കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ ഇന്ത്യയിൽ 40 ദിവസം പിന്നിട്ട് കഴിഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. എന്നാൽ, ഇത് മറികടക്കാനുള്ള ശക്തമായ നടപടി കേന്ദ്രസർക്കാറിലും നിന്ന് ഉണ്ടായിട്ടില്ല. ഇനിയെങ്കിലും കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പാക്കേജ് നടപ്പാക്കണമെന്നാണ് സാമ്പത്തിക രംഗത്ത് നിന്ന് ഉയരുന്ന പ്രധാന ആവശ്യം.
കോവിഡ് മൂലം വലിയ ദുരിതം അനുഭവിക്കുന്ന സെക്ടറുകൾക്കായി പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം വ്യവസായ സംഘടനകളും ട്രേഡ് യൂനിയനുകളും ഉയർത്തിയിട്ടുണ്ട്. ആർ.ബി.ഐയും കേന്ദ്രസർക്കാറും ചില ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണം കമ്പനികളിലും ജനങ്ങളിലും എത്തിക്കാനുള്ള പദ്ധതിയൊന്നും ഇതിൽ ഇടംപിടിച്ചിട്ടില്ല. മിക്ക കമ്പനികളും കടുത്ത പണപ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ഇനിയും ജനങ്ങളുടെ കൈവശം പണമെത്തിയില്ലെങ്കിൽ അവർ ചെലവ് വീണ്ടും ചുരുക്കുകയും അത് സമ്പദ്വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയും ചെയ്യും.
മെയ് മൂന്നിലെ കണക്കുകൾ പ്രകാരം 27.1 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കിലേക്ക് രാജ്യം എത്തിയെന്ന് ഈ കണക്കിൽ നിന്ന് വ്യക്തമാകും. ഇതിനൊപ്പം ജോലി തേടുന്ന ആർക്കും തൊഴിൽ ലഭിക്കാത്ത സാഹചര്യവുമുണ്ടാവും. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ജി.ഡി.പിയുടെ ഒരു ശതമാനമെങ്കിലും രക്ഷാപാക്കേജിനായി മാറ്റിവെക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇനിയും രക്ഷാപാക്കേജ് വന്നില്ലെങ്കിൽ സമാനതകളില്ലാത്ത പ്രതിസന്ധിയാവും ഇന്ത്യൻ സമ്പദ്വ്യവസ്ഥ അഭിമുഖീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.