ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് കാറ്റ് പാതിപോയ ബലൂണായി അദാനി ഗ്രൂപ് കമ്പനികൾ. ഗൗതം അദാനി നയിക്കുന്ന 10 കമ്പനികളുടെയും ഓഹരി വിലയിൽ തുടർച്ചയായ മൂന്നാം ദിവസവും കനത്ത ഇടിവ്. ഇതിനകം 41 ശതമാനം കടന്ന ഓഹരി വിലത്തകർച്ച അടുത്ത ദിവസങ്ങളിലും തുടർന്നേക്കുമെന്ന് സൂചിപ്പിക്കുന്നതാണ് വിപണിയിലെ ചാഞ്ചാട്ടം.
വിപണിയുടെ തുടർച്ചയായ രണ്ടു പ്രവൃത്തി ദിവസങ്ങളിലും 20 ശതമാനം വീതം വില ഇടിഞ്ഞ കമ്പനികളും ഇക്കൂട്ടത്തിലുണ്ട്. ഓഹരി വിപണി നിയന്ത്രകരായ സെബിയുടെ ചട്ടം അനുസരിച്ച് പരമാവധി 20 ശതമാനത്തിൽ കൂടുതൽ പ്രതിദിന ഇടിവ് അനുവദിക്കില്ല. ചെറു കമ്പനികളുടെ കാര്യത്തിൽ ഇത് അഞ്ചു ശതമാനം. ഇത്തരത്തിൽ അഞ്ചു ശതമാനം വീതം ഇടിയുന്ന അദാനിക്കമ്പനികളുടെ വിലത്തകർച്ച കൂടുതൽ ദിവസം നീണ്ടുനിന്നേക്കും.
തകർച്ച തടയാൻ അദാനി ഗ്രൂപ് നടത്തിയ ശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. അമേരിക്കൻ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചിന്റെ കണ്ടെത്തലുകൾ പ്രതിരോധിക്കാൻ അദാനി ഗ്രൂപ് ഇറക്കിയ 413 പേജ് വിശദീകരണക്കുറിപ്പ് തങ്ങൾ ഉന്നയിച്ച വിഷയങ്ങൾക്കുള്ള യുക്തിസഹമായ വിശദീകരണമല്ലെന്ന് ഹിൻഡൻബർഗ് ചൂണ്ടിക്കാട്ടി. കൊള്ളയടിക്ക് ദേശീയത മറയാക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
രാജ്യത്തെ ഏറ്റവും പ്രമുഖ സ്ഥാപനത്തെയും ഇന്ത്യൻ ഓഹരി വിപണിയേയും ഉലച്ച് അദാനി ഗ്രൂപ്പിനെതിരെ വന്ന കള്ളപ്പണ-സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളോട് ദിവസങ്ങൾക്കുശേഷവും കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല. റിസർവ് ബാങ്ക്, സെബി, കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾ തുടങ്ങിയവക്കും മൗനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉറ്റ ബന്ധമുള്ള ഗൗതം അദാനിയുടെ സ്ഥാപനങ്ങളിലെ ഗുരുതര ക്രമക്കേടുകളിൽ ഉന്നതതല അന്വേഷണം കോൺഗ്രസ്, സി.പി.എം തുടങ്ങി വിവിധ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ തിങ്കളാഴ്ച വിളിച്ച സർവകക്ഷി യോഗത്തിൽ അദാനിക്കമ്പനികളുടെ തകർച്ചയും സർക്കാറിന്റെ മൗനവും പ്രതിപക്ഷ നേതാക്കൾ ഉയർത്തിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.