മലപ്പുറം: മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയായ മെറ്റാവേഴ്സ് ഫോറിന് എക്സ്ചേഞ്ച് ഗ്രൂപ് (എം.ടി.എഫ്.ഇ) അടച്ചുപൂട്ടിയതോടെ കേരളത്തിൽനിന്ന് ഇതിൽ ചേർന്നവർക്കും വൻ തുക നഷ്ടം.
മലപ്പുറം ജില്ലയിൽനിന്നുള്ള നിരവധി പേരാണ് ഇതിൽ തുക നിക്ഷേപിച്ചത്. മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും നൈജീരിയ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്കും വൻ തുകയാണ് നഷ്ടപ്പെട്ടത്. സംസ്ഥാനത്ത് ഇതിൽ ചേർന്നവരിൽ അധികവും പ്രവാസികളും വിദേശ കമ്പനികളിൽ ജോലി ചെയ്യുന്നവരുമാണ്.
കഴിഞ്ഞവർഷം ആദ്യത്തിൽ ഇതിൽ ചേർന്നവർക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടില്ലെങ്കിലും അവസാനം ചേർന്ന് പണം നിക്ഷേപിച്ചവർക്കാണ് നഷ്ടം സംഭവിച്ചത്. ഏതൊരു മണി ചെയിൻ ഇടപാടുപോലെതന്നെ വന്‍ ലാഭവിഹിതം ലഭിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് ഇതിലേക്ക് നിക്ഷേപികരെ ആകർഷിച്ചത്. 26 ഡോളര്‍ മുതൽ 50,001 ഡോളര്‍ വരെ നിക്ഷേപിക്കാന്‍ കഴിയും വിധമായിരുന്നു എം.ടി.എഫ്.ഇയുടെ പ്രവര്‍ത്തനം.
നിക്ഷേപത്തിന് പുറമെ ചാരിറ്റി പ്രവർത്തനത്തിനും ഫണ്ട് മുൻകൂട്ടി ലഭിക്കുമെന്നത് ആളുകളെ വലിയ തോതിൽ സ്വാധീനിച്ചു. ആദ്യമാസങ്ങളില്‍ ലാഭം ലഭിച്ചവര്‍ തങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ചേർക്കുകയായിരുന്നു. ഇതോടെ എം.ടി.എഫ്.ഇയിലേക്ക് ഒഴുകിയെത്തിയത് കോടികളാണ്.
പ്രവാസികളിൽ യു.എ.ഇ, സൗദി എന്നിവിടങ്ങളിലുള്ളവരാണ് ഇതിൽ കൂടുതലായി ചേർന്ന മലയാളികൾ.
പ്രഫഷനൽ രീതിയോടെയുള്ള പ്രവർത്തനവും നിക്ഷേപകരെ ഏറെ ആകർഷിച്ചു. മണി ചെയിനിലൂടെ പണം നഷ്ടപ്പെട്ട് കഴിഞ്ഞവർക്ക് നിയമപരമായി മുന്നോട്ടുപോകാൻ പ്രയാസമാണ്. വഞ്ചനക്കുറ്റത്തിനുള്ള നടപടി മാത്രമാണ് ഇതിൽ പൊലീസിന് എടുക്കാൻ സാധിക്കുക. എന്നാൽ, പണം ലഭിക്കാൻ ഇതിലൂടെ സാധിച്ചെന്നുവരില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.