ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ സാധാരണക്കാർക്ക് അസാധ്യമാകുമോ?

ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ വ്യാപാരവുമായി ബന്ധപ്പെട്ട് പഠിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കഴിഞ്ഞ മാസം ഒരു വർക്കിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഡെറിവേറ്റീവ്സ് വിഭാഗത്തിൽ വലിയ തോതിൽ റീട്ടെയിൽ നിക്ഷേപകർ കബളിപ്പിക്കപ്പെടുന്നു അല്ലെങ്കിൽ അവർക്ക് വലിയതോതിൽ പണം നഷ്ടമാവുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സമിതിയെ നിശ്ചയിച്ചത്.

ഹെഡ്ജിങ്ങിന് ​വേണ്ടി രൂപം നൽകിയ ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ എന്ന ടൂൾ ഊഹക്കച്ചവടത്തിനും ചൂതാട്ടത്തിനുമാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത് എന്നത് ഒരു വസ്തുതയാണ്. 90 ശതമാനം സാധാരണക്കാർക്കും ഇതിൽ പണം നഷ്ടമാവുകയാണെന്ന് നേരത്തേ സെബിയുടെതന്നെ പഠന റിപ്പോർട്ടുണ്ടായിരുന്നു. എന്നാലും, പതിനായിരക്കണക്കിന് ആളുകൾ ഇതിലേക്ക് വീണ്ടും ആകർഷിക്കപ്പെടുന്നു. റിസർവ് ബാങ്ക് മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ ജി. പത്മനാഭന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമിതിയുടെ ശിപാർശ എന്ന രീതിയിൽ ഇപ്പോൾ പുറത്തുവന്ന രണ്ട് കാര്യങ്ങളിൽ ഒന്ന് ഡെറിവേറ്റീവ് കരാറുകളുടെ കുറഞ്ഞ ലോട്ട് സൈസ് 20-30 ലക്ഷം രൂപയായി ഉയർത്തുക എന്നതാണ്. ഇതിലൂടെ ചെറുകിട ഓഹരി വ്യാപാരികൾക്ക് ഡെറിവേറ്റീവുകൾ താങ്ങാനാവാത്തതാകും, അവർ വിട്ടുനിൽക്കാൻ നിർബന്ധിതരാകും എന്ന് കരുതുന്നു.

രണ്ടാമത്തേത് ഒരു സ്റ്റോക് എക്സ്ചേഞ്ചിൽ വീക്ക്‍ലി എക്സ്പയറി ഒന്ന് മതി എന്നതാണ്. ഇതിലൂടെ ട്രേഡിങ് അവസരം കുറയും. പെട്ടെന്നുള്ള ലാഭം പ്രതീക്ഷിച്ച് ലിവറേജ് എടുത്ത് ഓപ്ഷൻ വ്യാപാരം നടത്തി ലക്ഷങ്ങളുടെ ബാധ്യത വന്ന നിരവധി പേരുണ്ട്. ഈ പ്രവണതക്ക് തടയിടാനാണ് അധികൃതർ ശ്രമിക്കുന്നത്. റീട്ടെയിൽ വ്യാപാരികളെ ഡെറിവേറ്റീവ് സെഗ്മെന്റിൽനിന്ന് തടയുക, റിസ്ക് മാനേജ്മെന്റ് സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളാണ് സെബി പ്രഖ്യാപിച്ചിട്ടുള്ളത്. നിർദേശം നടപ്പായാൽ ട്രേഡിങ് അളവിനെ സാരമായി ബാധിക്കും. തൽക്കാലം ചില ബുദ്ധിമുട്ടുകൾ ​തോന്നുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ പരിഷ്കരണം വിപണിയെ ശക്തമാക്കും. പഠനഘട്ടത്തിലുള്ള ഈ നിർദേശങ്ങൾ നടപ്പാകാൻ ഇനിയും കടമ്പകൾ ഏറെയുണ്ട്. ജൂലൈ 15ന് സമിതി യോഗം ചേരും.

ബ്രോക്കർമാർ, ക്ലിയറിങ് ഹൗസ്, വിദഗ്ധർ തുടങ്ങിയവരുമായെല്ലാം കൂടിക്കാഴ്ച നടത്തും. പൊതുജനാഭിപ്രായവും തേടും. ശേഷം റിപ്പോർട്ട് തയാറാക്കി സെബിക്ക് സമർപ്പിക്കും. സെബി ബോർഡ് യോഗം ചേർന്നാണ് നടപ്പാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. റിസർവ് ബാങ്ക് ഗവർണർ, സെബി ചെയർപേഴ്സൺ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവരുടെ മേൽനോട്ടത്തിൽ കാപിറ്റൽ മാർക്കറ്റിലെ തെറ്റായ പ്രവണതകൾ തടയാൻ ആലോചന തുടങ്ങിയിട്ടുണ്ട്. കർശനമായ നടപടികൾ അൽപം വൈകിയാണെങ്കിലും പ്രതീക്ഷിക്കാം.

Tags:    
News Summary - Will futures and options become impossible for common people?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.