മലപ്പുറം: വിലക്കുറവിലൂടെ ജനപ്രിയമായി ജലവിഭവ വകുപ്പിന്റെ കുപ്പിവെള്ള ബ്രാൻഡ് ‘ഹില്ലി അക്വാ’. ആറ് മാസത്തിനിടെ 5.50 കോടി രൂപയാണ് വിറ്റുവരവ്. അടുത്ത വർഷം ശീതളപാനീയവും സോഡയും പുറത്തിറക്കും. ഗൾഫിലേക്ക് കുടിവെള്ളം കയറ്റുമതി ചെയ്യാനുള്ള പദ്ധതിയും അന്തിമ ഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന് കീഴിലാണ് പാക്കേജ് ചെയ്ത കുടിവെള്ളം നിർമിച്ച് വിൽക്കുന്നത്.
മിതമായ നിരക്കിൽ ശുദ്ധമായ കുടിവെള്ളം നൽകുകയെന്നതാണ് ‘ഹില്ലി അക്വാ’യുടെ ലക്ഷ്യം. തിരുവനന്തപുരം അരുവിക്കരയിലും ഇടുക്കി തൊടുപുഴയിലുമുള്ള ബോട്ട്ലിങ് പ്ലാന്റിലാണ് കുപ്പിവെള്ളം നിർമിക്കുന്നത്. ബി.ഐ.എസ് നിർദേശിച്ച ശുദ്ധീകരണ പ്രക്രിയ പൂർത്തിയാക്കിയാണ് കുപ്പിയിലാക്കുന്നത്. അര ലിറ്റർ ബോട്ടിലിന് പത്തും ഒരു ലിറ്ററിന് 15ഉം രണ്ട് ലിറ്ററിന് 28ഉം അഞ്ച് ലിറ്ററിന് 60ഉം രൂപയാണ് പരമാവധി ചില്ലറ വിൽപന വില. ജയിലുകളോട് ചേർന്ന ഫുഡ് ഫാക്ടറികളിലും ഔട്ട്ലറ്റുകളിലും ഒരു ലിറ്റർ കുപ്പിവെള്ളം പത്ത് രൂപക്ക് ലഭിക്കും.
റെയിൽവേ സ്റ്റേഷനുകൾ, ജയിലുകൾ, കെ.എസ്.ആർ.ടി.സി ഡിപ്പോകൾ, കൺസ്യൂമർഫെഡ് സ്റ്റോറുകൾ തുടങ്ങിയ മിക്ക സർക്കാർ സ്ഥാപനങ്ങളിലും ഔട്ട്ലറ്റുകളിലും ‘ഹില്ലി അക്വാ’ ലഭ്യമാണ്. റേഷൻ കടകളിൽ ‘സുജലം’ പദ്ധതി പ്രകാരവും ലഭിക്കും. 2023-24ൽ 8.75 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവാണ് കമ്പനി നേടിയെടുത്തത്.
തമിഴ്നാട്ടിലേക്ക് വിതരണ ശൃംഖല വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. ജി.സി.സി രാജ്യങ്ങളിലേക്ക് കുപ്പിവെള്ളം കയറ്റുമതി ചെയ്യാനുള്ള രാജ്യാന്തര ഓഡിറ്റിങ് പുരോഗമിക്കുകയാണ്. അന്തിമാനുമതി ലഭിച്ചാലുടൻ കയറ്റുമതി ആരംഭിക്കുമെന്ന് അസി. മാർക്കറ്റിങ് മാനേജർ വിഷ്ണു സൂര്യൻ അറിയിച്ചു. സോഡയും ശീതളപാനീയവും നിർമിക്കാനുള്ള പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ടെൻഡർ നടപടി ആരംഭിച്ചു. രാസപദാർഥങ്ങൾ ഒഴിവാക്കി പ്രകൃതിദത്ത ശീതളപാനീയം അടുത്ത വർഷമാദ്യം വിപണിയിലെത്തിക്കും.
പെരുവണ്ണാമൂഴിയിലും ആലുവയിലും പ്ലാന്റ്
വടക്കൻ ജില്ലകളിലെ വിതരണം സുഗമമാക്കാൻ കോഴിക്കോട് പെരുവണ്ണാമൂഴിയിൽ ബോട്ട്ലിങ് പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതി റിേപ്പാർട്ട് സർക്കാർ അംഗീകാരത്തിന് സമർപ്പിച്ചു. തൊടുപുഴയിലെ പ്ലാന്റിന്റെ ശേഷി കൂട്ടാനും ആലുവയിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാനുമുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.