കോഴിക്കോട്: സാമ്പാറിന് ഇത്തിരി ജീരകം അരക്കണമെങ്കിൽ പൊന്നുംവില കൊടുക്കണം മലയാളിക്ക്. മൂന്നുമാസം മുമ്പത്തെ വില ഇരട്ടിയായി വർധിച്ചാണ് ജീരകം (ചെറിയ ജീരകം) ഞെട്ടിക്കുന്നത്. ചില്ലറ വിപണിയിൽ ജീരകം വില കിലോക്ക് 800 രൂപയായാണ് ഉയർന്നത്.
മൂന്നുമാസം മുമ്പ് ഇത് 400 രൂപയായിരുന്നു. ഇതിനു പുറമെ ചെറുധാന്യങ്ങൾക്കും വില കുതിച്ചുയരുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ വർഷത്തെ മഴയിൽ വിള നശിച്ചതിനാൽ വരവു കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വലിയങ്ങാടിയിലെ വ്യാപാരികൾ പറഞ്ഞു. അടുത്ത ജനുവരിയിൽ വിളവെടുപ്പ് സീസൺ വരെ വിലക്കയറ്റം തുടരുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
ദാഹശമനി, മധുര പലഹാരങ്ങൾ, ഔഷധങ്ങൾ, കറികൾ എന്നിവക്ക് ഉപയോഗിക്കുന്ന ജീരകത്തിന് ദൈനംദിന ആവശ്യവും കൂടുതലാണ്. പെരുംജീരകത്തിന് 400 രൂപയാണ് പൊതുവിപണയിലെ വില. മൊത്ത വിപണിയിൽ 350ഉം. മുൻകാലങ്ങളിൽ ആളുകൾ അധികം ഉപയോഗിക്കാതെ ഒഴിവാക്കിയിരുന്ന ചെറുധാന്യങ്ങൾ ട്രെന്റ് ആയി മാറിയതോടെ അവക്കും വില കുതിച്ചുയരുകയാണ്.
തിന- 62, ചാമ-100, നവര- 65, കമ്പം-110, മുത്താറി-45 എന്നിങ്ങനെയാണ് വിപണിയിലെ വില. പൊതുമാർക്കറ്റിൽ വില വീണ്ടും കൂടും. വെളുത്തുള്ളി വില 200 ആയും ചെറിയ ഉള്ളിക്ക് 100-110 ആയും വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.