കോട്ടയം: സംസ്ഥാനത്ത് നെൽ ഉൽപാദനത്തിൽ വൻ ഇടിവ്. ആറുവർഷത്തിനുശേഷം വീണ്ടും ഉൽപാദനം ആറുലക്ഷം ടണ്ണിൽ താഴെയെത്തി. മുൻവർഷത്തെ അപേക്ഷിച്ച് 1.73 ലക്ഷം ടണ്ണിന്റേതാണ് കുറവ്. കഴിഞ്ഞ വർഷം 7.31 ലക്ഷം ടൺ നെല്ലായിരുന്നു സപ്ലൈകോ സംഭരിച്ചതെങ്കിൽ ഇത്തവണ 5.58 ടണ്ണായി കുറഞ്ഞു. ആറുവർഷത്തിനിടെ ആദ്യമായാണ് ഉൽപാദനം കുത്തനെ ഇടിയുന്നത്.
2018ലെ മഹാപ്രളയത്തിനുശേഷം സംസ്ഥാനത്ത് നെല്ലുൽപാദനത്തിൽ വൻ കുതിപ്പാണുണ്ടായത്. പ്രളയത്തിനു പിന്നാലെ ചരിത്രത്തിലാദ്യമായി നെല്ലുൽപാദനം ആറുലക്ഷം ടൺ കടന്നു. തൊട്ടുമുമ്പുള്ള വർഷങ്ങളിൽ 4.84 ലക്ഷം ( 2017-18), 4.52 (2016-17), 5.61 (2015-16) എന്നിങ്ങനെയായിരുന്നു വിളവെങ്കിൽ മഹാപ്രളയത്തിനുശേഷം ഇത് (2018-19) 6.93 ലക്ഷം ടണ്ണായി കുതിച്ചുയർന്നു.
പ്രളയത്തിൽ എക്കലുകൾ വലിയതോതിൽ വയലുകളിലേക്ക് എത്തിയതും തരിശുനിലങ്ങളിലടക്കം നെൽകൃഷി വർധിപ്പിച്ചതുമാണ് വർധനക്ക് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിനുശേഷം തുടർച്ചയായി ഉൽപാദനം വർധിക്കുകയായിരുന്നു. എന്നാൽ, സപ്ലൈകോയുടെ സംഭരണ കണക്കുകളനുസരിച്ച് ഇത്തവണ (2023-24) കുത്തനെ കുറഞ്ഞു.
കനത്ത വേനലും കർഷകരുടെ പിന്മാറ്റവുമാണ് ഉൽപാദനം കുറയാനുള്ള കാരണം. കടുത്ത വേനലിൽ കൃഷി നശിച്ചതും കതിരിടുന്ന കാലത്തെ ചൂട് മൂലം നെന്മണികൾ പതിരായതും ഉൽപാദനത്തിന് വൻ തിരിച്ചടിയായി. ഇതിനൊപ്പമാണ് കർഷകരുടെ പിന്മാറ്റം. ഇത്തവണ 50,930 കർഷകരാണ് കൃഷിയിൽനിന്ന് വിട്ടുനിന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലുമായി 2,50,373 കർഷകരാണ് പാടത്ത് വിത്തിട്ടതെങ്കിൽ ഇത്തവണ 1,99,443 ആയി കുറഞ്ഞു.
സംഭരിക്കുന്ന നെല്ലിന് പണം ലഭിക്കാനുള്ള കാലതാമസമാണ് വലിയൊരു വിഭാഗം കർഷകർ പിന്തിരിയാനുള്ള കാരണം. കൃഷിയിലെ കഷ്ടപ്പാട്, രാസവളത്തിന്റെയും കീടനാശിനികളുടെയും വിലവർധന, കാലാവസ്ഥ വ്യതിയാനം എന്നിവയും കർഷകരുടെ എണ്ണം കുറച്ചു. കൃഷിയിറക്കിയ സ്ഥലത്തിന്റെ അളവിലും വലിയതോതിൽ കുറവുണ്ടായിട്ടുണ്ട്. 2022-23ൽ 1,82,919 ഹെക്ടർ പാടത്താണ് കൃഷിയിറക്കിയതെങ്കിൽ ഇത്തവണ ഇത് 1,70,775 ആയി.
തമിഴ്നാട് നെല്ല് കയറ്റി താങ്ങുവില തട്ടിയെടുക്കുന്നത് തടയാനായതും സംഭരണത്തിന്റെ അളവ് കുറയാന്‍ കാരണമായെന്ന് സപ്ലൈകോ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. നേരത്തേ വിജിലൻസ് നടത്തിയ പരിശോധനയിൽ നെൽകൃഷിയില്ലാത്ത പാടങ്ങളിൽ കൃഷിയിറക്കിയതായി രേഖയുണ്ടാക്കി അയല്‍സംസ്ഥാനങ്ങളില്‍നിന്ന് നെല്ല് സംഭരണത്തിനെത്തിക്കുന്നതായി കണ്ടെത്തിയിരുന്നു.
സപ്ലൈകോയില്‍നിന്ന് നെല്ലിന്റെ പണം കിട്ടാന്‍ വൈകുന്നത് പതിവായതോടെ കര്‍ഷകരില്‍ ചിലർ സംഭരണം തുടങ്ങുന്നത് കാത്തുനില്‍ക്കാതെ പൊതുവിപണിയിൽ വിറ്റഴിച്ചിരുന്നു. ഇതും കുറവിനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.