ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിമൂലം രാജ്യത്തെ വിമാനക്കമ്പനികളുടെ വരുമാനത്തിൽ 85.7 ശതമാനം കുറവുണ്ടായതായി വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി. 2020-21ലെ ആദ്യ പാദത്തിൽ 3651 കോടി രൂപ മാത്രമാണ് ലഭിച്ചത്.
2019 ഏപ്രിൽ-ജൂണിൽ 25,517 കോടി രൂപ നേടിയ സ്ഥാനത്താണ് വരുമാനത്തിലെ വൻ ഇടിവ്. ഈ സമയത്ത് കമ്പനികളിലെ ജീവനക്കാരും കാര്യമായി കൊഴിഞ്ഞുപോയി. മാർച്ച് അവസാനം 74,887 ജീവനക്കാരുണ്ടായിരുന്നുവെങ്കിൽ ജൂലൈ അവസാനമായപ്പോൾ അത് 69,589 പേരായി. വിമാനത്താവളങ്ങളുടെ പ്രവർത്തന വരുമാനത്തിലും വലിയ കുറവുണ്ടായതായി രാജ്യസഭയിൽ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
2019 ഏപ്രിൽ-ജൂൺ കാലയളവിൽ 5745 കോടി രൂപ ലഭിച്ചിടത്ത് 2020ൽ ഇതേ സമയം 894 കോടി രൂപയാണ് ലഭിച്ചത്. ആഗസ്റ്റ് 31 വരെ വന്ദേ ഭാരത് മിഷൻ സർവീസുകൾ വഴി എയർ ഇന്ത്യക്ക് 2556.60 കോടി രൂപ ലഭിച്ചതായും മന്ത്രി പറഞ്ഞു.
കോവിഡ് കണക്കിലെടുത്ത് മാർച്ച് 25 മുതൽ മേയ് 24 വരെ ആഭ്യന്തര വിമാന സർവിസുകൾ ഉണ്ടായിരുന്നില്ല. മേയ് 25 മുതൽ നിയന്ത്രിത രീതിയിലാണ് പുനരാരംഭിച്ചത്.
ഇൗ വർഷം ആഗസ്റ്റിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 76 ശതമാനം കുറഞ്ഞതായി വ്യോമയാന ഡയറക്ടർ ജനറൽ വാർത്തക്കുറിപ്പിൽ അറിയിച്ചു. 28.32 ലക്ഷം യാത്രക്കാരാണ് വിവിധ വിമാനങ്ങളിൽ യാത്രചെയ്തത്. ഇൻഡിഗോയിലായിരുന്നു ഏറ്റവും കൂടുതൽ- 16.82 ലക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.