷങ്ങൾ പിന്നിട്ടു. അതിനിടയിൽ അവരുടെ കുടുംബത്തിന് എല്ലാ മാസവും ചെലവിനുള്ള പണമയച്ചു. ഈ പണം നൽകാതെ ചിലർ തട്ടിയെടുത്തതിനാൽ അഹ്മദിന്‍റെയും ഖുർശിദിന്‍റെയും ജീവിതത്തിൽനിന്ന് ദാരിദ്ര്യം വിട്ടിരുന്നില്ല. അങ്ങനെയിരിക്കെയാണ് 12ാം വയസ്സിൽ പിതാവ് ഇമാറാത്തിന്‍റെ മണ്ണിലേക്ക് അഹ്മദിനെ കൊണ്ടുപോകുന്നത്.

പെറ്റമ്മയെ വേർപിരിഞ്ഞെങ്കിലും യു.എ.ഇയിൽ അഹ്മദിന് ഒരു പോറ്റമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇമാറാത്തി സ്ത്രീയായ അവരുടെ വാൽസല്യം വേണ്ടുവോളം നുകർന്നാണ് പിതാവിന്‍റെ മരണശേഷം വളർന്നത്. ഇപ്പോഴും അവരെ മാതാവിനോളം സ്നേഹം നൽകി പരിചരിക്കുന്നുമുണ്ട്.

അഹ്മദ് ഇന്ന് ദുബൈ സർക്കാറിന് കീഴിലെ കമ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റിക്ക് കീഴിൽ സീനിയർ എക്സിക്യൂട്ടിവാണ്. ഇമാറാത്തിൽനിന്നുതന്നെ വിവാഹിതനായി, കുടുംബമായി ഷാർജയിൽ താമസിക്കുന്നു. നാലുവർഷം മുമ്പ് മരിച്ച ഉമ്മയുറങ്ങുന്ന, തന്‍റെ ബാല്യകാല ഓർമകളിലെ പ്രിയപ്പെട്ട ഇന്ത്യയോട് അടങ്ങാത്ത ഇഷ്ടം ഇപ്പോഴും സൂക്ഷിക്കുന്നു.

മാത്രമല്ല, അവിടെ പ്രളയവും ദുരിതവും സംഭവിക്കുമ്പോൾ അഹ്മദിന്‍റെ ഹൃദയം പിടയും. സഹായമെത്തിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യും. ഇത്തരത്തിൽ നിരവധി വീടുകളും നൂറുകണക്കിന് കുഴൽക്കിണറുകളും അദ്ദേഹം ഇന്ത്യയിൽ പല ഭാഗത്തും നിർമിച്ചുനൽകി. കേരളത്തിൽ പ്രളയമുണ്ടായപ്പോഴും അദ്ദേഹത്തിന്‍റെ സഹായമൊഴുകി. ഇന്ത്യക്കാരനായ ആരെ കണ്ടുമുട്ടുമ്പോഴും എന്‍റെ മാതാവിന്‍റെ നാടാണത് എന്നുപറയാൻ ഒരു മടിയുമില്ല. അവിടെനിന്നെത്തുന്ന പ്രവാസികളെ സഹായിക്കുന്നതിനും ആവേശമാണ്.

തന്‍റെ സിരകളിൽ ഇരുനാടിന്‍റെയും രക്തമൊഴുകുന്നു എന്നദ്ദേഹം പറയും. പരസ്പരം ചേർന്നും പങ്കുവെച്ചും ജീവിക്കുന്ന രണ്ടുനാടിനെയും സ്നേഹിക്കുന്നു. നന്ദി പറഞ്ഞാൽ തീരാത്ത നന്മകൾ അദ്ദേഹത്തിലൂടെ ഇന്ത്യക്ക് ലഭിക്കുന്നു... എന്നാൽ, തനിക്കിത് മുലപ്പാലിന്‍റെ സ്നേഹത്തിന് പ്രായശ്ചിത്തം മാത്രമാണെന്ന് അഹ്മദ് അൽ സആബി.

പങ്കുവെക്കാം നിങ്ങൾക്കും ഇത്തരം അനുഭവം

ഇമാറാത്തി പൗരൻമാരുടെ സ്നേഹം തൊട്ടറിഞ്ഞ നിരവധി പേർ ഈ പ്രവാസമണ്ണിലുണ്ട്. അതുപോലെ അഹ്മദ് സആബിയെ പോലെ ഇന്ത്യയെ അതിയായി സ്നേഹിക്കുന്നവരെ നിങ്ങൾക്കുമറിയാമായിരിക്കും. എങ്കിൽ 'ഗൾഫ് മാധ്യമ'ത്തിലൂടെ നിങ്ങൾക്കവരെ ലോകത്തിന് പരിചയപ്പെടുത്താം.

Full View

ജൂൺ 24, 25, 26 തീയതികളിൽ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന 'ഗൾഫ് മാധ്യമം'കമോൺ കേരളയോടനുബന്ധിച്ച് ജൂൺ 23ന് സംഘടിപ്പിക്കുന്ന 'ശുക്റൻ ഇമാറാത്തി'ൽ ഇന്ത്യയുടെ ആദരം അവർക്ക് നൽകാനും അവസരമുണ്ടാകും. യു.എ.ഇ പൗരൻമാർക്ക് പ്രവാസലോകം സമർപ്പിക്കുന്ന വലിയ സ്നേഹാദരമായിരിക്കും 'ശുക്റൻ ഇമാറാത്ത്'. ആ വേദിയിൽ നിങ്ങൾ സ്നേഹിക്കുന്ന, നിങ്ങളെ സ്നേഹിക്കുന്ന ഇമാറാത്തി പൗരൻ ഉണ്ടാകുമെന്ന് ഉറപ്പുവരുത്തൂ. ഫോൺ: 0556699188

Tags:    
News Summary - Ahmad Saabi's Atonement for Breastfeeding Love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.