ജി.എസ്.ടി നടപ്പിൽ വരുത്തിയ ഘട്ടത്തിൽ ഏറെ ആശങ്കകളാണ് നിലനിന്നിരുന്നത്. എന്നാൽ, പ്രാബല്യത്തിൽ വന്ന് അഞ്ചു വർഷം പിന്നിടവെ പരോക്ഷ നികുതി പിരിവിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയത്. നികുതിവെട്ടിപ്പിൽ വലിയ കുറവുണ്ടായി എന്നതാണ് ഈ നേട്ടത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്
ഒരു രാജ്യം ഒറ്റ നികുതിയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ചരക്കുസേവന നികുതി (ജി.എസ്.ടി) അഞ്ചാണ്ട് പിന്നിടുമ്പോൾ നല്ലവഴിയേ രാജ്യത്തെ വ്യാപാര-വാണിജ്യ മേഖല. ലഭ്യമായ കണക്കുകൾ പ്രകാരം രാജ്യത്തെ ജി.എസ്.ടി പിരിവ് പ്രതീക്ഷകൾ മറികടന്ന വളർച്ചയാണ് കൈവരിച്ചത്. ലളിതമായ നികുതി സംവിധാനവും താങ്ങാവുന്ന നിരക്കുകളും നികുതി വെട്ടിപ്പ് ഇല്ലാതാക്കുന്നതിനും കള്ളപ്പണം തുടച്ചുനീക്കുന്നതിനും വഴിയൊരുക്കുമെന്ന തിരിച്ചറിവ് കൂടിയാണ് ഇത് നൽകുന്നത്.
തുടക്കത്തിലെ പ്രശ്നങ്ങൾക്കുശേഷം ഇപ്പോൾ കേരളവും നികുതി പിരിവിന്റെ കാര്യത്തിൽ മുന്നേറുകയാണെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്കുകൾ. എന്നാൽ, പുതിയ നികുതി സംവിധാനത്തിന്റെ തുടക്കത്തിൽ ഉദ്യോഗസ്ഥ തലത്തിലെ തയാറെടുപ്പുകളുടെ അഭാവംമൂലം നിലവിൽ വ്യാപാരികൾക്ക് നേരിടേണ്ടിവന്ന പ്രശ്നങ്ങൾക്കൂടി പരിഹരിക്കപ്പെടേണ്ടത് സംവിധാനത്തിന്റെ വിശ്വാസ്യത നിലനിർത്തുന്നതിന് അനിവാര്യമാണ്.
എക്സൈസ് ഡ്യൂട്ടി, വാറ്റ്, വിവിധ സെസുകൾ എന്നിവക്കൊപ്പം സർവിസ് ടാക്സും ഉൾപ്പെടെ 17 ഓളം പ്രാദേശിക നികുതികൾ കൂട്ടിച്ചേർത്ത് 2017ൽ ജി.എസ്.ടി നടപ്പാക്കുമ്പോൾ പുതിയ സംവിധാനത്തിന്റെ ഭാവി സംബന്ധിച്ച് ഏറെ ആശങ്കകളാണ് നിലനിന്നിരുന്നത്. എന്നാൽ, അഞ്ചാണ്ട് പിന്നിടുമ്പോൾ നികുതി പിരിവിൽ പ്രതിവർഷം ഉണ്ടായിരിക്കുന്ന ശരാശരി വർധന 25-28 ശതമാനമാണ്.
ജി.എസ്.ടി നടപ്പാക്കുന്നതിനുമുമ്പ് വാറ്റ്, എക്സൈസ്, സി.എസ്.ടി, സെസ് എന്നിവയെല്ലാം ചേർത്ത് ശരാശരി പ്രതിമാസ നികുതി വരുമാനം ഏതാണ്ട് 70,000 കോടി രൂപയായിരുന്നു. എന്നാൽ, ജി.എസ്.ടി നടപ്പാക്കിയ ആദ്യ വർഷത്തെ (2017-18) പ്രതിമാസ ശരാശരി ജി.എസ്.ടി പിരിവുതന്നെ 82,294 കോടി രൂപയുണ്ട്. തുടർന്നുള്ള വർഷങ്ങളിൽ കോവിഡ് കാലം ഒഴിച്ച് ബാക്കി എല്ലാ വർഷങ്ങളിലും നികുതി പിരിവിൽ കാര്യമായ വർധന പ്രകടമായി.
2018-19: 98,114 കോടി
2019-20: 101844 കോടി
2020 -21: 94731 കോടി
2021-22: 123608 കോടി എന്നിങ്ങനെയാണ് തുടർ വർഷങ്ങളിലെ പ്രതിമാസ ജി.എസ്.ടി നികുതി പിരിവ്. 2022-23ൽ പ്രതിമാസ നികുതി പിരിവ് 150000 കോടി രൂപ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരോക്ഷ നികുതി പിരിവിലുണ്ടായ ഈ വൻ വർധനയുടെ പ്രധാന കാരണമായി നികുതി വിദഗ്ധർ വിലയിരുത്തുന്നത് ജി.എസ്.ടി നടപ്പാക്കിയശേഷം നികുതി വെട്ടിപ്പ് ഗണ്യമായി കുറഞ്ഞു എന്നതാണ്. രാജ്യത്തെ സാമ്പത്തിക വളർച്ചനിരക്ക് വർധന ജി.എസ്.ടി നടപ്പാക്കിയ ശേഷമുള്ള വർഷങ്ങളിൽ യഥാർഥത്തിൽ കുറയുകയാണ് ചെയ്തത്. എന്നിട്ടുംകൂടി ജി.എസ്.ടി പിരിവിൽ 28 ശതമാനത്തോളം വർധന ഉണ്ടായത് പുതിയ സംവിധാനത്തിന് വ്യാപാര വാണിജ്യ മേഖല നൽകിയ പിന്തുണയാണ് വെളിവാക്കുന്നത്.
ജി.എസ്.ടി നികുതി പിരിവിന്റെ കാര്യത്തിൽ കേരളവും ദേശീയ ശരാശരിയോട് കിടപിടിക്കുന്ന വളർച്ചയാണ് നേടിയത്. കോവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ച 2020ൽ ഒഴിച്ച് ബാക്കി വർഷങ്ങളിലെല്ലാം കേരളത്തിലും ജി.എസ്.ടി പിരിവ് വർധനയാണ് കാണിക്കുന്നത്. 2021 ജൂലൈയിൽ 1675 കോടി രൂപയായിരുന്നു കേരളത്തിന്റെ ജി.എസ്.ടി വരുമാനം. 2022 ജൂലൈയിൽ ഇത് 2161 കോടി രൂപയായി ഉയർന്നു. വർധന 29 ശതമാനം.
ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് ജി.എസ്.ടി നടപ്പാക്കിയ ശേഷം നികുതി നിരക്കിലുണ്ടായ കുറവ്. ജി.എസ്.ടി നടപ്പാക്കുംമുമ്പ് വാറ്റ്, സി.എസ്.ടി, എക്സൈസ്, സെസ് എന്നിവയെല്ലാംചേർത്ത് ഒരു ഉപഭോക്താവ് ഉൽപന്നങ്ങൾക്ക് ശരാശരി നൽകിയിരുന്നത് 31 ശതമാനം നികുതിയായിരുന്നു. എന്നാൽ, ജി.എസ്.ടിയിൽ ഭൂരിഭാഗം ഉൽപന്നങ്ങളും 12, 18 ശതമാനം നികുതി നിരക്കിൽ വരുന്നവയാണ്. ഫലത്തിൽ ഉപഭോക്താക്കളുടെ നികുതിബാധ്യത ഗണ്യമായി കുറഞ്ഞു.
ജി.എസ്.ടി നടപ്പാക്കിയശേഷം പൊതുവിൽ നികുതിവരുമാനവർധന കുതിച്ചുയരുന്ന പ്രവണതയാണ് കാണിക്കുന്നതെങ്കിലും സ്വർണത്തിന്റെ കാര്യത്തിൽ ഇത് തിരിച്ചാണ്.
2017ൽ സ്വർണത്തിന് ചുമത്തിയിരുന്ന വാറ്റ് 1.25 ശതമാനമായിരുന്നു. എന്നാൽ, ജി.എസ്.ടി നടപ്പാക്കിയപ്പോൾ ഇത് മൂന്ന് ശതമാനമായി ഉയർത്തി. എന്നാൽ, 2016-17ൽ കേരളത്തിന് സ്വർണ വിൽപനയിൽനിന്ന് വാറ്റ് വഴി പ്രതിമാസം 630 കോടി രൂപയോളം നികുതി വരുമാനം ലഭിച്ചിരുന്നു. എന്നാൽ, ജി.എസ്.ടി നടപ്പാക്കിയശേഷം 2017-18ൽ ഇത് പ്രതിമാസം 200 കോടിയായി കുറഞ്ഞു. നികുതി നിരക്ക് ഇരട്ടിയിലേറെ വർധിച്ചപ്പോൾ വൻ നികുതി ചോർച്ചക്കാണ് വഴിയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.