ന്യൂഡൽഹി: സവാളവിലക്ക് പിന്നാലെ ഉരുളകിഴങ്ങ് വിലയും റോക്കറ്റ് പോലെ കുതിക്കുന്നു. ചില്ലറ വിപണിയിൽ കിലോക്ക് 45 രൂപയാണ് ഉരുളകിഴങ്ങിെൻറ വില. സംഭരണകേന്ദ്രങ്ങളുടെ അഭാവവും കോവിഡ് 19നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ വിളവെടുപ്പ് വൈകിയതും വിളനാശവുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.
ഉരുളകിഴങ്ങ് ക്ഷാമം നേരിടുന്നതിനെ തുടർന്ന് ഭൂട്ടാനിൽനിന്ന് ഇറക്കുമതി ചെയ്യാനാണ് കേന്ദ്രത്തിെൻറ തീരുമാനമെന്ന് ടൈംസ് ഒാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
അടുത്ത ദിവസങ്ങളിലായി 30,000 ടൺ ഉരുളകിഴങ്ങ് ഇന്ത്യയിലെത്തും -കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
അടുത്ത വർഷം ജനുവരി വരെ 10ലക്ഷം ടൺ ഉരുളകിഴങ്ങ് ഇറക്കുമതി ചെയ്യാനാണ് നീക്കമെന്നാണ് വിവരം.
കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിെൻറ കണക്കുപ്രകാരം ഉരുളകിഴങ്ങിെൻറ ചില്ലറ വിൽപ്പന വിലയിൽ കിലോക്ക് 39.30 രൂപയുടെ വർധനയുണ്ടായി. 130 മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. 2019 ഒക്ടോബറിൽ കിലോക്ക് 20.57 രൂപയായിരുന്നു ഉരുളകിഴങ്ങിെൻറ വില.
സാധാരണ സെപ്റ്റംബർ മുതൽ നവംബർ വരെ ഉരുളകിഴങ്ങ് വില ഉയരാറുണ്ടെങ്കിലും ലോക്ഡൗൺ പ്രതിസന്ധി വിലവർധന ഇരട്ടിയാക്കുകയായിരുന്നു. ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ കിലോക്ക് 23 രൂപയായിരുന്നു വില.
മുൻ വർഷങ്ങളെ അപേക്ഷിച്ച് സംഭരണം കുറഞ്ഞതാണ് വിലവർധനവിെൻറ പ്രധാന കാരണം. ലോക്ഡൗണിന് ശേഷം ഉരുളകിഴങ്ങ് വിലയിൽ വർധനവുണ്ടാകുമെന്ന് കാർഷിക മന്ത്രാലയം മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. വിലക്കയറ്റം തടയുന്നതിനോ വിതരണം വർധിപ്പിക്കുന്നതിനോ കൂടുതലൊന്നും ചെയ്യാതിരുന്നതാണ് പ്രതിസന്ധിക്ക് മറ്റൊരു കാരണം. ഇൗ വർഷം ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ 1.23ലക്ഷം മെട്രിക് ടൺ ഉരുളകിഴങ്ങ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു.
ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ്, അസം, ഛത്തീസ്ഖഡ്, ജാർഖണ്ഡ്, ഹരിയാന തുടങ്ങിയവയാണ് ഉരുളകിഴങ്ങ് ഉൽപ്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.