ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ ആറാം മാസത്തിലും നഷ്ടത്തിൽ വ്യാപാരം തുടരുകയാണ്. നിഫ്റ്റി 26,277.35 എന്ന എക്കാലത്തെയും ഉയരത്തിൽനിന്ന് ഇടിഞ്ഞ് 22,552.50ത്തിൽ എത്തി. സെൻസെക്സ് റെക്കോഡ് നിലയായ 85,978.25ൽനിന്ന് 70,234.43 വരെ താഴുകയും പിന്നീട് കുറച്ച് ഉയർന്ന് 74,332.58ൽ എത്തിയിരിക്കുകയുമാണ്. സ്മാൾ കാപ് സൂചിക 57,827.69 എന്ന ഉയരത്തിൽനിന്ന് അഞ്ചര മാസം കൊണ്ട് 40,097.13ലേക്ക് പതിച്ചു. അവസാന മൂന്ന് ദിവസം തിരിച്ചുവരവ് നടത്തി 45,606.86ലാണ് ഇപ്പോൾ ഉള്ളത്.
പലരുടെയും പോർട്ട്ഫോളിയോ ഈ അനുപാതത്തേക്കാൾ അധികം ഇടിഞ്ഞു. 80 ശതമാനം വരെ നഷ്ടത്തിലായവരുണ്ട്. എന്ത് ചെയ്യണമെന്നോ എങ്ങോട്ടാണീ പോക്ക് എന്നോ ധാരണയില്ലാതെ ഇരുട്ടിലാണ് പല സാധാരണ നിക്ഷേപകരും. കോവിഡ് കാലത്തിന് ശേഷം ഓഹരി വിപണിയിലേക്ക് വന്നവർ ഇത്തരമൊരു ഘട്ടം മുമ്പ് കണ്ടിട്ടില്ല. എന്നാൽ, മനസ്സിലാക്കേണ്ടത് ഇതെല്ലാം നിക്ഷേപ യാത്രയുടെ ഭാഗമാണ് എന്നതാണ്. മുന്നോട്ടുമാത്രം കുതിക്കുക അസംഭവ്യമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ വ്യക്തിഗത നിക്ഷേപകയായ രേഖ ജുൻജുൻവാലയുടെ (രാകേഷ് ജുൻജുൻവാലയുടെ ഭാര്യ) പോർട്ട്ഫോളിയോ മൂല്യത്തിൽ 56.82 ശതമാനത്തിന്റെ ഇടിവുണ്ടായി. മുൻനിര വ്യക്തിഗത നിക്ഷേപകരുടെ നിക്ഷേപ മൂല്യത്തിലുണ്ടായ ഇടിവ് പട്ടികയായി ഇതോടൊപ്പം കൊടുക്കുന്നു (ഫെബ്രുവരി അവസാനത്തിലെ കണക്ക്). മിക്കവാറും മ്യൂച്വൽ ഫണ്ടുകളും നഷ്ടം നേരിടുന്നു. അവരൊന്നും നിരാശയിലല്ല. അവരുടെ പക്കലുള്ള ഓഹരിയുടെ അടിസ്ഥാനവും (ഫണ്ടമെന്റൽ), ബിസിനസ് മോഡലും ഭാവി സാധ്യതയും സംബന്ധിച്ച ഉറപ്പാണ് ആത്മവിശ്വാസത്തിന് കാരണം.
നിങ്ങളുടെ കൈയിലിരിക്കുന്ന ഓഹരി മികച്ചതാണെന്ന് ഉറപ്പുണ്ടെങ്കിൽ തീർച്ചയായും വിപണിയുടെ കഷ്ടകാലം കഴിഞ്ഞാൽ തിരിച്ചുവരുകതന്നെ ചെയ്യും. സമൂഹ മാധ്യമ പ്രചാരത്തിന്റെ മറവിൽ അമിതമായി മുന്നേറിയതും അതനുസരിച്ചുള്ള മൂല്യം ഇല്ലാത്തതുമായ ഓഹരികൾ കൈവശം വെച്ചിരിക്കുന്നവരേ ആശങ്കപ്പെടേണ്ടതുള്ളൂ. കഴിഞ്ഞ മൂന്ന് ദിവസത്തെ മുന്നേറ്റം കണ്ട് ഇടിവ് കാലം കഴിഞ്ഞുവെന്നും കരുതരുത്. ആകെ പണത്തിന്റെ 30 ശതമാനത്തിലധികം ഇപ്പോൾ ഓഹരിയിൽ നിക്ഷേപിക്കരുതെന്നും മികച്ച അവസരത്തിനായി കാത്തിരിക്കണമെന്നും പറയുന്ന വിദഗ്ധരുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഓഹരി നിക്ഷേപകനായ വാറൻ ബഫറ്റ് ഇത്തരത്തിൽ 27 ലക്ഷം കോടി പണമായി കൈവശം വെച്ച് കാത്തിരിക്കുകയാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അദ്ദേഹം കഴിഞ്ഞ ആഗസ്റ്റിലാണ് നല്ലൊരു ഭാഗം ഓഹരി വിറ്റൊഴിഞ്ഞതെന്ന് ഓർക്കുക. തൽക്കാലം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഒരാഴ്ചയെങ്കിലും നെറ്റ് ബയേഴ്സ് (വാങ്ങലുകാർ) ആവുന്നത് വരെയെങ്കിലും കാത്തിരിക്കുകയാകും ബുദ്ധി. അനിശ്ചിതത്വത്തിന്റെ കാർമേഘം അടങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.