ആടിയുലഞ്ഞ സമ്പദ്​ വ്യവസ്​ഥ

ആടിയുലഞ്ഞ സമ്പദ്​ വ്യവസ്​ഥ

വൈറസും സമ്പദ്​ വ്യവസ്ഥയും

കോവിഡ് 19നെ തുടർന്ന് രൂപപ്പെട്ട പ്രതിസന്ധിയിൽ ഒട്ടുമിക്ക ലോകരാജ്യങ്ങൾക്കും അടിപതറി. ലോകത്തിലെ മുൻനിര ഒാഹരി വിപണികളെല്ലാം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിന് സാക്ഷ്യംവഹിച്ചു. മുൻനിര രാജ്യങ്ങൾ ഉൽപാദനം നിർത്തിവെച്ചത് ആഗോളവിപണിയെ പിടിച്ചുലച്ചു. പല കമ്പനികളുടെയും നിലനിൽപിന് ഭീഷണിയായി. ഇന്ത്യൻ ഒാഹരി വിപണിയും സമാനമായ തകർച്ച നേരിൽ കണ്ടു.

രാജ്യം മാന്ദ്യത്തിൽ

രാജ്യം മുെമ്പങ്ങുമില്ലാത്തവിധം സാമ്പത്തിക മാന്ദ്യത്തിലാണെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയുടെ പഠനറിപ്പോർട്ട് പുറത്തുവന്നു. ആർ.ബി.ഐ ധനനയ സമിതിയുടെ ചുമതലയുള്ള ഡെപ്യൂട്ടി ഗവർണർ മൈക്കേൽ ബട്രയുടെ നേതൃത്വത്തിൽ സാമ്പത്തിക വിദഗ്ധർ തയാറാക്കി പുറത്തിറക്കിയ 'നൗകാസ്​റ്റ്​' ബുള്ളറ്റിനിലാണ് ഗുരുതര സ്ഥിതിയുടെ വെളിപ്പെടുത്തൽ. സാമ്പത്തിക വർഷത്തിെൻറ രണ്ടാംപാദത്തിലും തുടർച്ചയായുണ്ടായ നെഗറ്റിവ് വളർച്ചയാണ് മാന്ദ്യത്തിന് കാരണം. സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ രാജ്യത്തിെൻറ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 8.6 ശതമാനം ഇടിഞ്ഞു. ഏപ്രിൽ-ജൂൺ കാലയളവിൽ ഇത് 24 ശതമാനമാണ് കൂപ്പുകുത്തിയത്.


ആഗോള വിപണിയിൽ എണ്ണവില താഴേക്ക്, ഇന്ത്യയിൽ മുകളിലേക്കും

കോവിഡ് സൃഷ്​ടിച്ച പ്രതിസന്ധികളിൽ ഒന്നായിരുന്നു ആഗോള എണ്ണവിലയുടെ ഇടിവും. ലോകത്തെ പ്രധാന നഗരങ്ങളെല്ലാം കോവിഡ് ഭീതിയിൽ അടച്ചിട്ടതോടെയായിരുന്നു ഇത്. എണ്ണ ഉപഭോഗം കുറഞ്ഞതോടെ ഏപ്രിൽ-മേയ് മാസങ്ങളിൽ സംഭരണ കേന്ദ്രങ്ങളെല്ലാം നിറഞ്ഞുകവിഞ്ഞിരുന്നു. ഏപ്രിലിൽ ആദ്യമായി യു.എസിൽ ക്രൂഡ് ഒായിൽനിരക്ക് പൂജ്യം ഡോളറിന് താഴേക്ക് പോയി. എന്നാൽ ഇന്ത്യയിൽ ഇന്ധനവില കുത്തനെ ഉയർത്തുകയായിരുന്നു എണ്ണക്കമ്പനികൾ ചെയ്തത്. ഇത് പ്രതിഷേധങ്ങൾക്കും ഇടയാക്കി.

പൊതുമേഖല ബാങ്കുകൾ ഇനി 12 മാത്രം

2019 ആഗസ്​റ്റിൽ 10 പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് നാലു ബാങ്കുകളാക്കാൻ തീരുമാനിക്കുകയും 2020 ഏപ്രിൽ ഒന്നിന് അത് നിലവിൽ വരുകയും ചെയ്തു. ഇതോടെ, 2020-21 സാമ്പത്തിക വർഷം മുതൽ രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ എണ്ണം 12 ആയി. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ലയനം ധനമന്ത്രി നിർമല സീതാരാമനാണ് പ്രഖ്യാപിച്ചത്.

2021 ഏപ്രിൽ ഒന്നിന് ലയിച്ച ബാങ്കുകൾ 

അലഹബാദ് + ഇന്ത്യൻ ബാങ്ക് = ഇന്ത്യൻ ബാങ്ക്

യുനൈറ്റഡ് ബാങ്ക് ഒാഫ് ഇന്ത്യ+ ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേഴ്സ് + പഞ്ചാബ് നാഷനൽ ബാങ്ക് = പഞ്ചാബ് നാഷനൽ ബാങ്ക്

സിൻഡിക്കേറ്റ് ബാങ്ക് + കനറാ ബാങ്ക് = കനറാ ബാങ്ക്

കോർപറേഷൻ ബാങ്ക് + ആന്ധ്ര ബാങ്ക് + യൂനിയൻ ബാങ്ക് ഒാഫ് ഇന്ത്യ =യൂനിയൻ ബാങ്ക് ഒാഫ് ഇന്ത്യ

12 പൊതുമേഖല ബാങ്കുകൾ 

സ്​റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഒാഫ് ബറോഡ, കനറാ ബാങ്ക്, യൂനിയൻ ബാങ്ക് ഒാഫ് ഇന്ത്യ, ബാങ്ക് ഒാഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ, ഇന്ത്യൻ ഒാവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഒാഫ് മഹാരാഷ്​ട്ര, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്.


ജി.ഡി.പിയിൽ റെക്കോഡ് ഇടിവ്

2020ലെ ആദ്യപാദത്തിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ഏപ്രിൽ -ജൂൺ ആദ്യ പാദത്തിൽ മുൻ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തി. നാഷനൽ സ്​റ്റാറ്റിസ്​റ്റിക്കൽ ഒാഫിസിേൻറതാണ് കണക്ക്. 1996 മുതൽ ഇന്ത്യ പാദവാർഷിക അവലോകന രീതി ആരംഭിച്ചതിനുശേഷം നേരിടുന്ന റെക്കോഡ് ഇടിവാണിത്. നിർമാണമേഖലയിൽ മാത്രം 50.3 ശതമാനമാണ് ഇടിവ്. വ്യാപാരത്തിൽ 47 ശതമാനവും.


കൈയെത്താ ദൂരത്തേക്ക് സ്വർണം

കോവിഡ് 19നെ തുടർന്ന് ലോകരാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടപ്പോൾ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം സ്വീകരിച്ചതോടെ സ്വർണത്തിന്‍റെ വില കുതിച്ചുയർന്നു. അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന വ്യാപാര യുദ്ധവും ഡോളറിെൻറ മൂല്യച്ഛ്യുതിയുമെല്ലാം സ്വർണ വില ഉയരാൻ കാരണമായി. 

കിഫ്ബി വിവാദം

കിഫ്ബിയുടെ 2150 കോടിയുടെ മസാല ബോണ്ട് ഇടപാടുകൾ ഭരണഘടനാവിരുദ്ധമാണെന്ന കൺട്രോളർ ആൻഡ് ഒാഡിറ്റർ ജനറലിെൻറ (സി.എ.ജി) സംസ്ഥാനത്ത് കിഫ്ബി വിവാദത്തിന് തുടക്കമിട്ടത്. രാജ്യത്തിന് പുറത്തുനിന്ന് സംസ്ഥാനങ്ങൾ കടമെടുക്കരുതെന്ന ഭരണഘടന അനുച്ഛേദത്തിെൻറ ലംഘനമാണ് മസാല ബോണ്ട് വഴി കിഫ്ബി പണം സമാഹരിച്ചതെന്നും കടമെടുപ്പ് വഴി സർക്കാറിന് 3100 കോടി രൂപയുടെ ബാധ്യത വരുത്തിയെന്നും സി.എ.ജി പറയുന്നു.


ജിയോയിലേക്ക് നിക്ഷേപ പെരുമഴ

കോവിഡ് പ്രതിസന്ധിയിൽ മറ്റു കമ്പനികൾ വലയുേമ്പാൾ റിലയൻസ് ജിയോയിലേക്ക് നിക്ഷേപ പെരുമഴ ആയിരുന്നു. ആഗോള ഭീമൻമാരായ ഫേസ്ബുക്കാണ് 43,573.62 കോടിയുടെ നിക്ഷേപവുമായി ആദ്യമെത്തിയത്. ഏപ്രിൽ 22ന് ഫേസ്ബുക്ക് നിക്ഷേപം ജിയോയിൽ എത്തിയതോടെ മൂന്നുമാസത്തിനുള്ളിൽ നിരവധി ഭീമൻമാർ ജിയോയെ തേടിയെത്തി. സിൽവർ േലക്ക്, വിസ്റ്റ, ജനറൽ അറ്റ്ലാൻറിക്, കെ.കെ.ആർ, മുബാദല, ADIA, TPG, എൽ കാറ്റർടൺ, PIF, ഇൻറൽ കാപ്പിറ്റൽ, ക്വാൽേകാം തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ജൂൈല 15ന് ബഹുരാഷ്ട്ര കമ്പനിയായ ഗൂഗ്ളിെൻറയും നിക്ഷേപം ജിയോയിൽ എത്തി. 33,737 കോടി രൂപയുടേതാണ് നിക്ഷേപം. ഇതോടെ ജിയോ പ്ലാറ്റ്ഫോമിലെ വിദേശ നിക്ഷേപകരുടെ ഒാഹരി വിഹിതം 33 ശതമാനമായി. ഗൂഗ്ളും ഫേസ്ബുക്കും ഒരുമിച്ച് നിക്ഷേപിക്കുന്ന ആദ്യ കമ്പനിയാണ് ജിയോ.

ആത്മനിർഭർ ഭാരത്

കോവിഡ് 19നെ തുടർന്ന് രാജ്യത്ത് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി 2020 മേയ് 11ന് പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജാണ് ആത്മനിർഭർ ഭാരത്. ആത്മനിർഭർ പാക്കേജിെൻറ വിശദാംശങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ തുടർന്നുള്ള അഞ്ചുദിവസങ്ങളിലായി വിശദീകരിച്ചു. ധനമന്ത്രിയും പ്രധാനമന്ത്രിയും അവകാശപ്പെട്ട 20 ലക്ഷം കോടിയുടെ പാക്കേജിൽ പലതും മുൻ പ്രഖ്യാപനങ്ങളാണെന്നും കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ ഉപകരിക്കുന്നതല്ലെന്നുമായിരുന്നു പ്രതിപക്ഷത്തിെൻറയും സാമ്പത്തിക ശാസ്ത്രജ്ഞരുടെയും വിമർശനം.

ആത്മനിർഭർ പാക്കേജിെൻറ തുടർച്ചയായി നവംബറിൽ 2.65 കോടിയുടെ പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പുതിയ നിർവചനം

ധനമന്ത്രിയുടെ ആത്മനിർഭർ ഭാരത് പ്രഖ്യാപനത്തിൽ സൂക്ഷ്മ, ഇടത്തരം, ചെറുകിട (എം.എസ്.എം.ഇ) സംരംഭങ്ങളുടെ നിർവചനത്തിൽ മാറ്റംവരുത്തി. നിക്ഷേപം മാത്രം നോക്കി സംരംഭത്തെ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കുന്ന രീതിയിലാണ് മാറ്റം.

ഒരു കോടി വരെ നിക്ഷേപവും അഞ്ചു കോടിയിൽ താഴെ വിറ്റുവരവും ഉള്ളവ -മൈക്രോ സംരംഭം

പത്തു കോടി വരെ നിക്ഷേപവും 50 കോടി വരെ വിറ്റുവരവും ഉള്ളവ -ചെറുകിട സംരംഭം

20 കോടിയിൽ താഴെ നിക്ഷേപവും 100 കോടിയിൽ താഴെ വിറ്റുവരവും ഉള്ളവ -ഇടത്തരം സംരംഭം


എൽ.ഐ.സിയും വിൽപനക്ക്

എൽ.ഐ.സിയുടെയും ഐ.ഡി.ബി.ഐയുടെയും ഒാഹരികൾ വിൽക്കാൻ ബജറ്റിൽ നിർദേശം. വിവിധ പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരിവിൽപനയിലൂടെ 2.10 ലക്ഷം കോടി സമാഹരിക്കാനാണ് ലക്ഷ്യം. ബി.പി.സി.എൽ, ഷിപ്പിങ് കോർപറേഷൻ ഒാഫ് ഇന്ത്യ എന്നിവയുടെ ഒാഹരികൾ വിൽക്കാനും എയർ ഇന്ത്യ പൂർണമായും വിൽക്കാനും തീരുമാനിച്ചു.

മറ്റു വിവരങ്ങൾ

  • കാഴ്ച പരിമിതിയുള്ളവർക്ക് പുതിയ കറൻസി നോട്ടുകൾ തിരിച്ചറിയാൻ സഹായിക്കുന്ന മൊബൈൽ എയ്ഡഡ് നോട്ട് ഐഡൻറിഫയർ (MANI) ആപ് റിസർവ് ബാങ്ക് പുറത്തിറക്കി.
  • ടോൾപ്ലാസകളിൽ ജനുവരി 15 മുതൽ ഫാസ്ടാഗ് നിർബന്ധമാക്കി
  • നിരോധിച്ച പ്ലാസ്​റ്റിക് വസ്തുക്കൾ നിർമിക്കുകയോ വിൽക്കുകയോ ചെയ്താൽ ജനുവരി 15 മുതൽ പിഴ
  • രണ്ടാം മോദി സർക്കാറിെൻറ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് ലോക്സഭയിൽ അവതരിപ്പിച്ചു. ആദായ നികുതി ഘടനയിലെ മാറ്റവും പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിൽപനയുമായിരുന്നു ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ.
  • ഫെബ്രുവരി ഏഴിന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യവും നേരിടുന്നതിന് അധികബാധ്യത ഏൽപിച്ചായിരുന്നു ബജറ്റ്. കൂടാതെ 1500 കോടിയുടെ ചെലവ് ചുരുക്കൽ പദ്ധതിയും അവതരിപ്പിച്ചു.
  • പ്രതിശീർഷ കാർബൺ ബഹിർഗമനം, ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള ഒരു രാജ്യത്തെ കുട്ടികളുടെ കഴിവ് എന്നിവ ആധാരമാക്കിയുള്ള സുസ്ഥിര സൂചികയിൽ (Sustainable Index) ഇന്ത്യക്ക് 77ാം സ്ഥാനം.
  • കുട്ടികളുടെ അതിജീവനം അടിസ്ഥാനമാക്കിയുള്ള അഭിവൃദ്ധി സൂചികയിൽ ഇന്ത്യക്ക് 131ാം സ്ഥാനം.
  • ബിറ്റ്കോയിൻപോലുള്ള ക്രിപ്റ്റോ കറൻസികൾ നിയന്ത്രിച്ച റിസർവ് ബാങ്കിെൻറ 2018 ഏപ്രിൽ ആറിലെ സർക്കുലർ സുപ്രീംകോടതി റദ്ദാക്കി. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ക്രിപ്റ്റോ കറൻസികളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകാം.

  • ബാങ്കിങ് നിയന്ത്രണ നിയമം 45ാം വകുപ്പ് പ്രകാരം റിസർവ് ബാങ്ക് യെസ് ബാങ്കിന് മാർച്ച് അഞ്ചിന് മൊറ​േട്ടാറിയം ഏർപ്പെടുത്തി. മാർച്ച് എട്ടിന് യെസ് ബാങ്ക് സി.ഇ.ഒ ആയിരുന്ന റാണ കപൂറിനെ കള്ളപ്പണം വെളുപ്പിച്ച കേസിലും വായ്പകൾ നൽകിയതിനും അറസ്​റ്റ്​ ചെയ്തു.
  • ലോകാരോഗ്യ സംഘടനക്കുള്ള സാമ്പത്തിക സഹായം 60 മുതൽ 90 ദിവസം വരെ നിർത്തിവെക്കുന്നതായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങൾ ഡബ്ല്യു.എച്ച്.ഒ മറച്ചുവെക്കുകയും ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്​തെന്നാണ് ട്രംപിെൻറ ആരോപണം.
  • കോവിഡ് 19െൻറ പഞ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ മാർച്ച് 28ന് പ്രൈം മിനിസ്​റ്റേഴ്സ് സിറ്റിസൺ അസിസ്​റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി ഫണ്ട് (പി.എം കെയേഴ്സ് ഫണ്ട്) രൂപവത്കരിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിലവിൽ ഫണ്ടുള്ളതിനാൽ പുതിയ ദുരിതാശ്വാസ നിധി രൂപവത്​കരണം വിവാദമായിരുന്നു.
  • ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ) ഡയറക്ടർ ജനറൽ റോബർ​േട്ടാ അസിവേദോ രാജിവെച്ചു. 2021 സെപ്റ്റംബർ 21 വരെയായിരുന്നു അസിവേദോയുടെ കാലാവധി.
  • യു.എസിൽ ജോലിചെയ്യാൻ വിദഗ്ധ തൊഴിലാളികൾക്ക് നൽകുന്ന വിസകൾക്ക് ഡിസംബർ 31വരെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വിലക്ക് ഏർപ്പെടുത്തി. എച്ച് 1 ബി, എച്ച് 4, എച്ച് 2ബി, ജെ, എൽ വിസകൾക്കാണ് നിയന്ത്രണം.
  • വരുമാന നിലവാരത്തെ അടിസ്ഥാനമാക്കി രാജ്യങ്ങളെ തരംതിരിക്കുന്ന ലോകബാങ്കിെൻറ 2020-21ലെ റിപ്പോർട്ടിൽ ഇന്ത്യ ലോവർ മിഡിൽ ഇൻകം ഗ്രൂപ്പിൽ തന്നെ തുടരുന്നു.

      • തിരുവനന്തപുരം അന്താരാഷ്​ട്ര വിമാനത്താവളത്തിെൻറ നടത്തിപ്പ് 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് കൈമാറാൻ കേന്ദ്ര മന്ത്രിസഭ തീരുമാനം. തീരുമാനത്തിൽ സംസ്ഥാന സർക്കാർ എതിർപ്പ് അറിയിച്ചു.
      • കേന്ദ്ര സർക്കാർ ജോലികളിലേക്ക് പൊതു പ്രാഥമിക പരീക്ഷ നടത്തുന്നതിന് നാഷനൽ റിക്രൂട്ടിങ് ഏജൻസി രൂപവത്കരിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനം.
      • ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യക്ക് 105ാം സ്ഥാനം. മുൻ വർഷം 79 ആയിരുന്നു. സിംഗപ്പൂരിനും ഹോേങ്കാങ്ങിനുമാണ് ഒന്നും രണ്ടും സ്ഥാനം.
      • 107 രാജ്യങ്ങൾ ഉൾപ്പെട്ട ആഗോള പട്ടിണി സൂചികയിൽ ഇന്ത്യക്ക് 94ാം റാങ്ക്. ഗുരുതര വിഭാഗത്തിലാണ് ഇന്ത്യ. അയൽരാജ്യങ്ങളായ ബംഗ്ലാദേശ് (75), മ്യാന്മർ (78), പാകിസ്താൻ (88), നേപ്പാൾ (73), ശ്രീലങ്ക (64) എന്നിവ ഇന്ത്യക്ക് മുന്നിലെത്തി. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് പോഷകാഹാര കുറവ് ഏറ്റവും കൂടുതൽ.
      • ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ സോഷ്യൽ മൊബിലിറ്റി ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം 76. ആരോഗ്യം, വിദ്യാഭ്യാസം, സാേങ്കതിക വിദ്യ, തൊഴിൽ എന്നിവയുടെ അടിസ്ഥാനത്തിൽ ജനങ്ങളുടെ സാമൂഹിക ചലനത്തെ ആസ്പദമാക്കിയാണ് ഇൻഡക്സ്. 82 രാജ്യങ്ങൾ ഇൻഡക്സിൽ ഉൾപ്പെടുന്നു. ഡെന്മാർക്കിനാണ് ഒന്നാം സ്ഥാനം.
      • കള്ളപ്പണം വെളുപ്പിച്ച കേസിൽ ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ ചെയർപേഴ്സൻ ചന്ദ കൊച്ചാറിെൻറയും കുടുംബത്തിെൻറയും 78 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പിന്നീട് കള്ളപ്പണം വെളുപ്പിച്ച കേസിൽ ചന്ദ കൊച്ചാറിെൻറ ഭർത്താവ് ദീപക് കൊച്ചാറിനെ ഇ.ഡി അറസ്​റ്റ്​ ചെയ്തു. ചട്ടവിരുദ്ധമായി വിഡിയോകോൺ കമ്പനിക്ക് 3250 കോടിയുടെ ബാങ്ക് വായ്പ അനുവദിച്ചെന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.