കേരളത്തില്‍ ഇന്ന് ഏറ്റവുംവേഗത്തില്‍ വളരുന്ന വ്യവസായം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ; കുടിവെള്ള വ്യവസായം.
പ്രതിവര്‍ഷം 30 ശതമാനംവരെയാണ് കുടിവെള്ള വ്യവസായം വളര്‍ച്ച രേഖപ്പെടുത്തുന്നത്. അതനുസരിച്ച് കമ്പനികളുടെ എണ്ണവും പെരുകുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുപ്പതില്‍പരം കമ്പനികളാണ് കുടിവെള്ള വ്യവസായ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കമ്പനികളുടെ എണ്ണം 142 ആയി ഉയര്‍ന്നുകഴിഞ്ഞു.
ഈ വര്‍ഷം മാത്രം പുതുതായി രംഗത്തുവന്നത് ഏഴ് കമ്പനികള്‍. ചൂട് കൂടുതലുള്ള മാസങ്ങളില്‍ കേരളത്തില്‍ പ്രതിമാസം ശരാശരി 210 കോടി രൂപയുടെ കുപ്പിവെള്ളം വിറ്റഴിയുന്നുണ്ടെന്നാണ് കണക്ക്.
മുമ്പൊക്കെ വേനല്‍കാലത്തായിരുന്നു കുപ്പിവെള്ളത്തിന് ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നത്. എന്നാലിപ്പോള്‍ മഴക്കാലത്തും കുപ്പിവെള്ളത്തിന് ആവശ്യക്കാര്‍ ഏറെയാണ്. ഒന്ന്, രണ്ട് ലിറ്റര്‍ അളവിലുള്ള കുപ്പിവെള്ളമാണ് യാത്രക്കാര്‍ ഏറെയും ചോദിച്ചുവാങ്ങുന്നത്. ഈ വിഭാഗത്തില്‍പെട്ട കുടിവെള്ള വില്‍പനയില്‍ മുന്‍ വേനലിനെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ 25 ശതമാനത്തിന്‍െറ വര്‍ധനവുണ്ടായതായി എറണാകുളത്തെ ഡീലര്‍മാര്‍ പറയുന്നു.
ഏറ്റവുമധികം വളര്‍ച്ച രേഖപ്പെടുത്തിയത് 20 ലിറ്ററിന്‍െറ കുടിവെള്ള ജാറിന്‍െറ വില്‍പനയിലാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനംവരെയാണ് വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരുലിറ്റര്‍, രണ്ടുലിറ്റര്‍ കുടിവെള്ള കുപ്പിക്ക് ലിറ്ററിന് 18-20 രൂപ ഈടാക്കുമ്പോള്‍ 20 ലിറ്റര്‍ ജാറിന് ലിറ്ററിന് രണ്ട്-രണ്ടര രൂപയാണ് ഈടാക്കുന്നത്. ഒരു ജാര്‍ വെള്ളത്തിന് 50 രൂപയാണ് പല കമ്പനികളും വില നിശ്ചയിച്ചിരിക്കുന്നത്. ഓഫിസുകള്‍, വീടുകള്‍, കടകള്‍ തുടങ്ങിയവയാണ് ഇത്തരം കുടിവെള്ള ജാറുകളുടെ മുഖ്യ ഉപഭോക്താക്കള്‍. ഇങ്ങനെ പ്രതിമാസം മൂന്നുലക്ഷം ലിറ്റര്‍വെള്ളംവരെ വില്‍ക്കുന്ന കമ്പനികളുണ്ട്. ചൂട് കനത്തതോടെ, ആവശ്യത്തിന് അനുസരിച്ച് വെള്ളം വിതരണം ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് ഈ കമ്പനികളെ അലട്ടുന്ന പ്രശ്നം.
ചെറുകിട കമ്പനികള്‍ മാത്രമല്ല, ബഹുരാഷ്ട്ര ഭീമന്മാര്‍വരെ കുപ്പിവെള്ള ബിസിനസില്‍ സ്വന്തം ഓഹരിക്കായി മത്സരിക്കുന്നുണ്ട്. കുടിവെള്ളത്തിന് സര്‍ക്കാര്‍ ഉയര്‍ന്ന നികുതി ഈടാക്കുന്നു എന്നതാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പരാതി. 20 ശതമാനംവരെയാണത്രെ നികുതി ഈടാക്കുന്നത്. എന്നാല്‍, തമിഴ്നാട്ടില്‍ ഇത് പത്ത് ശതമാനംവരെയാണ്. ലൈസന്‍സെടുത്ത്, കൃത്യമായി നികുതിയടച്ച് ഈ രംഗത്ത് പ്രവധര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് പാരയായി മാറിയിരിക്കുന്നത് ലൈസന്‍സില്ലാത്ത കമ്പനികളാണ്. ഇത്തരം കമ്പനികളെ പിടികൂടുന്നതിന് സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ളെന്നാണ് അംഗീകൃത കമ്പനികളുടെ പരാതി.
അതേസമയം, സര്‍ക്കാര്‍ ആവശ്യത്തിന് ശുദ്ധജലം വിതരണം ചെയ്യാതെ ഇത്തരം കമ്പനികളെ സഹായിക്കുന്നതായി ഉപഭോക്താക്കളും പരാതിപ്പെടുന്നു.
ജലക്ഷാമത്തിനൊപ്പം, കാലഹരണപ്പെട്ട ജലവിതരണ കുഴലുകള്‍ വഴി ജലം പാഴാകുന്നതാണ് മുഖ്യപ്രശ്നമെന്ന് ജലവിതരണ അതോറിറ്റിയും വിലയിരുത്തുന്നു. സംസ്ഥാനത്ത് ആകെയുള്ളത് 1396 കുടിവെള്ള പദ്ധതികളാണ്. ഇവ വഴി പ്രതിദിനം 2257 ദശലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കുന്നുണ്ട്.
ഈ ജലം മുഴുവന്‍ വിതരണം ചെയ്യണമെന്നാണ് സങ്കല്‍പം. എന്നാല്‍, ഇതില്‍ മൂന്നിലൊന്ന് വെള്ളം പാഴാകുകയാണത്രെ. അതായത്, ശുദ്ധീകരിക്കുന്ന 2257 ദശലക്ഷം ലിറ്ററില്‍ 1651 ദശലക്ഷം ലിറ്റര്‍ മാത്രമാണ് ഉപഭോക്താക്കളില്‍ എത്തുന്നത്്.
വീടുകളിലും സ്ഥാപനങ്ങളിലും വെച്ചിരിക്കുന്ന വാട്ടര്‍ കണക്ഷന്‍ മീറ്ററുകളില്‍ കാണിക്കുന്ന കണക്കാണിത്. ബാക്കിയുള്ളതില്‍ ഒരു ഭാഗം അനധികൃത കണക്ഷനും മോഷണവും ആയിരിക്കാമെന്നും പൈപ്പിലുള്ള ചോര്‍ച്ച മൂലം നല്ളൊരളവ് ജലം പാഴാകുന്നുണ്ടെന്നും ജല അതോറിറ്റി സമ്മതിക്കുന്നു.
സംസ്ഥാനത്ത് ഗാര്‍ഹികം, ഗാര്‍ഹികേതരം, വ്യാവസായികം എന്നീ വിഭാഗങ്ങളിലായി ഏകദേശം 18,77,111 വാട്ടര്‍ കണക്ഷനുകളാണുള്ളത്. 2,70,000 പൊതുടാപ്പുകളുമുണ്ട്. ഒരു കിലോലിറ്റര്‍ ജലം ( 1000 ലിറ്റര്‍) ശുദ്ധീകരിക്കുന്നതിന് 12 രൂപയോളം ചെലവ് വരുന്നുണ്ട് എന്നാണ് കണക്ക്. ഏതായാലും ജലഅതോറിറ്റിയുടെ കുടിവെള്ളം പാഴാകുന്ന മുറക്ക് കുപ്പിവെള്ള വ്യവസായം തഴച്ചുവളരുമെന്നുറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.