തൃശൂർ: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ അടുത്തഘട്ടം ലയനം ഡിസംബറിനകം. വിജയ, ബാങ്ക് ഒാഫ് ബറോഡ, ദേന ബാങ്കുകളുടെ ലയനം പൂർത്തിയാവുന്നതിന് മുമ്പ് അടുത്ത ലയനവും പ്രഖ്യാപിക്കുമെന്നാണ് ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പൊതുമേഖല ബാങ്കുകളുടെ എണ്ണം അഞ്ചോ ആറോ ആയി കുറക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എൻ.ഡി.എ സർക്കാർ നീങ്ങുമെന്നാണ് സൂചന. ഇതിെൻറ ഭാഗമായി പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് എന്നിവ ഉൾപ്പെട്ട ലയനം ഒക്ടോബർ, നവംബർ മാസങ്ങളിൽ പ്രഖ്യാപിച്ചേക്കും.
പഞ്ചാബ് നാഷനൽ ബാങ്കിനെ മുൻനിർത്തി ആന്ധ്ര, െഎ.ഡി.ബി.െഎ ബാങ്കുകൾ ഉൾപ്പെടുത്തി ഒറ്റ ബാങ്കാക്കാൻ നീക്കമുണ്ട്. നേരത്തെ, പി.എൻ.ബിക്കൊപ്പം വിജയ ബാങ്കിനെ ഉൾപ്പെടുത്താൻ ആലോചിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ലയനത്തോടെ ഇതിൽ മാറ്റം വന്നു. കനറ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഒാഫ് മഹാരാഷ്ട്ര, ഇന്ത്യൻ ഒാവർസീസ് ബാങ്ക്, യൂനിയൻ ബാങ്ക് ഒാഫ് ഇന്ത്യ എന്നിവയാണ് മറ്റൊരു പട്ടികയിലുള്ളത്. ഇതിൽ ഇന്ത്യൻ ബാങ്ക് വിജയ ബാങ്കിനെപ്പോലെ കഴിഞ്ഞ വർഷം ലാഭമുണ്ടാക്കിയ പൊതുമേഖലാ ബാങ്കുകളിൽ ഒന്നാണ്. ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേഴ്സ്, സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ എന്നിവക്കൊപ്പം െഎ.ഡി.ബി.െഎ ചേർത്ത് ഒറ്റ ബാങ്കാക്കാനും ആലോചനയുണ്ട്.
അലഹാബാദ് ബാങ്ക്, സെൻട്രൽ ബാങ്ക്, കോർപറേഷൻ ബാങ്ക്, പഞ്ചാബ് ആൻഡ് സിൻഡ് എന്നിവയും ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേഴ്സ്, സിൻഡിക്കേറ്റ്, യൂക്കോ എന്നിവയുമാണ് മറ്റൊരു പട്ടികയിൽ. ഇതിൽ ചില ബാങ്കുകളെ പല ലയന പട്ടികകളിൽ പരിഗണിക്കുന്നുണ്ട്.
അതിനിടെ, ദേന ബാങ്കുമായുള്ള ലയനത്തിന് വിസമ്മതം പ്രകടിപ്പിച്ച ബാങ്ക് ഒാഫ് ബറോഡയെ അനുനയിപ്പിക്കാനാണ് വിജയ ബാങ്കിനെക്കൂട്ടി കഴിഞ്ഞ ദിവസത്തെ ലയന പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന വിവരം പുറത്തു വരുന്നുണ്ട്.
വിജയ-ദേന-ബാങ്ക് ഒാഫ് ബറോഡ ലയനം പ്രാവർത്തികമാകുന്നതോടെ ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റം, സ്ഥാനക്കയറ്റത്തിലും നിയമനങ്ങളിലും നിയന്ത്രണം, ലയന പ്രക്രിയ പൂർത്തിയാക്കാനെടുക്കുന്ന കാലതാമസത്തിനിടെ ഇടപാടുകാരുടെ കൊഴിഞ്ഞുപോക്ക്, ഇക്കാലയളവിൽ കിട്ടാക്കടം പിരിക്കുന്നതിൽ വരുന്ന ഇഴച്ചിൽ തുടങ്ങിയ പ്രതിബന്ധങ്ങൾ നേരിേട്ടക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.