പുതിയ ഓഫീസിലേക്ക് മാറിയാൽ ജീവനക്കാർക്ക് എട്ട് ലക്ഷം രൂപ നൽകും; വമ്പൻ പ്രഖ്യാപനവുമായി ഇൻഫോസിസ്

ബംഗളൂരു: പുതിയ കാമ്പസിലേക്ക് മാറുന്നുവർക്ക് 8 ലക്ഷം രൂപ വരെ ഇൻസെന്റീവ് പ്രഖ്യാപിച്ച് ഇൻഫോസിസ്. കർണാടകയിലെ ഹുബ്ബള്ളിയിലെ കാമ്പസിലേക്ക് മാറുന്നവർക്കാണ് ആനുകൂല്യം. ടയർ-2 നഗരങ്ങളിലും സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇൻഫോസിസിന്റെ ഓഫീസ് മാറ്റം.

ടയർ-1 നഗരത്തിലെ ഉയർന്ന ജീവിതനിലവാരവും സൗകര്യവും ഹുബ്ബള്ളി പോലുള്ള നഗരത്തിലില്ലാത്തതിനാൽ ജീവനക്കാരെ മാറ്റുന്നത് ഇൻഫോസിസിന് മുന്നിൽ വെല്ലുവിളിയായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ജീവനക്കാർ ഇൻസെന്റീവ് പ്രഖ്യാപിക്കാൻ കമ്പനി നിർബന്ധിതമായത്.

ഹുബ്ബള്ളിയിലേക്ക് മാറുന്നതിലൂടെ കരിയറിൽ കൂടുതൽ വളർച്ചക്കുള്ള അവസരമാണ് ജീവനക്കാരെ കാത്തിരിക്കുന്നതെന്ന് ഇൻഫോസിസ് അയച്ച ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കുന്നു. ബംഗളൂരുവിൽ നിന്നും 400 കിലോ മീറ്റർ അകലെയാണ് ഇൻഫോസിസിന്റെ ഹുബ്ബള്ളി കാമ്പസ്. 5000ത്തോളം ജീവനക്കാർക്ക് ഇവിടെ ഒരേസമയം ജോലി ചെയ്യാനാവും. പുതിയ കാമ്പസിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായിട്ടും പ്രവർത്തനം തുടങ്ങാത്തതിൽ വിമർശനവുമായി പ്രദേശത്തെ എം.എൽ.എ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇൻഫോസിസിന്റെ നീക്കം.

ഇൻഫോസിസിന്റെ ലെവൽ-3 ജീവനക്കാർക്ക് പുതിയ കാമ്പസിലേക്ക് മാറുമ്പോൾ 25,000 രൂപ ലഭിക്കും. ഓരോ ആറ് മാസത്തിൽ 25,000 രൂപയെന്ന തോതിൽ രണ്ട് ​വർഷത്തേക്ക് വേറെ പണവും കമ്പനി നൽകും. ലെവൽ-4 ജീവനക്കാർക്ക് 50,000 രൂപയാണ് നൽകുക. രണ്ട് വർഷത്തിന് ശേഷം മറ്റൊരു രണ്ടരലക്ഷം രൂപ കൂടി കമ്പനി നൽകും. ലെവൽ-7 ജീവനക്കാർക്ക് ഒന്നരലക്ഷം രൂപയാണ് ഉടനടി നൽകുക. രണ്ട് വർഷത്തിന് ശേഷം എട്ട് ലക്ഷവും കൊടുക്കും. അതേസമയം, ഇൻഫോസിസിന്റെ നീക്കത്തെ അഭിനന്ദിച്ച് കർണാടക കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി മന്ത്രി രംഗത്തെത്തി.

Tags:    
News Summary - Infosys Offered Staff Incentives Up To ₹ 8 Lakh To Move To New Campus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.