ന്യൂഡൽഹി: ജി.എസ്.ടി സംബന്ധിച്ച വിവാദങ്ങളിൽ പാർലമെന്റിൽ പ്രതിരോധവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. പണപ്പെരുപ്പം തടയുന്നതിലും കേന്ദ്രസർക്കാറിന് വീഴ്ചപ്പറ്റിയിട്ടില്ലെന്ന് നിർമ്മല പറഞ്ഞു. യു.പി.എ സർക്കാറിന്റെ അവസാന ആറു മാസക്കാലത്തെ വിലയുമായി ഇപ്പോഴത്തെ വിപണിവില താരതമ്യം ചെയ്താൽ അത് മനസിലാകുമെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു. കുടുംബങ്ങളിൽ ജി.എസ്.ടി ബാധ്യത സൃഷ്ടിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
ജി.എസ്.ടി സംബന്ധിച്ച് ഉയരുന്ന ചില ഊഹാപോഹങ്ങൾക്കും മന്ത്രി വ്യക്തത വരുത്തി. ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുമ്പോഴും ചെക്ക്ബുക്കുകൾക്കും ജി.എസ്.ടി ഈടാക്കുന്നില്ല. ശശ്മാശനത്തിനും ആശുപത്രികളിലെ കിടക്കകൾക്കും ജി.എസ്.ടിയുണ്ടാവില്ലെന്ന് അവർ പറഞ്ഞു.
ചെക്കുബുക്കുകൾ പ്രിന്റിങ് സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകൾ വാങ്ങുമ്പോഴാണ ജി.എസ്.ടി ഈടാക്കുക. ഇത് ഉപഭോക്താക്കളെ ബാധിക്കില്ല. പുതിയ ശ്മശാനങ്ങൾ നിർമ്മിക്കുമ്പോഴാണ് ജി.എസ്.ടി ഈടാക്കുക. 5000 രൂപക്ക് മുകളിലുള്ള പ്രതിദിന വാടകയുള്ള ആശുപത്രി മുറികൾക്ക് മാത്രമാണ് ജി.എസ്.ടി ഈടാക്കുക. ഹോസ്പിറ്റൽ ബെഡുകൾക്ക് ഇത് ബാധകമല്ല.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സഭ ഏറ്റവും പ്രക്ഷുബ്ധമായത് ജി.എസ്.ടിയുടെ പേരിലായിരുന്നു. പാക്ക് ചെയ്ത ഭക്ഷ്യവസ്തുകൾക്ക് ജി.എസ്.ടി ഈടാക്കാനുള്ള തീരുമാനം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.