72
ഇടിഞ്ഞുവീഴാറായ ഒരു പഴയ വീടായിരുന്നു അലോഷ്യസച്ചന്റെ പള്ളി. പായൽ പിടിച്ച ചുമരുകളിൽ ചുറ്റിനുമുള്ള തണൽമരങ്ങളുടെ നിഴലുകൾ വീണിരുന്നു. ഇല മൂടിപ്പോകുംപോലെ ചില്ലകൾ നിറഞ്ഞ് പറവകളുടെ കൂടുകൾ. നടപ്പാതയിൽ നിറയെ അവയുടെ വെളുത്ത കാഷ്ഠം ചിതറിക്കിടന്നിരുന്നു.
തനിച്ചാണ് അച്ചൻ കഴിഞ്ഞിരുന്നത്. രാത്രിയെന്നും പകലെന്നും വേർതിരിവില്ലാതെ പള്ളിയെപ്പോഴും തുറന്നിടും. മുറിക്കപ്പെട്ട അപ്പത്തിന്റെ ചിത്രമൊഴികെ അൾത്താരയിൽ മറ്റു രൂപങ്ങളൊന്നുമില്ല. നിലത്താണ് എല്ലാവരും ഇരിക്കുക. മെഴുതിരി വെട്ടത്തിൽ എന്നും കുർബാന. പള്ളിമണി മുഴങ്ങാറില്ല. ഇഷ്ടമുള്ളവർക്ക് വരാം. പ്രാർഥന തുടങ്ങുന്നതോടെ കിളികളാണ് ആദ്യമെത്തുക. തിളക്കമില്ലാത്ത ഓട്ടുപാത്രങ്ങളിൽ വാഴ്ത്തുന്ന അപ്പവും വീഞ്ഞും മനുഷ്യർക്കും മൃഗങ്ങൾക്കും പറവകൾക്കും ഒരുപോലെ വീതിച്ചു കൊടുക്കും. അൾത്താര നിറയെ പുസ്തകങ്ങളാണ്. ആർക്കും എപ്പോഴും ഇഷ്ടമുള്ളത് എടുത്തു വായിക്കാം.
ഞാറക്കടവിലേക്ക് അലോഷ്യസച്ചൻ വരുമെന്നൊരു റൂമർ കേട്ടെങ്കിലും മാമ്പള്ളിയച്ചൻ അതു വിശ്വസിച്ചിരുന്നില്ല. സഭയിൽനിന്നും പുറത്തുപോയതാണ്. മലമുകളിലെ പഴയ കെട്ടിടത്തിൽ കഴിയുന്നയാൾ ഇത്രയും ദൂരേക്ക് വരില്ലെന്നാണ് കരുതിയത്. ഒട്ടും പ്രതീക്ഷിക്കാതിരുന്ന നേരത്ത് പാതിരി എത്തിയത് മാമ്പള്ളിയച്ചന്റെ സ്വസ്ഥത കെടുത്തി. കരുതി വേണം അങ്ങേരുമായി സഹകരിക്കാനെന്ന് അടുപ്പമുള്ളവർക്കെല്ലാം ഒരു മുന്നറിയിപ്പും കൊടുത്തു.
ചന്തക്കടവിനോടു ചേർന്നുള്ള കെട്ടിടത്തിലാണ് അലോഷ്യസച്ചൻ സൊസൈറ്റി തുടങ്ങിയത്. സംസ്കൃതി എന്നായിരുന്നു പേര്. ഒരു ജർമൻ കുടുംബമാണ് അതിനു വേണ്ട സഹായമൊക്കെ അച്ചന് ചെയ്തുകൊടുത്തിരുന്നത്.
അലോഷ്യസച്ചന്റെ വരവ് ദീനാമ്മ മദറിന് സന്തോഷമുള്ള കാര്യമായിരുന്നു.
മദറിന്റെ ചിറ്റപ്പനും അലോഷ്യസച്ചനുംകൂടിയാണ് ടാപ്പിങ് തൊഴിലാളികളുടെ വേതനവർധനവിനു നിരാഹാരം കിടന്നത്. അന്ന് അലോഷ്യസച്ചൻ പൈനാവു പള്ളിയിലെ വികാരി. വൈകുന്നേരത്തെ കുർബാനക്കാണ് തൊഴിലാളികൾ വരുന്നത്. ഒരു ഞായറാഴ്ച കുർബാന കഴിഞ്ഞയുടനെ ചെങ്കൊടിയുമെടുത്ത് അച്ചൻ അൾത്താരയിൽനിന്നിറങ്ങി. പാതിരിയുടെ ഉറക്കെയുള്ള മുദ്രാവാക്യം കേട്ട് പകച്ചെങ്കിലും കണ്ടുനിന്നവർ പിന്നാലെ ചെന്നു. ചിലരത് ആവേശത്തോടെ ഏറ്റുവിളിച്ചു. എസ്റ്റേറ്റ് മുതലാളിയുടെ ബംഗ്ലാവിനു മുന്നിൽ അച്ചൻ കുത്തിയിരുപ്പ് തുടങ്ങിയതോടെ യൂനിയൻ നേതാക്കളും പരിഭ്രമിച്ചു. അന്ന് വൈകീട്ടു കണ്ടത്താനം ഇടവകയിലേക്ക് അച്ചനെ സ്ഥലംമാറ്റിയുള്ള ഉത്തരവിറങ്ങി. സമരപ്പന്തലിൽവെച്ച് വലിയ തിരുമേനിയുടെ ട്രാൻസ്ഫർ ഓർഡർ ഒപ്പിട്ടു വാങ്ങി, അച്ചൻ അത് കണ്ടംതുണ്ടം വലിച്ചുകീറി.
പുസ്തകങ്ങളാണ് മേബിൾ സിസ്റ്ററിനെ അലോഷ്യസച്ചനുമായി അടുപ്പിച്ചത്. കുറച്ചൊക്കെ എഴുത്തും വായനയുമുള്ള സിസ്റ്ററിന് ഞാറക്കടവിലെ അച്ചന്റെ പുസ്തകശേഖരം ഒരു സഹായമായിരുന്നു. സംസ്കൃതിയുടെ സാഹിത്യക്കൂട്ടായ്മയിൽ പങ്കെടുക്കണമെന്ന് അറിയിച്ചപ്പോൾ ദീനാമ്മ മദർ അതിന് അനുവാദവും കൊടുത്തു.
“ഒതപ്പുള്ള കഥകളും കവിതകളും വായിക്കാനുള്ള ഓരോ തത്രപ്പാടേ. കൂട്ടിനൊരു മദറും.”
അലോഷ്യസച്ചന്റെ സൊസൈറ്റിയിൽ പോകാൻ തുടങ്ങിയതോടെ മഠത്തിലുള്ളവരുടെ എതിർപ്പ് കൂടി. തനിച്ചിരിക്കുന്നത് കാണുമ്പോഴെല്ലാം ദീനാമ്മ മദർ ആശ്വസിപ്പിക്കും.
‘‘കുഞ്ഞിതൊന്നും കാര്യമാക്കേണ്ട. ഈ ഒറ്റപ്പെടലും ഏകാന്തതയുമാണ് എല്ലാ എഴുത്തുകാരെയും വളർത്തുന്നത്. കുഞ്ഞിനെപ്പോലെയായിരുന്നു ഞാനും. തിരക്കു കാരണമാണ് അതെല്ലാം നിന്നുപോയത്.’’
മേബിളിന്റെ കവിതകളിലെ നസ്രായനെ അവർക്ക് ഇഷ്ടമായിരുന്നു. മീൻ മണക്കുന്ന കടലോരവാസിയോടൊപ്പം അന്തിവെട്ടത്തിലിരുന്ന് അവൻ മത്സ്യം ചുട്ടുതിന്നുന്നതും വീഞ്ഞ് കുടിക്കുന്നതും വാക്കുകളുടെ ഇടയിലൂടെ അവർ കാണും. സ്ത്രീകളെയും കുഞ്ഞുങ്ങളെയും കാണുമ്പോൾ കൂടുതൽ തെളിവോടെ വിടരുന്ന അവന്റെ കണ്ണുകൾ. സ്നേഹം ചാലിച്ച പദങ്ങളിലൂടെ മേബിൾ വരച്ചിടാറുള്ള അവന്റെ കുന്തമുനയിൽ ചിതറിയ ചങ്കിനെ കാണുമ്പോൾ മദർ തൂവാലയെടുക്കും.
“ഈ കുഞ്ഞെന്നെ കരയിപ്പിക്കും.”
സാഹിത്യചർച്ചകളിൽ അലോഷ്യസച്ചൻ പറയാറുള്ള ദലിതരുടെ ജീവിതവും ഊരുകളിലെ ദാരിദ്ര്യവുമൊക്കെ മേബിൾ പങ്കുവെക്കും. സഭയെ വിമർശിക്കുന്ന കാര്യങ്ങളിലേക്ക് സംസാരമെത്തുമ്പോൾ അവർ ഭയപ്പെടും.
‘‘സഭാ കാര്യത്തെക്കുറിച്ച് ആരോടും അഭിപ്രായം പറയരുത്. മേലേന്നൊരു ചോദ്യം വന്നാൽ ഇതിനെല്ലാം അനുവദിച്ച എന്റെ കാര്യംകൂടി കഷ്ടത്തിലാകും. കരണ്ടും വെള്ളവുമില്ലാത്ത ഊരുകളിലെ മിഷൻ പ്രവർത്തനമാണ് ശിക്ഷ. മല കേറാനും മലമ്പനി പിടിച്ചു ചാകാനും എനിക്കു വയ്യ കുഞ്ഞേ.’’
‘‘മാമ്പള്ളിയച്ചൻ എന്തിനാണ് മഠത്തിന്റെ കാര്യങ്ങളിൽ ഇടപെടുന്നത്. മദർ സുപ്പീരിയറല്ലേ തീരുമാനം എടുക്കേണ്ടത്.’’
“ഞാറക്കടവിലൊരു മഠം വരാൻ സഹായിച്ചത് മാമ്പള്ളിയച്ചനാണ്. അതു നമ്മൾ മറക്കാൻ പാടില്ല. അലോഷ്യസച്ചന്റെ വാക്കുകൾ കേട്ട് വെറുതെ ആവേശം കൊള്ളേണ്ട. ടാപ്പിങ് തൊഴിലാളികൾക്കുവേണ്ടി അച്ചൻ സമരം ചെയ്യുമ്പോൾ ചെങ്കൊടിയുമായി ഒരു സിസ്റ്റർ ഒപ്പമുണ്ടായിരുന്നു. വലിയ തിരുമേനിയുടെ ഉത്തരവ് അച്ചൻ വലിച്ചുകീറിയതിനേക്കാൾ കന്യാസ്ത്രീ ചെങ്കൊടിയേന്തിയത് ആയിരുന്നു അന്ന് സഭയെ ചൊടിപ്പിച്ചത്. കടുത്ത നടപടി ഉണ്ടായി. അവരിപ്പോൾ എവിടെയാണെന്നുപോലും ആർക്കുമറിയില്ല. അവരെക്കുറിച്ചൊരു ഇന്റർവ്യൂവിൽ ചോദിച്ചപ്പോൾ ഞാനൊരിക്കലും അവരെ അതിനു പ്രേരിപ്പിച്ചില്ലെന്നായിരുന്നു അലോഷ്യസച്ചന്റെ മറുപടി.”
സംസ്കൃതിയിലെ കൂട്ടായ്മക്ക് മേബിൾ സിസ്റ്റർ പോകുന്നതിൽ ഏറ്റവും കൂടുതൽ എതിർപ്പു മാമ്പള്ളിയച്ചനായിരുന്നു. മഠത്തിൽ വരുമ്പോഴെല്ലാം അച്ചനത് പ്രകടിപ്പിച്ചു തുടങ്ങി.
പാർലറിലാണ് മാമ്പള്ളിയച്ചൻ മീറ്റിങ് വിളിച്ചുകൂട്ടുക. മുതിർന്ന കന്യാസ്ത്രീകൾ കസേരയിലിരിക്കും. ബാക്കിയുള്ളവർ നിലത്തെ കാർപെറ്റിലും. വെരോണിക്കു വേണ്ടി ഒരു കസേര എപ്പോഴും ഒഴിച്ചിടും. മീറ്റിങ്ങിന് ആമുഖമായുള്ള പാട്ട് തീരാറാകുമ്പോഴേ സിസ്റ്റർ എത്തുകയുള്ളൂ. ഭിത്തിയിൽ പിടിച്ച് ഓരോ ചുവടും പതുക്കെെവച്ചാണ് നടപ്പ്.
‘‘വെരോണിക്കെന്നാ വയ്യേ. ആകെ വിളറിയല്ലോ...’’
അച്ചനങ്ങനെ ചോദിച്ചതിനു പരസ്പരം നോക്കിയതല്ലാതെ സിസ്റ്റേഴ്സ് മറുപടി പറഞ്ഞില്ല. അലോഷ്യസച്ചന്റെ സൊസൈറ്റിയിൽ പോയതിന് മേബിളിനെ വഴക്കുപറയുമല്ലോ എന്ന സന്തോഷത്തോടെ അവളോടു കുറുമ്പുള്ള സിസ്റ്റേഴ്സ് കാത്തിരുന്നു.
‘‘എനിക്കൊരു പ്രധാന കാര്യം പറയാനുണ്ട്.’’
അച്ചൻ ആമുഖമായി അത്രയും പറഞ്ഞിട്ട് ഒരു പേപ്പറെടുത്ത് മേശപ്പുറത്ത് നിവർത്തിവെച്ചു.
‘‘ഇതാണ് ഞാറക്കടവിലൂടെ പോകുന്ന മലയോരഹൈവേയുടെ സ്കെച്ച്. സർക്കാരീന്ന് നമ്മുടെ ഒരു കൊച്ചൻ ചൂണ്ടി തന്നതാ.’’
മദറെഴുന്നേറ്റ് സ്കെച്ചിലേക്ക് നോക്കി.
കുരിശടയാളമുള്ള ലാൻഡ്മാർക്കുകളിലേക്ക് അച്ചന്റെ വിരൽ നീങ്ങി.
‘‘ഈ പ്ലാൻ അനുസരിച്ചുള്ള റോഡുവന്നാൽ മഠത്തിന്റെയും പള്ളിയുടെയും കുറച്ചധികം സ്ഥലം സർക്കാരു കൊണ്ടുപോകും. ഞാൻ നേരത്തെ പറഞ്ഞതുപോലെ ഇതു വരച്ചുണ്ടാക്കിയവർ പറയുന്ന ന്യായം പള്ളിക്കവിടെ കെട്ടിടങ്ങളോ ചമയങ്ങളോ ഇല്ലെന്നും വെട്ടിമാറ്റാൻ കുറച്ചു മരങ്ങൾ മാത്രമേയുള്ളൂ എന്നുമാണ്.’’
“മഠത്തിന്റെ പത്തിരുപതു സെന്റെങ്കിലും പോകുമല്ലോ അച്ചാ.’’
അവിരായുടെ പുരയിടം വാങ്ങിയതും കാടുപിടിച്ചു കിടന്നതൊക്കെ വെട്ടിത്തെളിച്ച് ഈ പരുവമാക്കിയതിന്റെ കഷ്ടപ്പാടുമൊക്കെ മദർ പറഞ്ഞുകൊണ്ടിരുന്നു.
‘‘അങ്ങനെ കൊടുക്കാൻ പറ്റുവോ മദറേ. സ്ഥലം നഷ്ടപ്പെടാതിരിക്കാനല്ലേ അടിയന്തിരമായി ഈ മീറ്റിങ് വിളിച്ചുകൂട്ടിയത്. പ്ലാൻ അംഗീകരിച്ചിട്ടൊന്നുമില്ല, ഇതൊക്കെ തീരുമാനിക്കുന്നതിനു മുന്നേ സർക്കാർ നമ്മളുമായി കൂടിയാലോചിക്കും. അതിനുള്ളിൽ പൊന്നുംവിലയ്ക്ക് എടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് നമുക്ക് രണ്ട് കപ്പേളകൾ പണിയണം. ഒന്ന് മഠത്തിന്റെ മുന്നിലും മറ്റൊന്ന് പള്ളിവക സ്ഥലത്തും. കപ്പേളയുണ്ടെങ്കിൽ എതിർവശത്തെ സ്ഥലം അക്വയർ ചെയ്ത് അവർ ചിലപ്പോൾ നമ്മളെ ഒഴിവാക്കും. ഇനി നിർബന്ധിപ്പിച്ചു കപ്പേള പൊളിപ്പിച്ചാൽ തന്നെ ഇപ്പോൾ കിട്ടുന്നതിന്റെ നാലിരട്ടിയെങ്കിലും നഷ്ടപരിഹാരവും കിട്ടും.’’
‘‘നമ്മുടെ കുറച്ച് സ്ഥലം പോയാലും ഹൈവേ വരുന്നത് നല്ല കാര്യമാണെന്നാണ് എന്റെ അഭിപ്രായം. റോഡിനു വീതിയില്ലാത്തതു കാരണം എത്ര അപകടങ്ങളാണ് ഞാറക്കടവിലുണ്ടാകുന്നത്.’’
മേബിൾ സിസ്റ്റർ ഇടക്കു കയറി സംസാരിച്ചത് ഇഷ്ടപ്പെടാതെ കുറച്ചുനേരം എല്ലാവരേയും നോക്കിയിരുന്നിട്ട് അച്ചൻ തുടർന്നു.
‘‘പൊതുസഭയിൽ സ്ത്രീകൾ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ബൈബിളിലുണ്ട്. സാഹിത്യത്തിൽ മുഴുകുന്നതിനൊപ്പം മേബിൾ സിസ്റ്റർ അതുകൂടി വായിക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ കോൺഗ്രിഗേഷന്റെ കാര്യമായിപ്പോയി. ചർച്ചിന്റെ മഠമായിരുന്നെങ്കിൽ മേബിളിനെ എന്തുചെയ്യണമെന്ന് ഞങ്ങൾക്കറിയാം.’’
“അച്ചൻ ക്ഷമിക്ക്, സിസ്റ്റർ അറിയാതെ പറഞ്ഞതാണ്.”
മദർ ഇടപെട്ടിട്ടും മാമ്പള്ളിയച്ചന്റെ മുഖം കനംവെച്ചു കിടന്നു.
‘‘ഞാൻ നിങ്ങളുടെ ധ്യാനഗുരുവാണ്. അതു മറക്കരുത്. സഭയ്ക്കു പുറത്തുള്ള ചിലരുടെ ഒതപ്പുകൾ കേട്ട് എന്നെയാരും എതിർക്കാൻ വരേണ്ട. മഠത്തിന്റെ നന്മയ്ക്കാണ് ഞാനിങ്ങനെ ഓടിനടക്കുന്നത്. ഇപ്പോൾ മീറ്റിങ് വിളിച്ചുകൂട്ടിയതും നിങ്ങളുടെ സ്ഥലംകൂടി പോകുന്ന കാര്യമായതുകൊണ്ടാണ്.’’
‘‘അച്ചൻ പറയൂ. ഞങ്ങൾ അനുസരിക്കാം.’’
നിലത്തിരുന്ന് വിഷമിക്കുന്ന ലൂസി സിസ്റ്ററിനും ഒരു കസേരയിട്ടു കൊടുക്കാൻ പറഞ്ഞിട്ട് അച്ചൻ തുടർന്നു.
“ഞാനറിയാതെ മേബിളിനെ അലോഷ്യസച്ചന്റെ കൂട്ടായ്മയിലേക്ക് വിട്ടത് ശരിയായില്ല. ഇനി അത് ആവർത്തിക്കാൻ പാടില്ല. മേബിളിനു കവിത എഴുതണമെന്ന് തോന്നുമ്പോൾ മിശിഹായുടെ പീഡകളെക്കുറിച്ചോ മറിയത്തിന്റെ വിമലഹൃദയത്തേക്കുറിച്ചോ എഴുതട്ടെ. ചൂരമാവിലെ പ്രസിൽ അത് അച്ചടിപ്പിച്ച് ഇടവകതോറും വിൽക്കുന്ന കാര്യം അച്ചനേറ്റു.’’
മേശപ്പുറത്ത് നിവർത്തിവെച്ചിരുന്ന കടലാസും ചുരുട്ടിയെടുത്ത് അച്ചൻ എഴുന്നേറ്റു.
‘‘നഷ്ടപ്പെട്ട കുഞ്ഞാടുകൾക്കുവേണ്ടിയുള്ള അലച്ചിലാ നമ്മുടെ ജീവിതം. നമുക്ക് നമ്മളെത്തന്നെ നഷ്ടപ്പെടാനിടയാകരുത്.’’
മീറ്റിങ് അവസാനിപ്പിച്ച് അച്ചൻ മദറിന്റെ ഓഫീസ് മുറിയിലേക്ക് ചെന്നു. മുഷിഞ്ഞ് സംസാരിക്കേണ്ടി വന്നതിന്റെ പിരിമുറുക്കത്തോടെ അച്ചൻ കുറച്ചുനേരം മിണ്ടാതിരുന്നു. പാതിരിയോട് എന്തു പറയണമെന്ന് അറിയാതെ മദർ മേശപ്പുറത്തിരുന്ന പുസ്തകം വെറുതെ മറിച്ചു.
‘‘കപ്പേളയിൽ ഗീവർഗീസിനെ വെയ്ക്കാമെന്നാ കരുതുന്നത്. കുതിരയും പാമ്പുമൊക്കെ ഉള്ളതുകൊണ്ട് ജാതീം മതോം നോക്കാതെ നേർച്ചക്കാശു പെട്ടീല് വീഴും. മഠത്തിന്റെ കപ്പേളയിലൊരു പുതിയ ആളാവും നല്ലത്.’’
അച്ചൻ പറയുന്നതെല്ലാം കേട്ടിരുന്നതല്ലാതെ മദറൊന്നും മിണ്ടിയില്ല. കീഴാളരുടെ ലോകത്തെക്കുറിച്ച് മേബിൾ പറയുന്നത് കേട്ടിരിക്കുമ്പോഴെല്ലാം അനുഭവിക്കേണ്ടി വരുന്നതുപോലൊരു നിസ്സഹായത. ഒന്നുരണ്ട് അവയവങ്ങളുടെ ആകാരത്തിലും പ്രവൃത്തിയിലുമുള്ള വ്യത്യാസത്തിൽ ഒരു മനുഷ്യജീവി മറ്റൊന്നിന്റെ മുന്നിൽ അടിമയെപ്പോലെ നിൽക്കേണ്ടിവരുന്നു. കട്ടിക്കണ്ണട ഊരിയും തുടച്ചും ഉള്ളിൽ നിറയുന്നതൊക്കെ അമർത്താൻ മദർ പണിപ്പെട്ടു.
‘‘ഒരു വിശുദ്ധയുണ്ടാവുന്നത് മദറിന്റെ കോൺഗ്രിഗേഷനൊരു മുതൽക്കൂട്ടാണ്. പലരും അതു ചെയ്യുന്നുണ്ട്. ഇപ്പഴേ തുടങ്ങിയാ രണ്ടു കൊല്ലംകൊണ്ട് ദൈവദാസപദവി ഒപ്പിച്ചെടുക്കാം. അതിനിവിടത്തെ ബിഷപ്പിന്റെ സമ്മതം മതിയാകും. വാഴ്ത്തപ്പെട്ടവളും വിശുദ്ധയുമൊക്കെ ആകുന്നതിനുള്ള തീരുമാനം റോമിൽനിന്നു വരണം. അതുടനേ വേണമെന്നില്ല. ദൈവദാസപദവി കിട്ടിയാൽ അതു ലഭിക്കുന്നയാൾക്കു വേണ്ടിയൊരു കപ്പേള പണിയുന്നതിന് ആരും തടസ്സമൊന്നും പറയില്ല.’’
എല്ലാറ്റിനും മൂളിയതല്ലാതെ മദർ ഒന്നും പറഞ്ഞില്ല. മറന്നുവെച്ച കൂടയുമായി ലൂസി സിസ്റ്റർ വരുന്നതു കണ്ട് അച്ചൻ എഴുന്നേറ്റു.
‘‘നിങ്ങളുടെ ചരിത്രമൊക്കെ മദറൊന്നു ചികഞ്ഞ് നോക്ക്. ഒരുവിധം നന്നായി ജീവിച്ച ആരെങ്കിലും നിങ്ങളുടെ കൂട്ടത്തിലുമുണ്ടാവും. ബാക്കിയെല്ലാം നമുക്ക് ഉണ്ടാക്കാവുന്നതേയുള്ളൂ.’’
73
തുറന്നിട്ട ജനാലയിലൂടെ മേബിൾ സിസ്റ്റർ ആകാശത്തെ നക്ഷത്രങ്ങളെ നോക്കിയിരുന്നു. യാമ പ്രാർഥന ചൊല്ലിയിട്ടും കപ്പളങ്ങ മരത്തിൽ കാറ്റുപിടിച്ചതുപോലെ അവളുടെ മനസ്സിലേക്ക് വീണ്ടും മാമ്പള്ളിയച്ചന്റെ പൊള്ളുന്ന വാക്കുകളെത്തി.
പടകിനെയുലച്ച് വീണ്ടുമൊരു കൊടുങ്കാറ്റും പേമാരിയും. കവിതയിലേറി വന്ന നസ്രായനോട് അവൾ ചോദിച്ചു.
“പൊതുസഭയിൽ വെച്ച് സ്ത്രീ സംസാരിക്കാൻ പാടില്ലെന്നാണ് പാതിരി പറയുന്നത്. നീ എവിടെയെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ. എപ്പോഴും സ്ത്രീകളെ നീ ചേർത്തുനിർത്തിയിട്ടല്ലേയുള്ളൂ. പിറവി മുതൽ മരണംവരെ നിനക്ക് കൂട്ട് ഞങ്ങളായിരുന്നില്ലേ. കൂടെ നിൽക്കേണ്ട നിന്റെ ചങ്ങാതിമാരെല്ലാം ജീവനെ പേടിച്ച് ഓടിയൊളിച്ചപ്പോൾ കുരിശിൻചുവട്ടിൽ നിന്നെ ആശ്വസിപ്പിക്കാൻ ഞങ്ങളല്ലേ ഉണ്ടായിരുന്നുള്ളൂ. മരണകിടക്ക വിട്ട് നീ എഴുന്നേറ്റപ്പോഴും നിന്നെ കാത്തിരുന്നതും ഒരു പെണ്ണായിരുന്നില്ലേ.
റബ്ബോനി, നീ കേട്ടില്ലേ മഹാപുരോഹിതന്റെ ശബ്ദം. സഭയിൽ സ്ത്രീ സംസാരിക്കാൻ പാടില്ലെന്ന്. പുരുഷനൊപ്പം ഇരിക്കാൻ വയ്യ. അവൾക്ക് ആഭരണം പാടില്ല. മുടി മറയ്ക്കണം. നിന്റേതെന്നു പറയപ്പെടുന്ന ഈ മഹാഗ്രന്ഥത്തിൽ എങ്ങനെ ഇത്തരം തെറ്റുകൾ എഴുതിച്ചേർക്കപ്പെട്ടു.
മേലങ്കി തയ്യൽ കൂടാതെ നെയ്ത അവന്റെ അങ്കിയിൽ പിടിച്ച് അവൾ അവനെ ജനാലയുടെ അടുത്തേക്ക് ചേർത്തു നിർത്തി. കാറ്റിലിളകുന്ന ജാലകവിരി മാറ്റി അവന്റെ മുഖം അവൾ അടുപ്പിച്ചു.
“പ്രിയനേ. ഞാനിതു തിരുത്തുകയാണ്.”
ദേവാലയത്തിലെ തിരശ്ശീല നെടുകെ പിളർന്നതുപോലെ ബൈബിളിൽനിന്ന് മാമ്പള്ളിയച്ചൻ പറയാറുള്ള ഭാഗങ്ങളെല്ലാം മേബിൾ വലിച്ചുകീറിയെടുത്തു.
ജനാലയുടെ പുറത്ത് വീർപ്പുമുട്ടി നിന്ന കാറ്റപ്പോൾ അവളുടെ മുടിയിഴകളെ ചിതറിച്ചുകൊണ്ട് അകത്തേക്ക് പ്രവേശിച്ചു.
74
എവിടെനിന്നോ കടലാസ് കരിയുന്ന മണം അനുഭവപ്പെട്ടു തുടങ്ങിയതും ദീനാമ്മ മദർ എഴുന്നേറ്റു കുശിനിയിലേക്ക് ചെന്നു. കഴുകിയ പാത്രങ്ങളെല്ലാം ഭംഗിയായി അടുക്കിവെച്ചിട്ടുണ്ട്. കൊടംപുളിയിട്ടു വെച്ച മീൻകറിയുടെ മണം കിച്ചനുള്ളിൽ നിറഞ്ഞുനിന്നു. ഗ്യാസ് സിലണ്ടറിന്റെ വാൽവുകൾ അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തി അടുക്കളവാതിൽ ചാരുമ്പോഴാണ് ഒരു ആന്തൽപോലെ വെരോണിയെക്കുറിച്ച് ഓർത്തത്.
വെരോണി സിസ്റ്ററിന് രോമം വളരുന്നത് പേടിയായിരുന്നു. മെഴുതിരി കത്തിച്ച് കരിയിച്ചു കളയും. കുളിമുറിയിൽ നിന്നങ്ങനെ കരിഞ്ഞമണം തുടർച്ചയായതോടെ മദറാണത് കണ്ടുപിടിച്ചത്. ഹെയർ ഇറേസർ വാങ്ങിക്കൊടുത്തെങ്കിലും ചിലപ്പോഴൊക്കെ മെഴുതിരിപ്രയോഗം ആവർത്തിക്കും. ഇതൊക്കെ അറിഞ്ഞതിനുശേഷമാണ് മുറിയുടെ വാതിലിന്റെ ഓടാമ്പൽ ആശാരിയെക്കൊണ്ട് എടുപ്പിച്ചു കളഞ്ഞത്. എന്നിട്ടും ആധി മാറാതെ ആഗ്നസിനെ കൂട്ടുകിടത്തി.
അകത്തുനിന്ന് പൂട്ടാനാവാത്തതു കാരണം മദർ തള്ളിയതും വാതിൽ തുറന്നു. താഴെ ആഗ്നസ് കിടപ്പുണ്ട്. കട്ടിലിൽനിന്ന് വെരോണിയുടെ കൂർക്കംവലി. തിരികെ റൂമിലേക്ക് വന്നിട്ടും എന്തോ കരിയുന്ന നാറ്റം.
ഒന്നിനു മീതെ ഒരു പാന്റീസുകൂടി ഇട്ടാലേ വെരോണിക്ക് ഉറക്കം വരൂ. ഇടുന്നത് ഊരാനും മടിയാണ്. മിക്കപ്പോഴും തുടയിടുക്കുകൾ ചൊറിഞ്ഞു പൊട്ടും. അടിവസ്ത്രം നീക്കുന്ന കാര്യം പറയുമ്പോഴേ പേടിച്ചു വിറയ്ക്കും. ചൊറിച്ചിൽ കൂടുമ്പോൾ തുരിശു കലക്കിയ വെള്ളം ചരുവത്തിലൊഴിച്ച് അതിൽ പിടിച്ചിരുത്തും. അപ്പോഴും ഉടുത്തിരുന്നതൊന്നും നീക്കാൻ സമ്മതിക്കില്ല.
ഒരുദിവസം സിസ്റ്റർമാരെല്ലാവരും ചേർന്ന് കട്ടിലിൽ പിടിച്ചു കിടത്തി അതങ്ങു നീക്കി. തുടയിടുക്കിൽ ചെറുവിരൽ കയറാൻ പാകത്തിൽ ചൊറിഞ്ഞുപൊട്ടിയ മുറിവ്. മരുന്നുപുരട്ടി ഉണങ്ങുംവരെ കട്ടിലിൽനിന്നിറക്കിയില്ല.
തിരുവുടുപ്പ് വായിൽ കടിച്ചുപിടിച്ച് വെരോണി കരയുന്നതു കണ്ട് മദറും കരഞ്ഞു. മുറിവുണങ്ങിയാൽ പഴയതുപോലെ ഉടുക്കാമെന്ന് എല്ലാവരും സമാധാനപ്പെടുത്തി. മനസ്സിനു സുഖമില്ലെങ്കിൽ അതിനെ വീട്ടിലേക്ക് പറഞ്ഞുവിടാൻ സുപ്പീരിയർ എപ്പോഴും പറയും. വീട്ടിലൊരാൾക്ക് അസുഖം വന്നാൽ അയാളെ നമ്മൾ എങ്ങോട്ടെങ്കിലും പറഞ്ഞുവിടുമോ. മഠവും ഒരു വീടല്ലെ, പറഞ്ഞുവിടാനൊരു മടി. മലമുകളിലെ മഠത്തിൽ വെരോണിക്കൊരു സ്വസ്ഥതയും കിട്ടാതെ വന്നതോടെ ദീനാമ്മ മദറാണ് അതിനെ ഞാറക്കടവിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
വചനം വായിച്ചു കിടന്നിട്ടും കടലാസ് കരിഞ്ഞതുപോലുള്ള മണം മദറിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. പ്രാർഥനയേറെ ചൊല്ലിയിട്ടും വിട്ടുമാറാതെ ചില ആകുലതകൾ തന്റെ തലയിൽ കൂടൊരുക്കുന്നുണ്ടെന്നൊരു തോന്നൽ. ഒരു മരണം മഠത്തിലേക്ക് വരുന്നപോലെ. അച്ചൻ പറഞ്ഞതുപോലെ ഒരു ദൈവദാസി മഠത്തിനുണ്ടായാൽ പൊതുജനത്തിന്റെ വരവും പ്രാർഥനയുമൊക്കെയായി മഠത്തിലെ പേടികൾ മാറിയേനെ. ആരെയാണ് വിശുദ്ധയാക്കുക.
മഠത്തിലെ ഏറ്റവും വലിയ സഹനക്കാരി വെരോണിയാണ്.
പേക്ഷ അവൾ ജീവിച്ചിരിക്കുകയല്ലേ.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.