ന്യൂഡൽഹി: ഉള്ളി വില 40 ശതമാനത്തോളം കുറഞ്ഞതിനു പിന്നാലെ കയറ്റുമതി തീരുവ കുറച്ച് കേന്ദ്രം. 20 ശതമാനം കയറ്റുമതി തീരുവ കുറക്കാനുള്ള തീരുമാനം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഉൽപാദനം വർധിച്ചതിനെ തുടർന്നാണ് ഫെബ്രുവരി മുതൽ ഉള്ളിവിലയിൽ രാജ്യവ്യപാകമായി 30-40 ശതമാനം കുറവുണ്ടായത്. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളിൽ വില ക്വിന്റലിന് 2,270 രൂപയിൽ നിന്ന് 1,420 രൂപയായാണ് കുറഞ്ഞത്.
‘റാബി വിളകൾ പ്രതീക്ഷിച്ച രീതിയിൽ മാർക്കറ്റിൽ എത്തിയതിനെ തുടർന്ന് മണ്ഡി, ചില്ലറ വിൽപന വിലകൾ കുറഞ്ഞിട്ടുണ്ട്. ഈ ഘട്ടത്തിൽ, കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് മിതമായ വിലക്ക് ഉള്ളി ലഭ്യമാക്കുന്നതിനുമായാണ് തീരുമാനം. ഇതിനായുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ തീരുമാനം’ - ഔദ്യോഗിക പ്രസ്താവനയിൽ അധികൃതർ വ്യക്തമാക്കി.
2024 ഏപ്രിൽ മുതൽ ഡിസംബർ വരെ ഇന്ത്യ 392 ദശലക്ഷം ഡോളറാണ് ഉള്ളി കയറ്റുമതിയിലൂടെ സമ്പാദിച്ചത്. അതേസമയം, 2024 സാമ്പത്തിക വർഷത്തിൽ 500 ദശലക്ഷം ഡോളറാണ് ഈയിനത്തിൽ രാജ്യത്തെത്തിയത്. ബംഗ്ലാദേശിലേക്കായിരുന്നു കയറ്റുമതിയുടെ 48 ശതമാനവും. തൊട്ടുപിന്നിൽ മലേഷ്യയും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 17 ലക്ഷത്തിലേറെ ടൺ ഉള്ളിയാണ് കയറ്റുമതി ചെയ്തത്. ഇക്കുറി മാർച്ച് 18 വരെ 11.6 ലക്ഷം ഉള്ളി രാജ്യത്തുനിന്ന് കയറ്റിയയച്ചിട്ടുണ്ട്.
മുൻ വർഷങ്ങളിലെ ഇതേ കാലയളവിനേക്കാൾ മൊത്ത വില കൂടുതലാണിപ്പോൾ. എങ്കിലും രാജ്യത്തെ നിലവിലെ വിലയിൽ നിന്ന് 39 ശതമാനം കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ശരാശരി ചില്ലറ വിൽപന വില 10 ശതമാനം കുറഞ്ഞു. ആഗോള വിപണിയിൽ ഇന്ത്യയുടെ വിപണി വിഹിതം നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള വ്യാപാരികളുടെ ആശങ്കകൾക്കിടയിലാണ് കയറ്റുമതി തീരുവ നിർത്തലാക്കാനുള്ള തീരുമാനം.
ഈ വർഷം റാബി ഉള്ളി വിളവെടുപ്പ് 22.7 മില്യൺ ടണ്ണാണ്. കഴിഞ്ഞ വർഷം ഇത് 19.2 ടണ്ണായിരുന്നു. ഇന്ത്യയുടെ ഉള്ളി ഉൽപാദനത്തിൽ 7075 ശതമാനവും റാബി വിളവെടുപ്പ് വഴിയാണ്. മധ്യ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽനിന്ന് ആഭ്യന്തര മാർക്കറ്റിൽ കൂടുതൽ ഉള്ളി എത്തിയതോടെയാണ് വിലയിൽ ഇടിവുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.