തൃശൂർ: പൊതുമേഖല ബാങ്ക് ലയനത്തിെൻറ ഭാഗമായി ഗ്രാമീണ ബാങ്കുകളെ (റീജനൽ റൂറൽ ബാങ്ക്) ലയിപ്പിക്കുകയോ സംയോജിപ്പിക്കുകയോ ചെയ്യാനുള്ള കേന്ദ്ര നീക്കം കേരളത്തിന് തിരിച്ചടിയായേക്കും. കേരളത്തിൽ പൊതുമേഖലയിൽ അവശേഷിക്കുന്ന ബാങ്കായ കേരള ഗ്രാമീൺ ബാങ്കിനെ സ്പോൺസർ ബാങ്കായ കനറാ ബാങ്കിൽ ലയിപ്പിക്കാനാണ് നീക്കം. രാജ്യത്തെ ഗ്രാമീണ ബാങ്കുകളുടെ എണ്ണം കുറക്കാനുള്ള നടപടിയുടെ ഭാഗമാണ് കേന്ദ്ര സർക്കാർ നീക്കം.
2013ലാണ് നോർത്ത് മലബാർ, സൗത്ത് മലബാർ ഗ്രാമീൺ ബാങ്കുകളെ കേരള ഗ്രാമീൺ ബാങ്ക് എന്ന പേരിൽ ഒറ്റ ബാങ്കാക്കിയത്. 50 ശതമാനം കേന്ദ്ര സർക്കാറിനും 15 ശതമാനം സംസ്ഥാന സർക്കാറിനും 35 ശതമാനം സ്പോൺസർ ബാങ്കിനുമാണ് രാജ്യത്തെ 56 ഗ്രാമീണ ബാങ്കുകളിലെ പങ്കാളിത്തം. 2017 മാർച്ചിൽ 615 ശാഖകളും 15,075 കോടി രൂപ നിക്ഷേപവും 13,735 കോടി വായ്പയുമുള്ള കേരള ഗ്രാമീൺ ബാങ്ക് സംസ്ഥാനത്തെ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിലെ പ്രധാന ബാങ്കിങ് സാന്നിധ്യമാണ്. റിസർവ് ബാങ്ക്, നബാർഡ്, കനറാ ബാങ്ക്, കേരള സർക്കാർ എന്നിവയുടെ പ്രതിനിധികൾ കേരള ഗ്രാമീണ ബാങ്കിെൻറ ഡയറക്ടർ ബോർഡിലുണ്ട്.
ചെറുകിട കർഷകർ, കർഷക തൊഴിലാളികൾ, കരകൗശല തൊഴിലാളികൾ എന്നിവർക്ക് വായ്പയും മറ്റു സേവനങ്ങളും നൽകാൻ ലക്ഷ്യമിട്ടാണ് നാല് പതിറ്റാണ്ടു മുമ്പ് ഗ്രാമീണ ബാങ്കുകൾ രൂപവത്കരിച്ചത്. 2005ൽ 196 ഗ്രാമീണ ബാങ്കുണ്ടായിരുന്നത് 56 ആയി. ഇത് 36 ആക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവുമധികം ഗ്രാമീണ ബാങ്കുകളുള്ളത് ഉത്തർപ്രദേശിലാണ് -ഏഴ്. ആന്ധ്രയിൽ നാലും പഞ്ചാബ്, കർണാടക, മധ്യപ്രദേശ്, ബിഹാർ, ബംഗാൾ, ഗുജറാത്ത് എന്നിവിടങ്ങളിൽ മൂന്ന് വീതം ബാങ്കുകളുമുണ്ട്. മഹാരാഷ്ട്ര, തമിഴ്നാട്, ഒഡിഷ, ഝാർഖണ്ഡ്, രാജസ്ഥാൻ, അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ രണ്ടു വീതം ഗ്രാമീണ ബാങ്കുകളുണ്ട്. ഇവയുടെ ലയനവും സംയോജനവും സംബന്ധിച്ച് ധനമന്ത്രാലയം സംസ്ഥാന സർക്കാറുകളുമായി ചർച്ച തുടങ്ങിയതിനൊപ്പം സ്പോൺസർ ബാങ്കുകളും ലയന പദ്ധതി തയാറാക്കുന്നുണ്ട്.
കേരളത്തിൽ അവശേഷിക്കുന്ന ഏക പൊതുമേഖല ബാങ്കാണിത്. ഗ്രാമീണ ബാങ്കുകളെ അതത് സ്പോൺസർ ബാങ്കിൽ ലയിപ്പിക്കണമെന്ന് ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ നേരത്തെ നിലപാടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.