കോട്ടയം: റബർ കയറ്റുമതി ഇന്‍സെന്റിവ് റബർ ബോർഡ് നിർത്തുന്നു. ആഭ്യന്തര റബർ വിലയേക്കാൾ അന്താരാഷ്ട്ര വില ഉയർന്നുനിന്നപ്പോൾ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ച പദ്ധതിയാണ് പിൻവലിക്കുന്നത്. ഇൻസെന്റിവ് ഉണ്ടായിട്ടും കയറ്റുമതി കാര്യമായി വർധിച്ചിരുന്നില്ല. ഇതോടെയാണ് ജൂൺ 30ന് അവസാനിക്കുന്ന പദ്ധതിയുടെ കാലാവധി നീട്ടേണ്ടതില്ലന്ന ബോർഡിന്റെ തീരുമാനം. നിലവിൽ റബറിന്റെ ആഭ്യന്തരവില അന്താരാഷ്ട്ര വിലയേക്കാൾ ഉയർന്നുനിൽക്കുകയാണ്.
ഷീറ്റ് റബർ കയറ്റുമതിക്ക് കിലോക്ക് അഞ്ചുരൂപ ഇന്‍സെന്റിവാണ് പ്രഖ്യാപിച്ചിരുന്നത്. കയറ്റുമതി ലൈസന്‍സുള്ളവര്‍ക്ക് 40 ടണ്ണിന് വരെയായിരുന്നു ഇന്‍സെന്റിവ്. ഷീറ്റ് റബറിന്റെ അന്താരാഷ്ട്രവില ജനുവരിയിൽ ആഭ്യന്തരവിലയെ മറികടന്നിരുന്നു. ഇതോടെയാണ് മാർച്ച് 15ന് പദ്ധതിക്ക് തുടക്കമിട്ടത്. കയറ്റുമതി ദീർഘനാളായി ഇല്ലാതിരുന്നതിനാൽ വിദേശ എജൻസികളെ കണ്ടെത്താനോ ചരക്ക് ശേഖരിക്കാനോ കയറ്റുമതി എജൻസികൾ താൽപര്യം കാട്ടിയില്ല. ഇതാണ് പ്രധാന തിരിച്ചടിയായത്. അതിനിടെ, റബർവില വീണ്ടും ഉയർന്നു. വ്യാഴാഴ്ച ആർ.എസ്.എസ് നാലിന് 203 രൂപയാണ് റബർ ബോർഡ് വില. അന്താരാഷ്ട്ര മാർക്കറ്റിൽ 184.35 രൂപയാണ്. നേരത്തേ അന്താരാഷ്ട്ര വില 200 പിന്നിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.