തൃശൂർ: കാത്തലിക് സിറിയൻ ബാങ്കിെൻറ പേര് ‘സി.എസ്.ബി ബാങ്ക് ലിമിറ്റഡ്’എന്ന് മാറ്റിയ നടപടി പേരുമാറ്റത്തിൽ ഒതുങ്ങില്ലെന്ന് വ്യക്തമാവുന്നു. നഷ്ടവും യുക്തിസഹമായ ഏകീകരണവും പറഞ്ഞ് ശാഖകളുടെ എണ്ണം കുറച്ചു തുടങ്ങി. സ്റ്റാഫ് ഡിപാർട്ട്മെൻറ് ചെന്നൈയിലേക്ക് മാറ്റി. ക്രെഡിറ്റ് വിഭാഗം െചന്നൈയിലേക്കും അക്കൗണ്ട്സ്, ബോർഡ് ആൻഡ് ഷെയേഴ്സ് വിഭാഗങ്ങൾ മുംബൈയിലേക്കും മാറ്റാൻ നീക്കം നടക്കുന്നു. പകുതിയിലധികം ഓഹരിക്ക് വിദേശ പങ്കാളിത്തം അനുവദിക്കപ്പെട്ട രാജ്യത്തെ ആദ്യത്തെ ബാങ്കായ സി.എസ്.ബി വൈകാതെ കേരളം വിടുന്ന തരത്തിലാണ് കാര്യങ്ങൾ.
തൃശൂരിലെ ആസ്ഥാന ഓഫിസിൽ ഉൾപ്പെടെ കാത്തലിക് സിറിയൻ ബാങ്ക് എന്ന ബോർഡ് മാറ്റി ‘സി.എസ്.ബി ബാങ്ക് ലിമിറ്റഡ്’എന്നാക്കി. നഷ്ടം വരുത്തിയ 12 ശാഖകൾ പൂട്ടിയതായി എം.ഡി സി.വി.ആർ. രാജേന്ദ്രൻ പറഞ്ഞിട്ടുണ്ട്.
ഈമാസം എട്ടിന് സേവനത്തിൽ 32 മാസം പൂർത്തിയാക്കുകയും നാല് മാസത്തിൽ താഴെ മാത്രം സർവിസിൽ അവശേഷിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ തെൻറ കാലത്ത് വരുത്തിയ മാറ്റങ്ങളിൽ ഒന്നായാണ് സഹപ്രവർത്തകർക്ക് അയച്ച കുറിപ്പിൽ എം.ഡി ശാഖ പൂട്ടലും ഉൾപ്പെടുത്തിയിരിക്കുന്നത്.ആസ്ഥാനം സ്ഥിതി ചെയ്യുന്ന തൃശൂർ നഗരത്തിലെ ശാഖകൾ കുറച്ചു. രണ്ടും മൂന്നും ശാഖ നിർത്തി ഇടപാടുകാരെ പുതിയ ശാഖയിലേക്ക് മാറ്റുകയാണ്. ബാങ്കിന് സംസ്ഥാനത്ത് മുന്നൂറോളം ശാഖയുണ്ട്. അത് പകുതിയിൽ താഴെയാക്കാനാണ് നീക്കം.
നഷ്ടം കുറക്കലും സാമ്പത്തിക അച്ചടക്കവുമാണ് കാരണമായി പറയുന്നതെങ്കിലും ഉന്നത മാനേജ്മെൻറ് തസ്തികകളിൽ ധൂർത്താണെന്ന് സംഘടന വൃത്തങ്ങൾ ആരോപിക്കുന്നു. സുരക്ഷ ഭീഷണിയുടെ പേരുപറഞ്ഞ് എം.ഡി നാല് അംഗരക്ഷകരെ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.