ദുബൈ: കോവിഡ് 19 മായി ബന്ധപ്പെട്ട് ദുബൈയിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസികൾക്ക്,ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് കമ്പനീസ് ഹൗസ് 'പേർഷ്യൻ പെട്ടി' സമ്മാനമായി നൽകുന്നു .
ഗൾഫിലെ ഇന്നത്തെ അവസ്ഥയിൽ മടങ്ങുന്ന പ്രവാസികൾക്ക് നാട്ടിലേക്ക് കൊണ്ടുവരാൻ ഒന്നും വാങ്ങാൻ പറ്റാത്ത അവസ്ഥയാണുള്ളത്.അതിനാലാണ് അവശ്യ വസ്തുക്കൾ അടങ്ങിയ 12 കിലോയുടെ പെട്ടി തെരഞ്ഞെടുക്കപ്പെട്ട അർഹരായവർക്ക് സമ്മാനമായി കമ്പനി നലകുന്നതെന്ന് എമിറേറ്റ്സ് കമ്പനീസ് ഹൗസ് സി.ഇ.ഒ ഇക്ബാൽ മാർക്കോണി പറഞ്ഞു.
ജോലിയും ഭാവിയും അനിശ്ചിതത്വത്തിൽ നില്ക്കുമ്പോൾ, അടിയന്തിര രക്ഷാ ദൗത്യ വിമാനത്തിൽ നാട്ടിലേക്ക് പോകേണ്ടി വരുന്ന പ്രവാസികൾക്ക് ഈ ഇരുണ്ട കാലത്ത് ചെറുതെങ്കിലും, ഗൾഫ് മലയാളിയുടെ പകിട്ടും പത്രാസും ഒട്ടും ചോരാത്ത ഒന്നാണ് ഈ പേർഷ്യൻ പെട്ടി.
പെർഫ്യൂം, ടോർച്ച്, ടാങ്ക് പൗഡർ, ബദാം ,പിസ്ത,നിഡോ, ബ്രൂട്ട് സ്പ്രേ,സ്നിക്കേഴ്സ്, ടൈഗർ ബാം, തുടങ്ങി 15 ലധികം സാധനങ്ങൾ പെട്ടിയിലുണ്ട്. ഒരു കാലത്ത് ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നല്കി കൈഅയഞ്ഞ് സഹായിച്ചവർ, അവരുടെ നെടുവീർപ്പും, നെരിപ്പോടും നിസ്സംഗതയോടെ നോക്കിനിലക്കാൻ കഴിയാതിരുന്ന നന്മ വറ്റാത്ത മനസ്സിനുടമ പ്രവാസി ബിസിനസുകാരൻ കോഴിക്കോട് സ്വദേശി ഇക്ബാൽ മാർക്കോണിയുടെ ആശയത്തിൽ വിരിഞ്ഞ ഈ സദുദ്യമം ഒട്ടേറെ പേർക്ക് ആശ്വാസമേകും.
മലയാളിയുടെ വിദേശ കുടിയേറ്റ ചരിത്രത്തിൽ സുപ്രധാന പങ്കുണ്ടായിരുന്നു ആദ്യ പേർഷ്യൻ ഗൾഫ് ഗൃഹാതുര ഓർമകൾ അയവിറക്കുന്ന പേർഷ്യൻ പെട്ടിക്ക്. അതു കൊണ്ടുതന്നെയാണ് ഈ സമ്മാനത്തിന് 'പേർഷ്യൻ പെട്ടി' എന്ന പേരിട്ടെതെന്ന് ഇക്ബാൽ മാർക്കോണി പറഞ്ഞു. ദുബൈ ഖിസൈസിലെ അൽ തവാർ സെന്ററിലാണ് എമിറേറ്റ്സ് കമ്പനീസ് ഹൗസ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.