വരുന്നു നല്ല കാലം

തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഏതു മുന്നണി ജയിച്ചാലും തോറ്റാലും ഇന്ത്യൻ സമ്പദ്ഘടനയെയും ഓഹരി വിപണിയെയും നല്ലകാലം കാത്തിരിക്കുന്നു എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. തെരഞ്ഞെടുപ്പ് ഫലവും രാഷ്ട്രീയ അനിശ്ചിതത്വവും എല്ലാം പ്രതിഫലനം സൃഷ്ടിക്കുക ഏറിയാൽ ഏതാനും മാസം മാത്രം. അതിനപ്പുറം, വളർന്നുവരുന്ന സമ്പദ് വ്യവസ്ഥകളിൽ മുൻനിരയിലാണ് ഇന്ത്യയുടെ സ്ഥാനം.

മുന്നോട്ടു നോക്കുമ്പോൾ ഇന്ത്യൻ ഓഹരി വിപണിക്ക് ഗുണകരമായ ചില ഘടകങ്ങൾ കാണാനുണ്ട്. കമ്പനികൾ നാലാം പാദഫലം പുറത്തുവിട്ടപ്പോൾ പൊതുവിൽ വരുമാനവും ലാഭവും മെച്ചപ്പെട്ടതായി കാണിക്കുന്നത് അനുകൂല ഘടകമാണ്. കഴിഞ്ഞ രണ്ടുമൂന്നു മാസമായി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽനിന്ന് ഫണ്ട് പുറത്തേക്ക് എടുക്കുന്നതായിരുന്നു ട്രെൻഡ്. ഇപ്പോൾ അതിന്റെ തോത് കുറഞ്ഞിട്ടുണ്ട്. വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ വിൽപന വിപണിയെ വലിയ ഇടവിലേക്ക് നയിക്കാതിരുന്നത് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങലാണ്. മ്യൂച്ചൽ ഫണ്ടുകളിലൂടെ ഓരോ മാസവും ഒഴുകിയെത്തുന്ന കോടികളാണ് അവരുടെ കരുത്ത്. കേന്ദ്രസർക്കാറിന്റെ ധനക്കമ്മി ബജറ്റിൽ പ്രതീക്ഷിച്ചതിലും കുറവായിരിക്കും എന്നാണ് ഏപ്രിലിലെ കണക്കു സൂചിപ്പിക്കുന്നത്. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം 16.54 ലക്ഷം കോടി രൂപയായിരുന്നു യഥാർഥ ധനകമ്മി.

ബജറ്റിൽ കണക്കാക്കിയത് 17.86 ലക്ഷം കോടിയാണ്. 2024 ജനുവരിമുതൽ മാർച്ച് വരെ ജി.ഡി.പി വളർച്ച 7.8 ശതമാനമാണ്. പ്രതീക്ഷിച്ചിരുന്നത് ഏഴ് ശതമാനവും. 2023-24 സാമ്പത്തിക വർഷം 8.2 ശതമാനമാണ് വളർച്ച. പ്രതീക്ഷിച്ചിരുന്നത് 7.7 ശതമാനമാണ്. ഉൽപാദന, നിർമാണ മേഖലകൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. മൊത്തത്തിൽ ശുഭ സൂചനകളാണ് കാണുന്നത്. റിസർവ് ബാങ്ക് ഈ വർഷം തന്നെ പലിശനിരക്ക് കുറച്ചു തുടങ്ങും എന്നും സൂചനയുണ്ട്. ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ ദീർഘകാലത്തിലും ഒന്നുമുതൽ മൂന്നുവരെ വർഷ പരിധിയിലും ഇന്ത്യൻ ഓഹരി വിപണി നല്ല പ്രകടനം കാഴ്ചവെക്കുമെന്ന് കരുതാനാണ് ന്യായം.

Tags:    
News Summary - Good times are coming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.