ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾക്ക് 35% സബ്​സിഡി

സൂക്ഷ്മ ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് സാമ്പത്തിക, സാങ്കേതിക, വിപണന പിന്തുണ നൽകുന്നതിനായി രൂപവത്കരിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയാണ്‌ പ്രധാനമന്ത്രി ഭക്ഷ്യ സംസ്കരണ വ്യവസായ ഉന്നമന പദ്ധതി (പി.എം.എഫ്‌.എം.ഇ സ്കീം). കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറുമായി സഹകരിച്ച്‌ 60:40 എന്ന അനുപാതത്തിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 2020-21 മുതൽ അഞ്ചുവർഷ കാലയളവുള്ള പദ്ധതിക്കായി 10,000 കോടി രൂപയാണ്‌ വകയിരുത്തിയിരിക്കുന്നത്‌.

അസംസ്കൃത വസ്തുക്കളുടെ ലഭ്യത, പൊതുസേവനങ്ങൾ, ഉൽപന്നങ്ങളുടെ വിപണന-വിതരണം എന്നിവയുടെ പ്രയോജനം ഓരോ ഉൽപന്നത്തിനും ലഭിക്കുന്നതിനായി ഒരു ജില്ല ഒരു ഉൽപന്നം (ഒ.ഡി.ഒ.പി) എന്ന മാനദണ്ഡം അടിസ്ഥാനമാക്കിയാണ്‌ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്‌. ജില്ലയിൽ വ്യാപകമായി ഉൽപാദിപ്പിക്കപ്പെടുന്ന/ പെ​െട്ടന്നു കേടാവുന്ന വിളവിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഉൽപന്നമോ ധാന്യത്തെ അടിസ്ഥാനമാക്കിയുള്ള ഉൽപന്നമോ/ ഒരു ഭക്ഷ്യോൽപന്നമോ ആവാം.

ജില്ലയും ഉല്‍പന്നവും
തിരുവനന്തപുരം-മരച്ചീനി
കൊല്ലം-മരച്ചിനിയും മറ്റു കിഴങ്ങു വിളകളും
പത്തനംതിട്ട -ചക്ക
ആലപ്പുഴ-നെല്ല്‌
കോട്ടയം -പൈനാപ്പിൾ
ഇടുക്കി-സുഗന്ധവ്യഞ്ജനം
എറണാകുളം-പൈനാപ്പിൾ
തൃശൂർ-നെല്ല്‌ അനുബന്ധ ഉല്‍പന്നങ്ങൾ
മലപ്പുറം-നളികേര അനുബന്ധ ഉല്‍പന്നങ്ങൾ
പാലക്കാട്‌-നേന്ത്രക്കായ
കോഴിക്കോട്-നാളീകേര അനുബന്ധ ഉല്‍പന്നങ്ങൾ
കണ്ണൂർ-നാളികേര വെളിച്ചണ്ണ
വയനാട്‌-പാൽ അനുബന്ധ ഉല്‍പന്നം
കാസർകോട്​-കല്ലുമക്കായ്‌
ആനുകൂല്യങ്ങൾ

പദ്ധതി ചെലവിന്‍റെ 35 ശതമാനം/ പരമാവധി 10 ലക്ഷം രൂപ വരെ ക്രെഡിറ്റ്‌ ലിങ്ക്ഡ്‌ മൂലധന സബ്​സിഡി. പ്രോജക്ട്‌ ചെലവിന്‍റെ 10 ശതമാനം ഗുണഭോക്തൃ വിഹിതവും ബാക്കി തുക ബാങ്ക്‌ വായ്പയും ആകണം. സംരംഭം പ്രൊപ്രൈറ്ററിയോ/പാർട്​ണർഷിപ്പോ ആകാം. ജില്ലയിലെ ഒ.ഡി.ഒ.പി സംരംഭങ്ങൾക്കാണ്‌ പ്രഥമ പരിഗണന. നിലവിലുള്ള സംരംഭങ്ങളെയും പരിഗണിക്കപ്പെടുമെങ്കിലും പുതിയ യൂനിറ്റുകൾ വ്യക്തികൾക്കുള്ളതായാലും സംഘങ്ങൾക്കുള്ളതായാലും ഒ.ഡി.ഒ.പി ഉല്‍പന്നങ്ങൾ മാത്രമേ പരിഗണിക്കൂ.

എഫ്‌.പി.ഒ /എസ്‌.എച്ച്‌.ജി /ഉല്‍പാദക സഹകരണ സംഘങ്ങൾ പോലെയുള്ള ഗ്രൂപ്പുകൾക്ക്‌ മൂല്യവർധന പ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ ഗ്രേഡിങ്, ഗുണനിലവാരം പരിശോധന, സൂക്ഷിച്ചു​െവക്കൽ, പൊതു സംസ്കരണം, പാക്കേജിങ്, വിപണനം, പരിശോധനാ ലബോറട്ടറികൾ എന്നീ പദ്ധതികൾക്ക് പിന്തുണ.

എസ്‌.എച്ച്‌.ജികൾക്ക്‌ പ്രവർനത്തന മൂലധനത്തിനും ചെറിയ ഉപകരണങ്ങൾ വാങ്ങുന്നതിനുമായി ഓരോ അംഗത്തിനും 40,000 രൂപയുടെ പ്രാരംഭ മൂലധനം ലഭ്യമാക്കും. കൂടാതെ, ഭക്ഷ്യ സംസ്കരണ സംരംഭം നടത്തുന്ന ഒരു അംഗത്തിന് 35 ശതമാനം ക്രെഡിറ്റ്‌ ലിങ്ക്ഡ്‌ ഗ്രാന്‍റ്​.

പൊതു അടിസ്ഥാന സൗകര്യങ്ങൾക്കുള്ള സഹായം ക്രെഡിറ്റ്‌ ലിങ്ക്ഡ്‌ ഗ്രാന്‍റ്​ 35 ശതമാനം എന്ന നിരക്കിൽ എഫ്‌.പി.ഒ /എസ്‌.എച്ച്‌.ജി /സഹകരണ സംഘങ്ങൾ /സർക്കാർ ഏജൻസികൾ /സ്വകാര്യ സംരംഭങ്ങൾ എന്നിവർക്ക്‌ ലഭിക്കും. ബ്രാൻഡിങ്ങിനും വിപണനത്തിനുമുള്ള പിന്തുണ എഫ്‌.പി.ഒ. /എസ്‌.എച്ച്‌.ജി /സഹകരണ സംഘങ്ങൾക്കോ ലഭ്യമാക്കും. ഇതിലുള്ള പിന്തുണ ആകെ ചെലവിന്‍റെ 50 ശതമാനത്തിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്‌.

അപേക്ഷയും തെരഞ്ഞെടുപ്പും

പദ്ധതി ആനുകൂല്യങ്ങളെല്ലാം ബാങ്ക്‌ വായ്പയുമായി ബന്ധപ്പെടുത്തിയാണ്‌. ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പ അനുവദിക്കുന്നതിനനുസരിച്ച് പദ്ധതിക്കായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ www.mofpi.nic.in/pmfme ൽ നൽകണം. അപേക്ഷകന്‍റെ തിരിച്ചറിയൽ രേഖയും സംരംഭത്തിന്‍റെ രജിസ്ട്രേഷനും ലൈസൻസുകളും മറ്റു രേഖകളും പദ്ധതിയുടെ പൂർണമായ പ്രോജക്ട്‌ വിശദാംശങ്ങളും (ഡി.പി.ആർ) സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കുന്നതിനുവേണ്ട സഹായം ജില്ല വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക്‌ വ്യവസായ ഓഫിസ്‌, ബ്ലോക്ക്‌ വികസന ഓഫിസർമാരിൽനിന്നും ലഭിക്കും. കേരള ബ്യൂറോ ഓഫ്‌ ഇന്‍ഡസ്ട്രിയൽ പ്രൊമോഷനാണ്‌ (കെ-ബിപ്‌) സംസ്ഥാനത്തെ പദ്ധതിയുടെ നോഡൽ ഏജൻസി.

Tags:    
News Summary - 35% subsidy for food processing enterprises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.